സിഡ്‌നി: പന്ത് ചുരണ്ടൽ വിവാദത്തെത്തുടർന്ന് ക്യാപ്‌റ്റൻസിയിൽ തനിക്കേർപ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ഓസീസ് താരം ഡേവിഡ് വാർണർ. ക്രിക്കറ്റ് ഓസ്‌ട്രേലിയ തങ്ങളുടെ വാതിലുകൾ തുറക്കണമെന്നും തുറന്ന ചർച്ചയ്‌ക്ക് തയാറാവണമെന്നും വാർണർ ആവശ്യപ്പെട്ടു. നേരത്തെ ഓസീസ് ടെസ്റ്റ് ടീം നായകൻ പാറ്റ് കമ്മിൻസും നിരവധി മുൻതാരങ്ങളും വാർണറുടെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
നിലവിൽ ബിഗ് ബാഷ് ലീഗിൽ സിഡ്‌നി തണ്ടറുമായി രണ്ട് വർഷത്തെ കരാർ ഒപ്പിട്ടിരിക്കുകയാണ് 35കാരനായ താരം. മുൻ നായകൻ ഉസ്‌മാൻ ഖവാജ ബ്രിസ്‌ബേൻ ഹീറ്റിലേക്ക് മാറിയതോടെ സിഡ്‌നി തണ്ടറിൽ ക്യാപ്‌റ്റൻ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. എന്നാൽ ആജീവനാന്ത വിലക്ക് വാർണർക്ക് തിരിച്ചടിയാകും. 2013ന് ശേഷം ആദ്യമായാണ് താരം ബിഗ് ബാഷ് ലീഗിൽ കളിക്കുന്നത്.
2018ല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിനത്തിലാണ് വിവാദത്തിന് ആസ്‌പദമായ സംഭവം. പന്തില്‍ കൃത്രിമം കാട്ടിയാണ് ഓസീസ് താരങ്ങള്‍ മത്സരം വരുതിയിലാക്കാന്‍ ശ്രമിച്ചത്. നായകന്‍ സ്‌മിത്തിന്‍റെ മൗനാനുമതിയില്‍ ഉപനായകന്‍ ഡേവിഡ് വാര്‍ണറുടെ നിര്‍ദേശത്താല്‍ ബാന്‍ക്രോഫ്‌റ്റാണ് പന്തില്‍ കൃത്രിമം കാണിച്ചത്.
എന്നാൽ സംഭവം കൈയ്യോടെ തന്നെ പിടിക്കപ്പെട്ടു. തുടര്‍ന്ന് മൂവര്‍ക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്‌തു. ബാന്‍ക്രോഫ്‌റ്റിന് ഒമ്പത് മാസവും, സ്‌മിത്ത്, വാര്‍ണര്‍ എന്നിവര്‍ക്ക് 12 മാസവും അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിലക്ക് ഏർപ്പെടുത്തി. കൂടാതെ വാർണറിന് ക്യാപ്‌റ്റൻ ആകുന്നതിൽ നിന്ന് ആജീവനാന്ത വിലക്കും നൽകുകയായിരുന്നു.