ന്യൂഡൽഹി : ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ ടീമുകൾ ടെസ്റ്റ് ക്രിക്കറ്റിൽ പൂർണതോതിൽ ആധിപത്യം പുലർത്തുന്നത് കളിയെ വിരസമാക്കുമെന്ന് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയിൽ. മൂന്ന് ടീമുകൾ മാത്രം കളിയിൽ ആധിപത്യം പുലർത്തുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഗെയിമിന് ഗുണം ചെയ്യില്ലെന്നും ഗെയിൽ വ്യക്‌തമാക്കി.
ക്രിക്കറ്റ് ഒരുപാട് മാറിയിരിക്കുന്നു. ഇപ്പോൾ ഒരു ഗെയിം എന്നതിനുപരി അതൊരു ബിസിനസ് കൂടിയായി മാറിയിരിക്കുന്നു. ടി20 ലീഗുകളിൽ മാത്രമല്ല ഇപ്പോൾ ടെസ്റ്റ് ക്രിക്കറ്റിലും ധാരാളം പണം എറിയുന്നുണ്ട്. വലിയ ടീമുകൾ ചെറിയ ടീമുകളുടെ ഇരട്ടി പ്രതിഫലം വാങ്ങുന്നു. ഈ ഘടന മാറണം. അങ്ങനെ വന്നാൽ അത് എല്ലാവർക്കും ഗുണകരമായി മാറും - ഗെയിൽ പറഞ്ഞു.
ഈ മൂന്ന് ടീമുകളല്ലാതെ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിലും എല്ലാ ടീമുകൾക്കും സ്ഥിരമായി കളിക്കാൻ സാധിക്കുന്നില്ല. താഴ്‌ന്ന റാങ്കിലുള്ള ടീമുകൾ അവരുടെ കഴിവുകൾ മെച്ചപ്പെടുത്തണമെങ്കിൽ കൂടുതൽ മത്സരങ്ങൾ കളിക്കണം. അവർക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങൾ സൃഷ്‌ടിക്കണം. അത് കൂടാതെ അവർക്കും മറ്റ് ടീമുകളെപ്പോലെ മികച്ച പ്രതിഫലം നൽകേണ്ടതുണ്ട്.
കാരണം എല്ലാ ടീമുകളും ഒരേ തോതിലുള്ള ക്രിക്കറ്റ് തന്നെയാണ് കളിക്കുന്നത്. വെസ്റ്റ് ഇൻഡീസ് പോലുള്ള ചെറിയ ബോർഡുകളിലെ കളിക്കാർക്ക് അന്താരാഷ്‌ട്ര ക്രിക്കറ്റ് തഴച്ചുവളരാൻ മികച്ച പ്രതിഫലം നൽകണം. എങ്കിൽ മാത്രമേ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റും താരങ്ങളും മെച്ചപ്പെടുകയുള്ളൂ - ഗെയിൽ കൂട്ടിച്ചേർത്തു.
സെമി ഫൈനലിസ്റ്റുകൾ ഇവർ : അതേസമയം ഈ വർഷം നടക്കുന്ന ഏകദിന ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെയും ഗെയിൽ തെരഞ്ഞെടുത്തു. ഇന്ത്യ, ഇംഗ്ലണ്ട്, പാകിസ്ഥാൻ, ന്യൂസിലാൻഡ് എന്നീ വമ്പൻമാരെയാണ് ഗെയിൽ സെമി ഫൈനലിസ്റ്റുകളായി തെരഞ്ഞെടുത്തത്. കൂടാതെ ഇത്തവണത്തെ ലോകകപ്പ് വിരാട് കോലിയുടെ ആധിപത്യത്തിനാകും സാക്ഷ്യം വഹിക്കുക എന്നും ഗെയിൽ വ്യക്‌തമാക്കി.
കോലിയുടെ ആധിപത്യം : ഇത്തവണത്തെ ലോകകപ്പിൽ വിരാട് കോലി ആധിപത്യം സ്ഥാപിക്കും. കഠിനമായ സമയങ്ങൾ അധിക കാലം നീണ്ടുനിൽക്കില്ല. എന്നാൽ കരുത്തുറ്റ താരങ്ങൾ കൂടുതൽ കാലം നിലനിൽക്കും. വിരാട് മാനസികമായും ശാരീരികമായും ശക്തനാണ്. അതിനാൽ തന്നെ അവൻ ഈ ലോകകപ്പിൽ ആധിപത്യം സ്ഥാപിക്കുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത് - ഗെയിൽ പറഞ്ഞു.
ഇന്ത്യ തന്നെ ഫേവറേറ്റ് : ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യ തന്നെയാണ് ഫേവറേറ്റുകളെന്നും ഗെയിൽ വ്യക്‌തമാക്കി. എന്നാൽ ഈ കാരണം കൊണ്ടും സ്വന്തം രാജ്യത്ത് ടൂർണമെന്‍റ് നടക്കുന്നത് കൊണ്ടും ഏറ്റവും കൂടുതൽ സമ്മർദം അനുഭവിക്കുന്നതും ഇന്ത്യ തന്നെയാകുമെന്നും ഗെയിൽ പറഞ്ഞു. ഇന്ത്യക്ക് വളരെ കാലമായി ഐസിസി ട്രോഫികൾ നേടാനായിട്ടില്ല. ഞങ്ങളുടെ (വെസ്റ്റ് ഇൻഡീസ്) കാര്യവും അപ്രകാരം തന്നെയാണ് - ഗെയിൽ പറഞ്ഞു.
അതേസമയം ഇന്ത്യ - പാക് മത്സരത്തെക്കുറിച്ച് വ്യത്യസ്‌തമായ നിലപാടാണ് ഗെയിൽ സ്വീകരിച്ചത്. വിവാദങ്ങൾ മാറ്റി നിർത്തിയാൽ ഇന്ത്യ- പാക് മത്സരങ്ങൾ ലോകകപ്പ് പോലുള്ള വേദികളിൽ ഉണ്ടാക്കുന്ന വരുമാനം വളരെ വലുതാണ്. ഇത്തരം ഒരു മത്സരത്തിന് ടൂർണമെന്‍റിനെ മുഴുവൻ പിടിച്ച് നിർത്താൻ സാധിക്കും. അതിനാൽ ഈ മത്സരങ്ങൾക്ക് പാകിസ്ഥാന്‍റെയും ഇന്ത്യയുടേയും കളിക്കാർ കൂടുതൽ പണം ആവശ്യപ്പെടണം - ഗെയിൽ പറഞ്ഞു.