എഡ്‌ജ്ബാസ്റ്റൺ : ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിലെ തകർപ്പൻ ജയത്തോടെ ചരിത്ര പുസ്‌തകത്തിൽ ഇടം നേടി ഇംഗ്ലണ്ട്. ഇന്ത്യയുടെ 378 റൺസ് പിന്തുടർന്ന ആതിഥേയർ വെറും മൂന്ന് വിക്കറ്റ് നഷ്‌ടത്തിലാണ് വിജയതീരമണഞ്ഞത്. നാലാം വിക്കറ്റില്‍ 269 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തിയ റൂട്ടിന്‍റെയും ബെയർസ്റ്റോയുടെയും കരുത്തിലാണ് ടീം അനായാസജയം നേടിയത്.
വിജയത്തോടെ അഞ്ച് മത്സര പരമ്പര 2-2ന് സമനിലയിലാക്കാന്‍ ഇംഗ്ലണ്ടിനായി. വെറുമൊരു വിജയത്തിനപ്പുറം പുതിയൊരു റെക്കോഡാണ് ഇംഗ്ലണ്ട് നേടിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് പിന്തുടർന്ന് നേടുന്ന ഏറ്റവും വലിയ വിജയമാണ് ഇന്ത്യയ്‌ക്കെതിരെ നേടിയത്.
378 റൺസ് പിന്തുടർന്ന് ജയിച്ച ഇംഗ്ലണ്ട് ഇതിനുമുൻപ് ഓസ്‌ട്രേലിയക്കെതിരെ നേടിയ റെക്കോഡാണ് തിരുത്തിക്കുറിച്ചത്. ഓസ്‌ട്രേലിയക്കെതിരെ 2019-ൽ ഇംഗ്ലണ്ട് 359 റൺസ് ചേസ് ചെയ്‌തിരുന്നു. ഇംഗ്ലണ്ടിലെ ലീഡ്‌സിൽ നടന്ന ടെസ്റ്റിൽ ഓസ്‌ട്രേലിയ ഉയർത്തിയ 359 റൺസ് വിജയലക്ഷ്യം ഒൻപത് വിക്കറ്റ് നഷ്‌ടത്തിലാണ് ഇംഗ്ലണ്ട് മറികടന്നത്.
അതോടൊപ്പം, എഡ്‌ജ്‌ബാസ്റ്റണിൽ ചെയ്‌സ് ചെയ്യുന്ന ഒരു ടീമിന്‍റെ ഏറ്റവും വലിയ വിജയം എന്ന റെക്കോഡും ഇംഗ്ലണ്ട് ഈ മത്സരത്തിലൂടെ സ്വന്തമാക്കി. 281 റൺസ് പിന്തുടർന്ന് വിജയിച്ച ദക്ഷിണാഫ്രിക്കയുടെ റെക്കോഡാണ് ഇംഗ്ലണ്ട് മറികടന്നത്. ഇന്ത്യയ്‌ക്കെതിരെ ഒരു ടീം ചെയ്‌സ് ചെയ്‌ത് നേടുന്ന ഏറ്റവും വലിയ വിജയം കൂടിയാണിത്.
ALSO READ: അപരാജിതരായി റൂട്ടും ബെയർസ്റ്റോയും; എഡ്‌ജ്‌ബാസ്റ്റണില്‍ ഇംഗ്ലീഷ് പരീക്ഷ തോറ്റ് ഇന്ത്യ
ലോകക്രിക്കറ്റിൽ ഉയർന്ന സ്‌കോർ പിന്തുടർന്ന് വിജയിച്ച ടീമുകളുടെ പട്ടികയിൽ ഇംഗ്ലണ്ട് ഈ വിജയത്തോടെ എട്ടാമതെത്തി. ഓസ്‌ട്രേലിയക്കെതിരെ 2003-ൽ 418 റൺസ് പിന്തുടർന്ന് ജയിച്ച വെസ്റ്റ് ഇൻഡീസാണ് പട്ടികയിൽ ഒന്നാമത്. വെസ്റ്റ് ഇൻഡീസിനെതിരെ 1976-ൽ 403 റൺസ് പിന്തുടർന്ന് ജയിച്ച ഇന്ത്യ പട്ടികയിൽ നാലാമതാണ്.