അഹമ്മദാബാദ് : ഏകദിന ലോകകപ്പ് മത്സരത്തിന്‍റെ വ്യാജ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽപന നടത്തിയ നാലുപേർ പിടിയിൽ. ജയ്‌മിൻ പ്രജാപതി, ധ്രുമിൽ താക്കൂർ, രാജ്‌വീർ താക്കൂർ, കുഷ് മീണ എന്നിവരാണ് അഹമ്മദാബാദ് പൊലീസിന്‍റെ പിടിയിലായത്. ഒക്‌ടോബർ 14 ന് അഹമ്മദാബാദിലെ മൊട്ടേര, നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന്‍റെ 50 വ്യാജ ടിക്കറ്റുകൾ മൂന്ന് ലക്ഷം രൂപയ്‌ക്ക് വിറ്റ സംഭവത്തിലാണ് അറസ്റ്റ്. പിടിയിലായവരിൽ മൂന്ന് പേർ 18 വയസുകാരും നാലാമന് പ്രായം 21 ഉം ആണെന്ന് സിറ്റി ക്രൈംബ്രാഞ്ച് വ്യക്തമാക്കി (Fake Tickets Of India Pak Match).
മത്സരത്തിന്‍റെ ഒറിജിനൽ ടിക്കറ്റ് വാങ്ങിയ പ്രതികൾ ഫോട്ടോഷോപ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സ്‌കാൻ ചെയ്‌ത ശേഷം ഇരുന്നൂറോളം വ്യാജ ടിക്കറ്റുകൾ അച്ചടിക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. സാമൂഹിക മാധ്യമത്തിലെ ബന്ധം മുതലെടുത്താണ് യുവാക്കൾ ടിക്കറ്റുകൾ വിൽപന നടത്തിയത്. പ്രതികൾ വിൽപന നടത്തിയ 50 ടിക്കറ്റുകൾ അടക്കം 200 ടിക്കറ്റുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന്‍റെ ടിക്കറ്റുകൾക്ക് വിപണിയിൽ ഏറെ ആവശ്യക്കാരുണ്ടെന്നും ആരാധകർക്ക് ഉയർന്ന വിലയ്‌ക്ക് വിൽക്കാമെന്നും മനസിലാക്കിയ പ്രജാപതിയാണ് അച്ചടിച്ച് കരിഞ്ചന്തയിൽ വിൽപന നടത്താമെന്ന ആശയം മുന്നോട്ടുവച്ചത്. തന്‍റെ പദ്ധതി നടപ്പിലാക്കുന്നതിനായി സുഹൃത്തുക്കളായ രാജ്‌വീറിനെയും ധ്രുമിലിനെയും കൂടെക്കൂട്ടുകയായിരുന്നു. പിന്നീട് ടിക്കറ്റുകൾ അച്ചടിക്കുന്നതിനായി ബൊഡക്‌ദേവ് ഏരിയയിലെ പ്രിന്‍റിങ് ഷോപ്പ് ഉടമയായ കുഷ് മീണയെ സമീപിച്ചു.
പദ്ധതി നടപ്പിലാക്കുന്നതിന് ഒറിജിനൽ ടിക്കറ്റ് വേണമെന്ന് മീണ അറിയിച്ചു. ഇതോടെ ധ്രുമിലാണ് യഥാർഥ ടിക്കറ്റ് വാങ്ങി നൽകിയത്. തുടർന്ന് ടിക്കറ്റ് സ്‌കാൻ ചെയ്‌ത ശേഷം ഫോട്ടോഷോപ്പിന്‍റെ സഹായത്തോടെ വ്യാജ ഡിജിറ്റൽ പകർപ്പുകൾ തയ്യാറാക്കുകയായിരുന്നു. തുടർന്ന് പുതിയ കളർ പ്രിന്‍റർ വാങ്ങിയ പ്രതി യഥാർഥ ടിക്കറ്റുകളെ വെല്ലുന്ന തരത്തിലുള്ള ഇരുന്നൂറോളം ടിക്കറ്റുകൾ അച്ചടിക്കുകയായിരുന്നു. എന്നാൽ ടിക്കറ്റിന് ആവശ്യക്കാർ വർധിച്ചതോടെ കൂടുതൽ ടിക്കറ്റുകൾ പ്രിന്‍റ് ചെയ്‌ത പ്രതികൾ ഒരു ടിക്കറ്റിന് 2,000 രൂപ മുതൽ 20,000 രൂപ വരെ വിലയ്ക്ക് കരിഞ്ചന്തയിൽ വിൽപന നടത്തുകയായിരുന്നുവെന്നാണ് അഹമ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ചൈതന്യ മാൻഡ്‌ലിക് പറഞ്ഞു.
നിയമവിരുദ്ധമായി വ്യാജ ടിക്കറ്റുകൾ അച്ചടിക്കുന്നതും വിൽപന നടത്തുന്നതുമായി ബന്ധപ്പെട്ട രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് മീണയുടെ കടയിൽ പൊലീസ് റെയ്‌ഡ് നടത്തിയിരുന്നു. ഇന്നലെ നടത്തിയ പരിശോധനയിൽ ടിക്കറ്റുകൾ, പ്രിന്‍റർ, കമ്പ്യൂട്ടർ, മൊബൈൽ ഫോണുകൾ, ഉപയോഗശൂന്യമായ പ്രിന്‍റ് ഔട്ടുകൾ എന്നിവ പിടികൂടിയിരുന്നു. ഈ സമയത്താണ് പ്രതികളെയും അറസ്റ്റ് ചെയ്‌തത്. മൂന്ന് ലക്ഷം രൂപയ്‌ക്ക് വിൽപന നടത്തിയ 50 ടിക്കറ്റുകളും കണ്ടെടുത്തു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നാല് പ്രതികൾക്കെതിരെയും കേസെടുത്തിരിക്കുന്നതെന്നും പൊലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു.