എഡ്‌ജ്‌ബാസ്റ്റണ്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള എഡ്‌ജ്‌ബാസ്റ്റണ്‍ ടെസ്റ്റില്‍ മഴ രസം കൊല്ലിയാവുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരത്തിന്‍റെ ആദ്യ രണ്ട് ദിനങ്ങളിൽ മഴയും കളിക്കാനിറങ്ങി. വൈകി തുടങ്ങിയ ആദ്യ ദിനം മഴ വീണ്ടും എത്തിയതോടെ ആദ്യ ദിനം നേരത്തെ ലഞ്ചിന് പിരിയാന്‍ നിർബന്ധിതരായപ്പോൾ, രണ്ടാം ദിവസവും നേരത്തെയുള്ള ലഞ്ചും ടീം ബ്രേക്കും എടുക്കേണ്ടി വന്നു.
ഇതോടെ നിര്‍ണായകമായ മൂന്നാം ദിനത്തിലും മഴ വെല്ലുവിളിയാവുമോ എന്നാണ് ആരാധകരുടെ ആശങ്ക. എന്നാല്‍ ആരാധകര്‍ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നതാണ് കാലാവസ്ഥ പ്രവചനം. മെറ്റ് ഓഫിസിന്‍റെ പ്രവചനമനുസരിച്ച്, ബെർമിങ്‌ഹാമിലെ ആദ്യ സെഷനിൽ മൂടി കെട്ടിയതും മേഘാവൃതവുമായ അന്തരീക്ഷമായിരിക്കും ഉണ്ടായിരിക്കുക.
അന്തരീക്ഷം 10 ശതമാനം മേഘാവൃതമായി തുടരുമെങ്കിലും മഴയ്‌ക്കുള്ള സാധ്യത കുറവാണ്. ഇതോടെ മൂന്നാം ദിവസം മുഴുവനായും മത്സരം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നിനാണ് മത്സരം പുനരാരംഭിക്കുക.
അതേസമയം മത്സരത്തില്‍ നിലവില്‍ ഇന്ത്യയ്‌ക്ക് മേല്‍ക്കൈയുണ്ട്. സന്ദര്‍ശകരുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 416 റണ്‍സ് പിന്തുടർന്ന് ഇറങ്ങിയ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 84 എന്ന നിലയിലാണ് രണ്ടാം ദിനം അവസാനിപ്പിച്ചത്. അഞ്ച് വിക്കറ്റ് ശേഷിക്കെ ഇന്ത്യയേക്കാള്‍ 332 റണ്‍സിന് പിറകിലാണ് ആതിഥേയർ.
അലക്‌സ് ലീസ്(6), സാക് ക്രൗളി(9), ഒലി പോപ്പ്(10), ജോ റൂട്ട് (31), ജാക്ക് ലീച്ച് (0) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്‌ടമായത്. ജോണി ബെയർസ്റ്റോ(12), ബെൻ സ്‌റ്റോക്‌സ് എന്നിവരാണ് ക്രീസിൽ. മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തിയ ക്യാപ്‌റ്റൻ ജസ്‌പ്രീത് ബുംറയും, ഓരോ വിക്കറ്റ് വീതം വീഴ്‌ത്തിയ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ ചേർന്നാണ് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയത്.
also read: 'റെക്കോഡ് തകർന്നതില്‍ വിഷമമുണ്ട്'; സ്റ്റുവർട്ട് ബ്രോഡിനെ ‘അഭിനന്ദിച്ച്’ റോബിൻ പീറ്റേഴ്‌സൺ