മുംബൈ: ഏകദിന ലോകകപ്പിൽ ഇന്ന് വമ്പൻമാരുടെ പോരാട്ടം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ട് കരുത്തരായ ദക്ഷിണാഫ്രിക്കയെ നേരിടും (England vs South Africa Preview). വമ്പൻ അട്ടിമറികൾ നേരിട്ട ഇരുടീമുകൾക്കും ഇന്നത്തെ മത്സരം ഏറെ നിർണായകം. അഫ്‌ഗാന്‍റെ പോരാട്ടവീര്യത്തിന് മുന്നിൽ ഇംഗ്ലണ്ടിന് അടിതെറ്റിയപ്പോൾ കുഞ്ഞൻമാരായ നെതർലൻഡ്‌സാണ് ദക്ഷിണാഫ്രിക്കയെ വീഴ്‌ത്തിയത്.
നിലവിലെ ചാമ്പ്യൻമാർക്ക് മൂന്നോട്ടുള്ള കുതുപ്പ് അത്ര എളുപ്പമല്ല. കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടിലും പരാജയപ്പെട്ടതോടെ നാലാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇറങ്ങുമ്പോൾ ഏറെ സമ്മർദത്തിലാണ് ഇംഗ്ലണ്ട്. ഇനിയൊരു തോൽവി വഴങ്ങിയാൽ സെമി പ്രതീക്ഷയ്‌ക്ക് മങ്ങലേൽപ്പിക്കും.
ടൂർണമെന്‍റ് ഫേവറിറ്റുകളായെത്തിയ ഇംഗ്ലണ്ട് ആദ്യ മത്സരത്തിൽ ന്യുസിലൻഡിന് മുന്നിൽ ഒമ്പത് വിക്കറ്റിന് തകർന്നടിഞ്ഞു. രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി വിജയവഴിയിൽ തിരിച്ചെത്തി. എന്നാൽ അവസാന മത്സരത്തിൽ അഫ്‌ഗാനിസ്ഥാനോട് 69 റൺസിന്‍റെ അപ്രതീക്ഷിത തോൽവി വഴങ്ങുകയായിരുന്നു.
മറുവശത്ത് ആദ്യ രണ്ട് മത്സരങ്ങളിൽ ശ്രീലങ്ക, ഓസ്ട്രേലിയ ടീമുകളെ പരാജയപ്പെടുത്തിയ പ്രോട്ടീസ് നെതർലൻഡ്‌സിന് മുന്നിലാണ് വീണത്. ഓൾറൗണ്ടിങ് മികവിലാണ് ഓറഞ്ചുപട 38 റൺസിന്‍റെ അവിസ്‌മരണീയ ജയം നേടിയത്. പോയിന്‍റ് പട്ടികയിൽ ദക്ഷിണാഫ്രിക്ക മൂന്നാമതും ഇംഗ്ലണ്ട് ആറാമതുമാണ്.
മൂന്ന് മത്സരങ്ങളിൽ രണ്ട് സെഞ്ച്വറിയുമായി മികച്ച ഫോമിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്‍റണ്‍ ഡി കോക്കും എയ്‌ഡന്‍ മാര്‍ക്രവുമാണ് പ്രോട്ടീസ് ബാറ്റിങിലെ വജ്രായുധങ്ങള്‍. ഇവർക്കൊപ്പം ഡേവിഡ് മില്ലര്‍, ഹെൻറിച്ച് ക്ലാസന്‍ എന്നിവരുടെ മികവും ചേരുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ നിര കൂടുതൽ കരുത്താർജിക്കും. കഗിസോ റബാഡ നയിക്കുന്ന ബൗളിങ് നിരയിലും കാര്യമായ വെല്ലുവിളികളൊന്നും ദക്ഷിണാഫ്രിക്കയ്‌ക്കില്ല. പേസര്‍മാരും സ്‌പിന്നര്‍മാരും ഒരുപോലെ തന്നെ മികവ് തുടരുന്നുണ്ട്.
ഇംഗ്ലണ്ട് നിരയിൽ ഡേവിഡ് മലാന്‍, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ തുടങ്ങിയ ബാറ്റര്‍മാരെല്ലാം മികച്ച ഫോമിലാണ്. അഫ്‌ഗാനെതിരായ മത്സരത്തിലെ കൂട്ടത്തകർച്ചയിലും മികച്ച രീതിയിൽ ബാറ്റുവീശിയ യുവതാരം ഹാരി ബ്രൂക്കിന്‍റെ പ്രകടനവും ടീമിന് മുതൽക്കൂട്ടാകും. ഓൾറൗണ്ടർ ബെൻ സ്‌റ്റോക്‌സ് ഇംഗ്ലണ്ട് നിരയിൽ തിരിച്ചെത്തിയേക്കുമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.
ബൗളിങ്ങിലാണ് ഇംഗ്ലണ്ട് നേരിടുന്ന പ്രധാന വെല്ലുവിളി. പേസർമാരായ മാർക് വുഡ്, റീസ് ടോപ്ലി സ്‌പിന്നറായ ആദിൽ റഷീദ് എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തുന്നത്. ക്രിസ് വോക്‌സ്, സാം കറൺ എന്നിവരുടെ ഫോമാണ് ആശങ്ക. എട്ടിന് മുകളിൽ ഇകോണമിയിലാണ് സാം കറൺ ഈ ലോകകപ്പിൽ പന്തെറിയുന്നത്. വോക്‌സും സമാന രീതിയിലാണ് റൺസ് വഴങ്ങുന്നത്.
നേർക്കുനേർ പോരാട്ടം: ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും 69 തവണ മുഖാമുഖം വന്നിട്ടുണ്ട്. ദക്ഷിണാഫ്രിക്ക 33 ജയം നേടിയപ്പോൾ ഇംഗ്ലണ്ട് 30 എണ്ണത്തിലാണ് ജയം നേടിയത്. അവസാന അഞ്ച് മത്സരങ്ങളിൽ ഇരു ടീമുകളും രണ്ട് വീതം ജയം നേടിയപ്പോൾ ഒരു മത്സരം ഉപേക്ഷിച്ചു. ലോകകപ്പ് മത്സരങ്ങളിൽ ഏഴിൽ നാലെണ്ണം ജയിച്ച ഇംഗ്ലണ്ടിനാണ് മുൻതൂക്കം.
പിച്ച് റിപ്പോർട്ട്: വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന അവസാന 10 മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്‍റെ ശരാശരി 283 ആണ്. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് 70 ശതമാനം വിജയ സാധ്യതയാണുള്ളത്. അതുകൊണ്ടുതന്നെ ടോസ് നേടുന്ന നായകൻ ആദ്യം ഫീൽഡിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.
ഇംഗ്ലണ്ട് ഏകദിന ലോകകപ്പ് 2023 സ്‌ക്വാഡ് (Cricket World Cup 2023 England Squad): ഡേവിഡ് മലാൻ, ജോണി ബെയർസ്‌റ്റോ, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലര്‍ (ക്യാപ്‌റ്റന്‍/വിക്കറ്റ് കീപ്പര്‍), ബെൻ സ്‌റ്റോക്‌സ്, ലിയാം ലിവിങ്‌സ്‌റ്റണ്‍, മൊയീൻ അലി, സാം കറൻ, ഡേവിഡ് വില്ലി, ക്രിസ് വോക്‌സ്, ഗസ് അറ്റ്കിൻസൺ, റീസ് ടോപ്ലി, മാർക്ക് വുഡ്, ആദിൽ റഷീദ്.
ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 സ്ക്വാഡ് (Cricket World Cup 2023 South Africa Squad): ക്വിന്‍റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ടെംബ ബാവുമ (ക്യാപ്‌റ്റന്‍), റാസി വാന്‍ഡര്‍ ഡസന്‍, എയ്‌ഡന്‍ മാര്‍ക്രം, റീസ ഹെൻഡ്രിക്‌സ്, ഡേവിഡ് മില്ലർ, ഹെൻറിച്ച് ക്ലാസൻ, മാർക്കോ യാൻസെൻ, ജെറാൾഡ് കോയറ്റ്സീ, ആൻഡിലെ ഫെഹ്‌ലുക്‌വായോ, ലുങ്കി എൻഗിഡി, കാഗിസോ റബാഡ, കേശവ് മഹാരാജ്, തബ്രയിസ് ഷംസി, ലിസാദ് വില്യംസ്.