ഓവല്‍: ഏകദിനത്തില്‍ ഓപ്പണർമാരായി 5000 റണ്‍സ് കൂട്ടുകെട്ട് പിന്നിട്ട് രോഹിത് ശർമ്മയും ശിഖർ ധവാനും. ഓവലില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ നിര്‍ണായ നാഴികക്കല്ല് പിന്നിട്ടത്. മത്സരത്തില്‍ പുറത്താവാതെ നിന്ന ഇരുവരും 114 റണ്‍സാണ് അടിച്ചെടുത്തത്.
ഇതോടെ ഇരുവരും ചേര്‍ന്ന് 112 ഇന്നിങ്‌സുകളില്‍ നിന്നും അടിച്ചെടുത്തത് 5108 റണ്‍സായി. ഏകദിനത്തില്‍ 5000 റണ്‍സ് കൂട്ടുകെട്ട് പിന്നിടുന്ന നാലാമത്തെയും ഇന്ത്യയുടെ രണ്ടാമത്തേയും സഖ്യമാണ് രോഹിത്തും ധവാനും. ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെൻഡുല്‍ക്കറും സൗരവ് ഗാംഗുലിയുമാണ് പട്ടികയില്‍ ഒന്നാമത്.
ഓപ്പണര്‍മാരായി 6609 റണ്‍സാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. 5372 റണ്‍സ് നേടിയ ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ്-മാത്യൂ ഹെയ്ഡന്‍ സഖ്യവും, 5150 റണ്‍സ് നേടിയ വെസ്റ്റ്‌ഇന്‍ഡീസിന്‍റെ ഡെസ്മണ്ട് ഹെയ്ന്‍സ്-ഗോർഡന്‍ ഗ്രീനിഡ്‍സ് സഖ്യവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
രോഹിതും ധവാനും ചേര്‍ന്ന് ഇത് 18ാം തവണയാണ് 100 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തുന്നത്. ഇതോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി കൂട്ടുകെട്ടുകളുള്ള താരങ്ങളില്‍ മൂന്നാമതെത്താനും ഇരുവര്‍ക്കുമായി. രോഹിത്-കോലി സഖ്യവും നേരത്തെ 18 തവണ സെഞ്ച്വറി കൂട്ടുകെട്ട് നേടിയിട്ടുണ്ട്.
ഇതിഹാസ താരങ്ങളായ സച്ചിനും ഗാംഗുലിയും തന്നെയാണ് ഈ പട്ടികയിലും തലപ്പത്തുള്ളത്. 26 തവണയാണ് ഇരുവരും ചേര്‍ന്ന് 100 റണ്‍സില്‍ കൂടുതല്‍ നേടിയിട്ടുള്ളത്. ശ്രീലങ്കയുടെ തിലകരത്നെ ദില്‍ഷനും കുമാർ സംഗക്കാരയുമാണ് രണ്ടാമത്. 20 തവണയായണ് ഇരുവരും ചേര്‍ന്ന് 100 റണ്‍സ് പാര്‍ട്‌ണര്‍ഷിപ്പ് ഉയര്‍ത്തിയത്.
മത്സരത്തിൽ ഇന്ത്യ 10 വിക്കറ്റിന്‍റെ ആവേശ ജയം നേടിയിരുന്നു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 111 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 18.4 ഓവറില്‍ ലക്ഷ്യം മറികടന്നു. രോഹിത് ശര്‍മയും (58 പന്തില്‍ 76*) ശിഖര്‍ ധവാനുമാണ് ( 54 പന്തില്‍ 31*) പുറത്താവാതെ നിന്ന് ഇന്ത്യന്‍ ജയമുറപ്പിച്ചത്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് ഇന്ത്യൻ പേസ് ആക്രമണത്തിനു മുന്നിൽ തകർന്നടിയുകയായിരുന്നു. 25.2 ഓവറിൽ 110 റൺസിനാണ് ഇംഗ്ലീഷ് ബാറ്റർമാർ തിരിച്ച് കയറിയത്.
30 റൺസെടുത്ത ക്യാപ്റ്റൻ ജോസ് ബട്‍ലറാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. ഇന്ത്യയ്‌ക്കായി ജസ്‌പ്രീത് ബുംറ 7.2 ഓവറില്‍ 19 റണ്ണിന് ആറ് വിക്കറ്റുകള്‍ നേടി. 7 ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങിയ മുഹമ്മദ് ഷമി മൂന്നും വിക്കറ്റുകള്‍ സ്വന്തമാക്കി.
also read: Ind vs Eng| രോഹിത് ശര്‍മ 'ദ സിക്‌സ്‌മാന്‍'; ഏകദിനത്തില്‍ 250 സിക്‌സുകള്‍ തികച്ച ആദ്യ ഇന്ത്യന്‍ താരം