സിഡ്‌നി: കഴിഞ്ഞ രണ്ട് വർഷക്കാലമായി ഇന്ത്യയുടെ റണ്‍ മെഷീൻ വിരാട് കോലി ബാറ്റിങ്ങിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്. താരത്തിന്‍റെ ഫോമില്ലായ്‌മക്കെതിരെ നിരവധി ആരോപണങ്ങളും ഉയർന്നുവന്നിരുന്നു. കൊൽക്കത്തയിൽ 2019 നവംബര്‍ 23ന് ബംഗ്ലാദേശിനെതിരെ ആയിരുന്നു കോലി അവസാന സെഞ്ചുറി നേടിയത്.
ഇപ്പോൾ കോലിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ സൂപ്പർ താരം ഡേവിഡ് വാർണർ. രാജ്യാന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്‌ചവെച്ച കോലിയെപ്പോലൊരു മുൻനിര താരത്തിന് ഫോമിലാകാതിരിക്കാനും അവകാശമുണ്ടെന്നായിരുന്നു വാർണർ അഭിപ്രായപ്പെട്ടത്.
കോലിയുടെ മോശം ഫോമിനെക്കുറിച്ച് ഒട്ടേറെ ആരോപണങ്ങൾ ഉയർന്നുവരുന്നുണ്ട്. വലിയൊരു മഹാമാരിയിലൂടെ കടന്നുപോയവരാണ് നമ്മൾ. അദ്ദേഹത്തിന് കുഞ്ഞ് ജനിച്ച കാര്യം നമുക്കെല്ലാവർക്കും അറിയാം. എത്രത്തോളം മികച്ച പ്രകടനങ്ങളാണ് കോലി ഇത്രയും നാൾ പുറത്തെടുത്തിരുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാം. അതിനാൽ പരാജയപ്പെടാനും അദ്ദേഹത്തെ അനുവദിക്കണം, വാർണർ പറഞ്ഞു.
ALSO READ: Wasim Jaffer: കോലിയെ സ്റ്റാർക്കുമായി താരതമ്യം ചെയ്‌ത ഓസീസ് ചാനൽ; ചുട്ട മറുപടിയുമായി വസീം ജാഫർ
തന്‍റെ മേഖലയിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഒരാൾക്ക് പരാജയപ്പെടാനും അവകാശം ഉണ്ട്. സ്റ്റീവ് സ്‌മിത്തിനേയും കോലിയേയും പോലുള്ള താരങ്ങൾക്ക് വലിയ രീതിയിലുള്ള സമ്മർദ്ദങ്ങൾ ഉണ്ട്. അവരും മനുഷ്യരാണ്, വാർണർ കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ കുറഞ്ഞ കാലയളവിനുള്ളിൽ 70 സെഞ്ച്വറികൾ നേടിയിട്ടുള്ള താരത്തിന് ഇപ്പോൾ പഴയ വീര്യം പുറത്തെടുക്കാൻ സാധിക്കാത്തതാണ് വിമർശനങ്ങൾക്ക് ആധാരം. നിലവിൽ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് കോലി.