ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകർത്ത് ചെന്നൈ സൂപ്പർ കിങ്‌സ് ഒന്നാമത്. ആറു വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം. 157 റൺസെന്ന വിജയ ലക്ഷ്യം 11 ബോളുകൾ ബാക്കി നിൽക്കേ നേടിയാണ് ചെന്നൈ ബാംഗ്ലൂരിനെ വീഴ്‌ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ആറു വിക്കറ്റ് നഷ്ടത്തില്‍ 156 റൺസെടുത്തു. മലയാളി താരമായ ദേവ്ദത്ത് പടിക്കൽ 70ഉം ക്യാപ്റ്റൻ വീരാട് കോലി 53 റൺസും നേടി. എന്നാൽ പിന്നീട് വന്ന താരങ്ങൾക്ക് മികവ് പുലർത്താനായില്ല.
അവസാന ഓവറുകളിൽ ചെന്നൈ ബൗളർമാർ പുറത്തെടുത്ത മികച്ച പ്രകടനമാണ് ബാഗ്ലൂരിനെ 156 റൺസിലൊതുക്കിയത്. ഋതുരാജ് ഗെയ്ക്വാദ് (38), ഫാഫ് ഡുപ്ലസി (31), മുഈൻ അലി (23), അമ്പാട്ടി റായുഡു (32) എന്നിവരാണ് ചെന്നൈക്ക് ജയമൊരുക്കിയത്. സുരേഷ് റെയ്നയും (17) ക്യാപ്റ്റൻ എം.എസ്. ധോണിയും (11) പുറത്താവാതെ നിന്നു.
11 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 100ഉം കടന്ന് മികച്ച സ്കോറിലേക്ക് കുതിക്കുകയായിരുന്ന ബാംഗ്ലൂരിനെ അവസാനഘട്ടത്തിൽ ചെന്നൈ ബൗളർമാർ ഒതുക്കുകയായിരുന്നു. അർധ സെഞ്ച്വറികളുമായി ഓപണിങ്ങിൽ സെഞ്ച്വറി കൂട്ടുകെട്ടുയർത്തിയ മലയാളി താരം ദേവ്ദത്ത് പടിക്കലും (50 പന്തിൽ മൂന്നു സിക്സും നാലു ഫോറുമടക്കം 70) ക്യാപ്റ്റൻ വിരാട് കോഹ്ലിയും (41 പന്തിൽ ഒരു സിക്സും ആറു ബൗണ്ടറിയുമടക്കം 53) ആണ് ബാംഗ്ലൂരിന് മികച്ച അടിത്തറ പാകിയത്. എന്നാൽ പിന്നീടാർക്കും മികച്ച സ്കോർ കണ്ടെത്താനായില്ല.
ജയത്തോടെ 14 പോയന്റുമായി പട്ടികയിൽ ഡൽഹി ക്യാപിറ്റൽസിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി. ഇതോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യത കൂടി. പരാജയപ്പെട്ടെങ്കിലും 10 പോയന്റോടെ പട്ടികയിൽ ബാംഗ്ലൂർ മൂന്നാം സ്ഥാനത്തുണ്ട്.