അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്‍റി-ട്വന്‍റിയിൽ 185 റൺസ് നേടി ഇന്ത്യ. അരങ്ങേറ്റ മത്സരം കളിക്കുന്ന സൂര്യകുമാർ യാദവിന്‍റെ അർധ സെഞ്ചുറി മികവിലാണ് ഇന്ത്യ അത്യാവശ്യം ഭേദപ്പെട്ട സ്‌കോർ നേടിയത്. ആദ്യ ഓവറിൽ 12 റൺസടിച്ച് രോഹിത് ശർമ തുടക്കം ഗംഭീരമാക്കിയെങ്കിലും അധികം ആയുസ് ഉണ്ടായിരുന്നില്ല ഹിറ്റ്മാന്‍റെ ഇന്നിംഗ്‌സിന്. ആർച്ചർ എറിഞ്ഞ നാലാം ഓവറിൽ 12 പന്തിൽ 12 റൺസ് നേടിയ രോഹിത് ആർച്ചറിന് തന്നെ ക്യാച്ച് നൽകിയാണ് കൂടാരം കേറിയത്.
രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ പന്ത് തന്നെ സിക്‌സ് അടിച്ചായിരുന്നു സൂര്യകുമാർ യാദവ് തുടങ്ങിയത്. അക്രമിച്ച് കളിച്ച യാദവ് 31 പന്തുകളിൽ നിന്ന് 57 റൺസ് നേടിയാണ് പുറത്തായത്. 18 പന്തിൽ നിന്ന് 37 റൺസ് നേടിയ ശ്രേയസ് അയ്യരും 23 പന്തിൽ നിന്ന് 30 റൺസ് നേടിയ റിഷബ് പന്തും ഇന്ത്യൻ സ്‌കോർ ഭേദപ്പെട്ട നിലയിൽ എത്തിക്കാൻ നിർണായക പങ്ക് വഹിച്ചു. ഇംഗ്ലണ്ട് പേസ് ബോളർ ജൊഫ്ര ആർച്ചർ നാല് വിക്കറ്റ് നേടി.