എഡ്‌ജ്‌ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര പിടിക്കാന്‍ ടീം ഇന്ത്യ ഇന്നിറങ്ങും. വൈകീട്ട് ഏഴ് മണിക്ക് എഡ്‌ജ്‌ബാസ്റ്റണിലാണ് മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ടി20 ആരംഭിക്കുക. ഒന്നാം ടി20യിലെ തകര്‍പ്പന്‍ ജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയുള്ളത്.
ആദ്യ മത്സരത്തില്‍ വിശ്രമം അനുവദിച്ച സീനിയര്‍ താരങ്ങള്‍ മടങ്ങിയെത്തുന്നതോടെ ടീം അടിമുടി മാറിയേക്കും. വിരാട് കോലി, റിഷഭ് പന്ത്, ജസ്‌പ്രീത് ബുംറ, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ എന്നിവരാണ് വൈറ്റ് ബോള്‍ ടീമിലേക്ക് മടങ്ങിയെത്തുന്നത്.
മിന്നുന്ന ഫോമിലുള്ള ദീപക് ഹൂഡയെ നിലനിർത്താൻ ഇന്ത്യ തീരുമാനിച്ചാൽ, ഇഷാന്‍ കിഷന് പകരം കോലി രോഹിത്തിനൊപ്പം ഓപ്പണറായി എത്തിയേക്കാം. സമീപ കാലത്ത് മികച്ച പ്രകടനം നടത്താനാവാത്ത കോലിയുടെ പ്രകടനം ആകാംക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
അക്‌സര്‍ പട്ടേലിന് പകരം രവീന്ദ്ര ജഡേജ പ്ലേയിങ് ഇലവനില്‍ എത്തിയേക്കും. പേസ് ബോളിങ് യൂണിറ്റില്‍ അര്‍ഷ്‌ദീപിന് പകരമാവും ബുംറ എത്തുക. അരങ്ങേറ്റ മത്സരത്തില്‍ തിളങ്ങിയെങ്കിലും രണ്ടും മൂന്നും ടി20 സ്ക്വാഡിന്‍റെ ഭാഗമല്ല അര്‍ഷ്‌ദീപ്.
റിഷഭ് പന്ത് തിരിച്ചെത്തുന്നതോടെ ദിനേശ് കാര്‍ത്തികിനെ ഇന്ത്യ പുറത്തിരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഉമ്രാന്‍ മാലിക്കും അവസരം കാത്തിരിക്കുന്നുണ്ട്. ശ്രേയസ് അയ്യറിന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്.
മറുവശത്ത് സതാംപ്‌ടണിലെ തോല്‍വിക്ക് ശക്തമായ മറുപടി നല്‍കാനാവും ജോസ് ബട്‌ലറും സംഘവും കാത്തിരിക്കുന്നത്. ബട്‌ലറോടൊപ്പം ലിയാം ലിവിങ്‌സ്റ്റണ്‍, ജേസൺ റോയ്, ഡേവിഡ് മലാന്‍, മോയിന്‍ അലി തുടങ്ങിയവര്‍ ചേരുന്ന പവർ പാക്ക്‌ഡ് ബാറ്റിങ് നിര ഉണര്‍ന്നാല്‍ ഇന്ത്യയ്‌ക്ക് വെല്ലുവിളിയാവും.
എഡ്‌ജ്‌ബാസ്റ്റണില്‍ ടി20യില്‍ നൂറ് ശതമാനം വിജയമെന്ന റെക്കോര്‍ഡിന്‍റെ ആത്മവിശ്വാസവും സംഘത്തിനുണ്ട്. 2014ല്‍ ഇതേ വേദിയില്‍ ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിച്ചിട്ടുണ്ട്. ടെസ്റ്റ് മത്സരത്തിനിടെ മഴ കളിച്ചിരുന്നുവെങ്കിലും ഇന്നത്തെ മത്സരത്തിന് മഴ ഭീഷണിയില്ല.