ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് മുന്‍ നായകനും ബെംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡ് അപേക്ഷ സമര്‍പ്പിച്ചു. ചൊവ്വാഴ്ചയാണ് താരം അപേക്ഷ സമര്‍പ്പിച്ചത്. ബിസിസിഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ദ്രാവിഡിനെ കൂടാതെ, മുൻ പേസർ പരാസ് മാംബ്രെ (ബൗളിങ്), മുൻ വിക്കറ്റ് കീപ്പർ അജയ് രാത്ര (ഫീൽഡിങ്), അഭയ് ശര്‍മ (ഫീൽഡിങ്) എന്നിവരും പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.പരസ് മാംബ്രെയും അഭയ് ശര്‍മയും ദേശീയ അക്കാദമിയില്‍ രാഹുലിനൊപ്പമുള്ളവരാണ്.
ടി20 ലോക കപ്പിന് ശേഷം കാലാവധി കഴിയുന്ന രവിശാസ്ത്രിക്ക് പകരമായി ദ്രാവിഡ് എത്തുമെന്ന് ഇതോടെ ഉറപ്പായി. ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനാവാന്‍ താരം നേരത്തെ സമ്മതം മൂളിയിരുന്നു. ഐപിഎല്‍ ഫൈനല്‍ മത്സരത്തിനിടെയാണ് ദ്രാവിഡ് ഇക്കാര്യം സമ്മതിച്ചത്.
also read: 'മനോഹരമായാണ് കോലി തോല്‍വിയെ കൈകാര്യം ചെയ്തത്'; പ്രശംസയുമായി സന മിര്‍
ഇന്ത്യയുടെ എ ടീമിന്‍റേയും അണ്ടര്‍ 19 ടീമിന്‍റേയും പരിശീലകനായ ദ്രാവിഡ് ജൂലൈയില്‍ ശ്രീലങ്കൻ പര്യടനം നടത്തിയ ഇന്ത്യൻ സീനിയര്‍ ടീമിനേയും പരിശീലിപ്പിച്ചിട്ടുണ്ട്. അതേസമയം രണ്ട് വര്‍ഷത്തേക്കാവും ദ്രാവിഡുമായി ബിസിസിഐ കരാറിലെത്തുകയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.