ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ നിന്നും പരിക്കേറ്റ പേസര്‍ ശാര്‍ദുല്‍ താക്കൂര്‍ പുറത്ത്. പരിശീലനത്തിനിടെ കൈമുട്ടിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ശാര്‍ദുല്‍ മൂന്നാം ടെസ്റ്റില്‍ തിരിച്ചെത്തിയേക്കുമെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പ്രതികരിച്ചത്.
നാളെ ലോർഡ്‌സിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക. ശാർദുലിന് പകരം സ്പിന്നല്‍ ആര്‍ അശ്വിന് ടീമില്‍ ഇടം ലഭിച്ചേക്കും. അശ്വിന്‍റെ വരവ് ബാറ്റിങ്ങ് നിരയ്ക്ക് കരുത്താവുമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ ആദ്യ ടെസ്റ്റിന് സമാനമായി നാല് പേസര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്താന്‍ മാനേജ് മെന്‍റ് തീരുമാനിച്ചാല്‍ ഇഷാന്ത് ശര്‍മയ്ക്കാവും നറുക്ക് വീഴുക. ആദ്യ മത്സരത്തില്‍ സ്പെഷ്യലിസ്റ്റ് സ്‌പിന്നറായി രവീന്ദ്ര ജഡേജയെ മാത്രമാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
Also read: പാരീസ് നിറയെ മിശിഹ, ഇനി പിഎസ്‌ജിയുടെ സ്വന്തം മെസി
അതേസമയം ഇംഗ്ലീഷ് നിരയിലും പരിക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സ്റ്റുവര്‍ട്ട് ബ്രോഡിന് പിന്നാലെ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണും പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ബ്രോഡിന് പകരം മാര്‍ക്ക് വുഡിന് ടീമില്‍ ഇടം ലഭിച്ചേക്കും.
നേരത്തെ പേസര്‍ സാക്കിബ് മഹമൂദിനെ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സ്പിന്നർ ഡോം ബെസ് പുറത്താവുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ആന്‍ഡേഴ്‌സന്‍റെ പുറത്താവുന്നതോടെ ഡോം ബെസ് ടീമില്‍ ഇടം നില നിര്‍ത്തിയേക്കും.