ബെംഗളൂരു: ദുലീപ് ട്രോഫി ക്രിക്കറ്റിന്‍റെ സെമി ഫൈനലിന് യോഗ്യത നേടി നോര്‍ത്ത് സോണ്‍. നോര്‍ത്ത് ഈസ്റ്റ് സോണിനെ തകര്‍ത്താണ് നോര്‍ത്ത് സോണ്‍ മുന്നേറ്റം ഉറപ്പിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 511 റണ്‍സിനാണ് നോര്‍ത്ത് സോണ്‍ നോര്‍ത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: നോര്‍ത്ത് സോണ്‍- 540/8 (ഡിക്ലയര്‍), 259/6 (ഡിക്ലയര്‍). നോര്‍ത്ത് ഈസ്റ്റ് സോണ്‍-134,154.
രണ്ടാം ഇന്നിങ്സിന് ശേഷം നോര്‍ത്ത് സോണ്‍ ഉയര്‍ത്തിയ 666 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരാനിറങ്ങിയ നോര്‍ത്ത് ഈസ്റ്റ് സോണ്‍ 154 റണ്‍സില്‍ പുറത്താവുകയായിരുന്നു. 82 പന്തില്‍ 40 റണ്‍സ് നേടിയ പല്‍സോർ തമാങ്ങാണ് രണ്ടാം ഇന്നിങ്സില്‍ നോര്‍ത്ത് ഈസ്റ്റ് സോണിന്‍റെ ടോപ് സ്‌കോററായത്. നോര്‍ത്ത് സോണിനായി പുൽകിത് നാരംഗ് നാല് വിക്കറ്റുകള്‍ വീഴ്‌ത്തി.
മത്സരത്തിന്‍റെ നാലാം ദിനമായ ഇന്ന് 58/3 എന്ന നിലയിലാണ് നോര്‍ത്ത് ഈസ്റ്റ് സോണ്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ചത്. ടീമിനായി ആദ്യം ബാറ്റ് ചെയ്യാന്‍ എത്തിയ പല്‍സോർ തമാങ്, നിലേഷ് ലാമിച്ചാനെ എന്നിവര്‍ തുടക്കത്തില്‍ നടത്തിയ ചെറുത്ത് നില്‍പ്പാണ് നോര്‍ത്ത് സോണിന്‍റെ വിജയം വൈകിച്ചത്. 57 റണ്‍സ് നീണ്ടുനിന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് നിലേഷ് ലാമിച്ചാനെയുടെ (64 പന്തില്‍ 27) പുറത്താവലോടെയാണ് തകര്‍ന്നത്.
പിന്നാലെ പല്‍സോർ തമാങ്ങും വീണതോടെ (82 പന്തില്‍ 40) നോര്‍ത്ത് സോണിന് കാര്യങ്ങള്‍ എളുപ്പമായി. ജയന്ത് യാദവ് (78 പന്തില്‍ 55*), അങ്കിത് കുമാര്‍ (101 പന്തില്‍ 70), പ്രഭ്‌സിമ്രാന്‍ സിങ് (69 പന്തില്‍ 59) എന്നിവര്‍ നോര്‍ത്ത് സോണിനായി രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു.
ആദ്യ ഇന്നിങ്സില്‍ ധ്രുവ് ഷോറെ (211 പന്തില്‍ 135), നിശാന്ത് സിന്ദു (245 പന്തില്‍ 150), ഹര്‍ഷിത് റാണ (86 പന്തില്‍ 122*) എന്നിവരുടെ സെഞ്ചുറിയാണ് ടീമിന് കരുത്തായത്. നിലേഷ് ലാമിച്ചാനെയായിരുന്നു (77 പന്തില്‍ 44) ആദ്യ ഇന്നിങ്‌സില്‍ ഈസ്റ്റ് സോണിന്‍റെ ടോപ് സ്‌കോറര്‍. സെമിയില്‍ മായങ്ക് അഗര്‍വാളിന്‍റെ കീഴില്‍ ഇറങ്ങുന്ന സൗത്ത് സോണാണ് നോര്‍ത്ത് സോണിന്‍റെ എതിരാളി. കഴിഞ്ഞ സീസണില്‍ രണ്ടാം സ്ഥാനത്തെത്തിയ സൗത്ത് സോണ്‍ നേരത്തെ തന്നെ ടൂര്‍ണമെന്‍റിന്‍റെ സെമി ഉറപ്പിച്ചിരുന്നു.
സെന്‍ട്രല്‍ സോണും സെമിയില്‍: മറ്റൊരു മത്സരത്തില്‍ ഈസ്റ്റ് സോണിനെ തോല്‍പ്പിച്ച സെന്‍ട്രല്‍ സോണും ടൂര്‍ണമെന്‍റിന്‍റെ അവാസാന നാലില്‍ എത്തി. ആളൂര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 170 റണ്‍സിനാണ് സെന്‍ട്രല്‍ സോണ്‍ വിജയം പിടിച്ചത്.
രണ്ടാം ഇന്നിങ്സിന് ശേഷം സെന്‍ട്രല്‍ സോണ്‍ ഉയര്‍ത്തിയ 300 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഈസ്റ്റ് സോണ്‍ 129 റണ്‍സില്‍ പുറത്താവുകയായിരുന്നു. സ്‌കോര്‍: സെന്‍ട്രല്‍ സോണ്‍- 182, 239. ഈസ്റ്റ് സോണ്‍- 122,129. കഴിഞ്ഞ തവണത്തെ വിജയികളായ വെസ്റ്റ് സോണാണ് ടീമിന്‍റെ അടുത്ത എതിരാളി.