കറാച്ചി: ഇംഗ്ലണ്ടിനെതിരെ പുനഃക്രമീകരിച്ച ടെസ്റ്റ് ടീമില്‍ നിന്നും കൊവിഡ് സ്ഥിരീകരിച്ച ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ പുറത്തായിരുന്നു. ഇതോടെ ടീമിന്‍റെ നായക സ്ഥാനത്തേക്ക് കൂടുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേരുകളാണ് പേസര്‍ ജസ്‌പ്രീത് ബുംറ, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് എന്നിവരുടെത്. എന്നാല്‍ ഇന്ത്യൻ ക്യാപ്റ്റനാകാനുള്ള പക്വത റിഷഭ് പന്തിന് ഇല്ലെന്നാണ് പാകിസ്ഥാൻ മുൻ സ്‌പിന്നർ ഡാനിഷ് കനേരിയ പറയുന്നത്.
തന്‍റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു കനേരിയയുടെ പ്രതികരണം. 'ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ രോഹിത് ഇറങ്ങുന്നത് സംശയമാണ്. ക്യാപ്‌റ്റൻ ആകാനുള്ള പക്വത പന്തിനില്ല. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം', കനേരിയ പറഞ്ഞു.
ഇംഗ്ലണ്ടില്‍ രോഹിത്തിന് പകരം ഇന്ത്യയെ നയിക്കാന്‍ ഏറ്റവും മികച്ച ഓപ്‌ഷന്‍ മുന്‍ നായകന്‍ കൂടിയായ വിരാട് കോലിയാണെന്നും, ഇത് സംബന്ധിച്ച ചർച്ചകളില്‍ കോലിയുടെ പേര് പരാമർശിക്കപ്പെടാത്തതില്‍ അത്‌ഭുതമുണ്ടെന്നും കനേരിയ കൂട്ടിച്ചേര്‍ത്തു.
'നമ്മൾ ക്യാപ്‌റ്റൻസിയെ കുറിച്ച് സംസാരിക്കുമ്പോൾ, മൂന്ന്-നാല് പേരുകൾ ഉയർന്നുവരുന്നതില്‍ വിരാട് കോലിയുടെ പേരില്ല. കോലിയുടെ പേരില്ലാത്തതില്‍ ശരിക്കും ഞാൻ അത്‌ഭുതപ്പെട്ടു. പന്തിന്‍റെ പേരുണ്ട്, ജസ്‌പ്രീത് ബുംറയുടെയും പേരുണ്ട്. എഡ്‌ജ്‌ബാസ്റ്റണില്‍ അവർ നയിച്ചേക്കാം.
ചേതേശ്വര്‍ പൂജാര ഇത്രയും കാലം കളിക്കുന്നതിനാൽ, ടീമിലെ ഏറ്റവും സീനിയർ കളിക്കാരനാണ്. രോഹിത് ശർമ ഇല്ലെങ്കിൽ അദ്ദേഹത്തിന് ടീമിനെ നയിക്കാനാകും. നിങ്ങൾക്ക് ലഭിച്ച ഏറ്റവും മികച്ച ഓപ്‌ഷൻ വിരാട് കോലിയാണ്. നിങ്ങള്‍ക്ക് അദ്ദേഹത്തെ ക്യാപ്‌റ്റനാക്കാന്‍ കഴിയും. രവിചന്ദ്രൻ അശ്വിന്‍റെതാണ് ക്യാപ്‌റ്റന്‍ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്ന മറ്റൊരു പേര്', കനേരിയ പറഞ്ഞു.
പന്ത് ദയനീയം; കോലിയല്ലെങ്കില്‍ അശ്വിന്‍: ഈ മാസം ആദ്യം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടി20 പരമ്പരയില്‍ ഇന്ത്യയുടെ ക്യാപ്‌റ്റനെന്ന നിലയില്‍ പന്തിന്‍റെത് ദയനീയ പ്രകടനമായിരുന്നുവെന്നും കനേരിയ പറഞ്ഞു. ക്യാപ്‌റ്റനാവുമ്പോള്‍ സ്വന്തം പ്രകടനത്തില്‍ 24കാരനായ താരം പിന്നോട്ട് പോകുന്നതായും കനേരിയ നിരീക്ഷിച്ചു.
കോലി അല്ലെങ്കില്‍ രവിചന്ദ്രൻ അശ്വിൻ നല്ല തിരഞ്ഞെടുപ്പാകുമെന്നും കനേരിയ പറഞ്ഞു. ക്യാപ്‌റ്റന്‍സിയുടെ ഭാരം ബുംറയുടെ മേൽ പാടില്ലെന്നാണ് താൻ കരുതുന്നത്. ബുംറ തന്‍റെ ബൗളിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ബുംറയെയോ പന്തിനെയോ താൻ നായകസ്ഥാനത്ത് നിർത്തില്ലെന്നും കനേരിയ വ്യക്തമാക്കി.
also read: ഇന്ത്യയ്‌ക്കെതിരെയും കിവീസിനെതിരായ മനോഭാവം തുടരും ; മുന്നറിയിപ്പുമായി ബെൻ സ്റ്റോക്‌സ്