#1 വരുൺ ചക്രവർത്തി (കിങ്സ് ഇലവൻ പഞ്ചാബ്)
ഈ വർഷത്തെ ഐപിഎല്‍ ലേലത്തില്‍ ഏവരുടെയും ശ്രദ്ധ ആകർഷിച്ച താരമാണ് തമിഴ്നാടിന്‍റെ വരുൺ ചക്രവർത്തി. 8.4 കോടി രൂപയ്ക്കാണ് വരുണിനെ പഞ്ചാബ് സ്വന്തമാക്കിയത്. ക്രിക്കറ്റ് ആരാധകർ അമ്പരപ്പോടെയാണ് പഞ്ചാബിന്‍റെ ഈ നീക്കത്തെ കണ്ടത്. എന്നാല്‍ വരുൺ ഒരു സാധാരണ സ്പിന്നർ അല്ല. 'നിഗൂഡ സ്പിന്നർ' എന്നാണ് വരുണിനെ എല്ലാവരും വിശേഷിപ്പിക്കുന്നത്.
തമിഴ്നാട് പ്രീമിയർ ലീഗിലൂടെയാണ് വരുൺ ഉയർന്നുവന്നത്. ഏഴ് രീതിയില്‍ പന്തെറിയാൻ കഴിയുന്ന സ്പിന്നറാണ് വരുൺ ചക്രവർത്തി. ടിപിഎല്ലില്‍ പത്ത് മത്സരങ്ങളില്‍ നിന്ന് 4.70 റൺസ് ശരാശരിയില്‍ ഒമ്പത് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. വിവിധ രീതിയില്‍ പന്തെറിയുന്നത് തന്നെയാണ് വരുണിനെ വ്യത്യസ്തനാക്കുന്നത്. ഓഫ്ബ്രേക്ക്, ലെഗ്ബ്രേക്ക്, ഗൂഗ്ലീ, കാരം ബോൾ, ഫ്ലിപ്പർ, ടോപ് സ്പിൻ അങ്ങനെ പലതും വരുണിന്‍റെ ഒരോവറില്‍ നിന്ന് പ്രതീക്ഷിക്കാം.
ചെന്നൈ സൂപ്പർ കിങ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളുടെ ബാറ്റ്സ്മാൻമാർക്ക് നെറ്റ്സില്‍ പന്തെറിയാൻ വരുണിനെ കൂടെക്കൂട്ടിയിരുന്നു. എന്തായാലും ഐപിഎല്ലിലെ ഈ വിലയേറിയ താരത്തിന്‍റെ പ്രകടനത്തിനായി ആരാധകർ കാത്തിരിക്കുമെന്നത് ഉറപ്പാണ്.
#2 ആഷ്ടൺ ടേർണർ (രാജസ്ഥാൻ റോയല്‍സ്)
വെറും 50 ലക്ഷം രൂപയ്ക്ക് രാജസ്ഥാൻ റോയല്‍സ് സ്വന്തമാക്കിയ താരമാണ് ഓസ്ട്രേലിയയുടെ ആഷ്ടൺ ടേർണർ. ബിഗ് ബാഷ് ലീഗില്‍ പെർത്ത് സ്കോർച്ചേർസിന് വേണ്ടി തകർപ്പൻ പ്രകടനമാണ് ടേർണർ കഴിഞ്ഞ സീസണില്‍ കാഴ്ചവച്ചത്. ആ ഫോം ഐപിഎല്ലില്‍ തുടരുകയാണേല്‍ ലോട്ടറിയടിക്കാൻ പോകുന്നത് രാജസ്ഥാനാണ്. രാജസ്ഥാന്‍റെ മധ്യനിര ശക്തമാക്കാൻ ടേർണറിന് കഴിഞ്ഞേക്കും. അതിനോടൊപ്പം ലോകകപ്പ് ടീമില്‍ ഇടം നേടിയില്ലെങ്കില്‍ ഐപിഎല്ലിന്‍റെ അവസാനം വരെ താരം ലഭ്യമാകുകയും ചെയ്യും. വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ രാജസ്ഥാന് ഒരു മികച്ച ഓൾ റൗണ്ടറിനെ കൂടി ലഭിച്ചേക്കും.
#3 ക്വിന്‍റൺ ഡി കോക്ക് (മുംബൈ ഇന്ത്യൻസ് )
2.8 കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ നിന്നാണ് ക്വിന്‍റൺ ഡി കോക്കിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്ന ഡി കോക്കിന് എന്നാല്‍ ഐപിഎല്ലില്‍ വേണ്ട രീതയില്‍ തിളങ്ങാനായില്ല. 2013ല്‍ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടിയാണ് ഡി കോക്ക് ഐപിഎല്ലില്‍ അരങ്ങേറിയത്. എന്നാല്‍ മൂന്ന് മത്സരങ്ങൾ മാത്രം കളിക്കാൻ അവസരം ലഭിച്ച താരത്തിന് തന്‍റെ കഴിവുകൾ പുറത്തെടുക്കാൻ കഴിഞ്ഞില്ല. 2014ല്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍(ഡല്‍ഹി ഡെയർഡെവിൾസ്) എത്തിയെങ്കിലും ആ വർഷം മികച്ച പ്രകടനം പുറത്തെടുക്കുന്നതില്‍ ഡി കോക്ക് പരാജയപ്പെട്ടു. എന്നാല്‍ 2016 സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറിയടക്കം 445 റൺസാണ് ഡി കോക്ക് നേടിയത്.
മാർക്ക് ബൗച്ചറിന് ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ച ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് ഡി കോക്ക്. ടി-20 സ്പെഷ്യലിസ്റ്റായ താരത്തിനെ മുംബൈ വേണ്ടവിധത്തില്‍ ഉപയോഗിച്ചാല്‍ മികച്ച ഒരു ഓപ്പണറിനെയും വിക്കറ്റ് കീപ്പറിനെയും അവർക്ക് ലഭിക്കും.
#4 ഷിമ്രോൺ ഹെറ്റ്മെയർ (റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ)
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ മിന്നുന്ന ഫോമില്‍ കളിച്ച് എല്ലാവരുടെയും ശ്രദ്ധപിടിച്ചു പറ്റിയ യുവതാരമാണ് വെസ്റ്റ് ഇൻഡീസിന്‍റെ ഷിമ്രോൺ ഹെറ്റ്മെയർ. ആദ്യ ഏകദിനത്തില്‍ തന്നെ 78 പന്തില്‍ നിന്ന് 106 റൺസെടുത്ത് ഇന്ത്യൻ ടീമിനെയും ആരാധകരെയും ഹെറ്റ്മെയർ ഞെട്ടിച്ചിരുന്നു. രണ്ടാം ഏകദിനത്തിലും താരം ഫോം തുടർന്നതോടെ ക്രിസ് ഗെയിലിന്‍റെ പിൻഗാമി എന്ന വിശേഷണവും ഹെറ്റ്മയറിന് ലഭിച്ചു. 4.2 കോടി രൂപയ്ക്കാണ് താരത്തിനെ റോയല്‍ ചലഞ്ചേഴ്സ് സ്വന്തമാക്കിയത്. ആക്രമിച്ച് കളിക്കേണ്ടത് ടി-20ല്‍ അനിവാര്യമായതുകൊണ്ട് ഐപിഎല്ലില്‍ താരത്തിന് മികച്ച രീതിയില്‍ തിളങ്ങാനാകും.
വിരാട് കോലി, എ.ബി ഡിവില്ലിയേഴ്സ് എന്നിവർ നയിക്കുന്ന ബാംഗ്ലൂരിന്‍റെ ബാറ്റിങ് നിരയിലേക്ക് കരുത്തനായ ഹെറ്റ്മെയർ കൂടി എത്തിയാല്‍ കന്നി കിരീടം എന്ന ലക്ഷ്യം ബാംഗ്ലൂർ മറികടന്നേക്കും.
#5 ജോണി ബെയർസ്റ്റോ (സൺറൈസേഴ്സ് ഹൈദരാബാദ്)
കഴിഞ്ഞ വർഷം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റൺസ് നേടിയ ബാറ്റ്സ്മാൻമാരില്‍ ഒരാളാണ് ഇംഗ്ലണ്ടിന്‍റെ ജോണി ബെയർസ്റ്റോ. 22 ഏകദിനങ്ങളില്‍ നിന്ന് 1025 റൺസാണ് 2018ല്‍ താരം നേടിയത്. 2011ല്‍ ഇംഗ്ലണ്ടിന് വേണ്ടി അരങ്ങേറിയെങ്കിലും ഐപിഎല്ലില്‍ തന്‍റെ കന്നി സീസണിന് വേണ്ടി തയാറെടുക്കുകയാണ് ബെയർസ്റ്റോ.
പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം ഡേവിഡ് വാർണർ ടീമിലേക്ക് എത്തുന്നതോടെ വാർണർ - ബെയർസ്റ്റോ ഓപ്പണിങ് കൂട്ടുക്കെട്ട് ഹൈദരാബാദിന് ഗുണം ചെയ്യും. നിലവിലെ ഫോമും കരുത്തേറിയ ബാറ്റിങും ബെയർസ്റ്റോയെ ഐപിഎല്‍ 2019 സീസണിലെ ഏറ്റവും വലിയ താരമാക്കി മാറ്റിയേക്കും.