കറാച്ചി : ടി20 ലോകകപ്പ് ടീമില്‍ നിന്നും മലയാളി താരം സഞ്‌ജു സാംസണെ തഴഞ്ഞത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്. നിരവധി ക്രിക്കറ്റ് ആരാധകര്‍ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തുകയും ചെയ്‌തു. സഞ്‌ജുവിന് പകരം ദീപക് ഹൂഡയാണ് ടീമില്‍ ഇടം നേടിയത്.
എന്നാല്‍ ടീമിലുള്‍പ്പെട്ട വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് പകരം സഞ്‌ജുവിനെ പരിഗണിക്കാമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പാകിസ്ഥാന്‍റെ മുന്‍ ലെഗ് സ്‌പിന്നര്‍ ഡാനിഷ് കനേരിയ. സഞ്‌ജുവിനോട് ചെയ്‌തത് അനീതിയാണെന്നും കനേരിയ പറഞ്ഞു. തന്‍റെ യൂട്യൂബ് ചാനലിലാണ് പാക് മുന്‍ താരത്തിന്‍റെ പ്രതികരണം.
'സഞ്ജു സാംസണെ പോലെയുള്ള ഒരു താരത്തോട് ഇതൊരല്‍പ്പം അനീതിയാണ്. അവനെ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കേണ്ടതായിരുന്നു. ടീമില്‍ ഇടം ലഭിക്കാതിരിക്കാന്‍ എന്ത് തെറ്റാണ് അവന്‍ ചെയ്‌തത് ?.
ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്‌ക്കുമെതിരെ നാട്ടില്‍ നടക്കുന്ന പരമ്പരകളിലും അവന്‍ തഴയപ്പെട്ടു. റിഷഭ് പന്തിന് പകരം ഞാൻ സഞ്‌ജു സാംസണെയാവും ടീമിലെടുക്കുക' - കനേരിയ പറഞ്ഞു.
ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള പന്തിന് ടി20 ഫോര്‍മാറ്റില്‍ തിളങ്ങാനായിട്ടില്ല. അടുത്തിടെ സമാപിച്ച ഏഷ്യ കപ്പ് ക്രിക്കറ്റില്‍ നാല് മത്സരങ്ങളില്‍ വെറും 51 റണ്‍സ് മാത്രമാണ് പന്തിന് നേടാന്‍ കഴിഞ്ഞത്. 25.50 മാത്രമാണ് ശരാശരി. 124.39 ആണ് സ്‌ട്രൈക്ക് റേറ്റ്.
also read: ടി20 ലോകകപ്പ് | സഞ്ജുവിനെ എന്തിന് പുറത്തിരുത്തി ? ; കാരണം ഇതാണ്
എന്നാല്‍ സഞ്‌ജുവാകട്ടെ ഈ വര്‍ഷം മിന്നുന്ന പ്രകടനമാണ് കാഴ്‌ചവയ്‌ക്കുന്നത്. കഴിഞ്ഞ അഞ്ച് കളികളിലെ കണക്കെടുത്താൽ സഞ്ജു പന്തിനേക്കാള്‍ ഏറെ മുന്നിലാണ്. 44.75 ശരാശരിയും 158.40 സ്ട്രൈക്ക് റേറ്റുമാണ് സഞ്‌ജുവിനുള്ളത്. പന്തിനെ കൂടാതെ വിക്കറ്റ് കീപ്പറായി ടീമിലെത്തിയ ദിനേഷ് കാര്‍ത്തിക്കിന്‍റെ ശരാശരി 21.44 ആണെന്നതും ശ്രദ്ധേയം.