അവസാന ടെസ്റ്റ് മത്സരം ജനുവരി മൂന്നിന് കളിക്കാനിരിക്കെ ഏകദിനത്തില്‍ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍. ലോകം പുതുവര്‍ഷാഘോഷങ്ങളില്‍ മുഴുകിയിരിക്കുമ്പോഴായിരുന്നു വാര്‍ണറുടെ അപ്രതീക്ഷിത പ്രഖ്യാപനം. അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് 22-ാം വയസിലെത്തിയ വാര്‍ണര്‍ തന്‍റെ പതിനഞ്ച് വര്‍ഷത്തോളം നീണ്ട സംഭവ ബഹുലവും വിവാദങ്ങളും നിറഞ്ഞ കരിയറിനാണ് തിരശീലയിടുന്നത്.
'ഏകദിന ക്രിക്കറ്റും ഞാന്‍ മതിയാക്കുന്നു. ഏകദിന ലോകകപ്പ് കളിക്കുമ്പോള്‍ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. ഇന്ത്യയില്‍ വച്ച് ലോകകപ്പ് നേടാനായത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്. അതിനെ കരിയറിലെ അപൂര്‍വ നേട്ടമായാണ് ഞാന്‍ കാണുന്നത്'- വിരമിക്കല്‍ പ്രഖ്യാപനത്തിലെ വാര്‍ണറിന്‍റെ വാക്കുകള്‍ ഇങ്ങനെ.
2023 നവംബര്‍ 19ന് അഹമ്മദാബാദില്‍ നടന്ന ലോകകപ്പ് ഫൈനല്‍, അതായിരുന്നു വാര്‍ണറിന്‍റെ അവസാന ഏകദിന മത്സരം. കലാശപ്പോരാട്ടത്തില്‍ നിറം മങ്ങിയെങ്കിലും കങ്കാരുപ്പടയുടെ ആറാം ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ വാര്‍ണറിന് സാധിച്ചിരുന്നു. ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ ടോപ് സ്കോററായിരുന്നു വാര്‍ണര്‍.
2015ല്‍ മൈക്കല്‍ ക്ലാര്‍ക്കിന്‍റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയന്‍ ടീം അഞ്ചാം കിരീടം നേടുമ്പോഴും ടീമിനായി കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു വാര്‍ണറിന്‍റെ സ്ഥാനം.
പ്രൊഫഷണല്‍ ക്രിക്കറ്റില്‍ ന്യൂ സൗത്ത് വെയില്‍സിന് വേണ്ടി ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ 20 വയസായിരുന്നു വാര്‍ണറിന്‍റെ പ്രായം. രണ്ട് വര്‍ഷത്തിനിപ്പുറം ഓസ്‌ട്രേലിയന്‍ ദേശീയ ടീമിലേക്ക്. ഒരു ഫസ്റ്റ് ക്ലാസ് മത്സരം പോലും കളിക്കാതെ ഓസീസിനെ ആദ്യം ടി20യിലാണ് വാര്‍ണര്‍ പ്രതിനിധീകരിക്കുന്നത്.
ടി20യില്‍ അരങ്ങേറി 10 ദിവസത്തിനുള്ളില്‍ തന്നെ ഏകദിനത്തില്‍ പാഡണിയാന്‍ താരത്തിന് അവസരം ലഭിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ വെറും അഞ്ച് റണ്‍സ് എടുത്ത് മടങ്ങിയ വാര്‍ണര്‍ പിന്നീട് ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ ടീമില്‍ സ്ഥിര സാന്നിധ്യമായി മാറുകയായിരുന്നു.
ഗ്രൗണ്ടില്‍ പല മുന്‍ ഓസ്‌ട്രേലിയന്‍ താരങ്ങളെ പേലെയും അഗ്രസീവായിരുന്നു വാര്‍ണറും. ആ അഗ്രഷന്‍ കൊണ്ട് പലപ്പോഴും താരം വിവാദങ്ങളിലും പെട്ടുപോയിട്ടുണ്ട്. 2013 ല്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ താരത്തെ വിലക്കിയ സംഭവം പോലും ഉണ്ടായിട്ടുണ്ട്.
ഇംഗ്ലീഷ് താരം ജോ റൂട്ടുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനായിരുന്നു ഈ നടപടി. താരത്തിന്‍റെ കരിയറിനെ പോലും പ്രതിസന്ധിയിലാക്കിയതായിരുന്നു 2018 ഓസ്‌ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ പന്ത് ചുരണ്ടല്‍ വിവാദം. ഈ സംഭവത്തിന് ശേഷം വിലക്ക് നേരിടേണ്ടി വന്ന താരം ഏറെ നാളിന് ശേഷമായിരുന്നു വീണ്ടും ടീമിലേക്ക് തിരിച്ചെത്തിയത്.
ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം എബി ഡിവില്ലിയഴ്‌സ് കഴിഞ്ഞാല്‍ ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വിദേശ ക്രിക്കറ്ററാണ് ഡേവിഡ് വാര്‍ണര്‍. ഐപിഎല്‍ ക്രിക്കറ്റിലൂടെയായിരുന്നു താരം ഇന്ത്യയേയും ഇന്ത്യന്‍ ജനതയേയും തന്‍റെ ആരാധകരാക്കി മാറ്റിയത്.
കുടുംബത്തിനൊപ്പം ഇനി കൂടുതല്‍ സമയം ചെലവഴിക്കണം എന്ന ആഗ്രഹത്തോടെയാണ് വാര്‍ണര്‍ ഏകദിന ക്രിക്കറ്റില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ മഞ്ഞ ജഴ്‌സിയഴിക്കുന്നത്. എന്നാല്‍, ടീമിന് ആവശ്യമെങ്കില്‍ വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയക്കായി കളത്തിലിറങ്ങാന്‍ താനുണ്ടാകുമെന്നും വാര്‍ണര്‍ പറയുന്നുണ്ട്.
Also Read : ഓസീസിന്‍റെ മഞ്ഞ ജഴ്‌സിയില്‍ ഇനി ഡേവിഡ് വാര്‍ണര്‍ ഇല്ല, ഏകദിനത്തിലും വിരമിക്കല്‍ പ്രഖ്യാപിച്ച് താരം