കറാച്ചി: ശ്രീലങ്കയ്‌ക്ക് എതിരായ മൂന്നാം ടി20യിലെ സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ വാനോളം പുകഴ്‌ത്തി പാക് മുന്‍ സ്‌പിന്നര്‍ ഡാനിഷ് കനേരിയ. സമകാലീന ക്രിക്കറ്റിലെ യൂണിവേഴ്‌സ് ബോസാണ് സൂര്യയെന്നാണ് കനേരിയ പറയുന്നത്. ശ്രീലങ്കയ്‌ക്കെതിരെ മൈതാനത്തിന്‍റെ നാല് ഭാഗത്തേക്കും പന്ത് പായിച്ച സൂര്യ 51 പന്തില്‍ 112 റണ്‍സടിച്ച് പുറത്താവാതെ നിന്നിരുന്നു.
"സൂര്യകുമാര്‍ യാദവ് പുതിയ യൂണിവേഴ്‌സ് ബോസാണ്. നേരത്തെ തന്നെ ഞാന്‍ പറഞ്ഞതുപോലെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണയാള്‍. ശ്രീലങ്കക്കെതിരെ അയാള്‍ നടത്തിയ പ്രകടനം മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവില്ല.
നിങ്ങള്‍ക്ക് എബി ഡിവില്ലിയേഴ്‌സിനെയും ക്രിസ് ഗെയ്‌ലിനെയും കുറിച്ച് സംസാരിക്കാനാവും. എന്നാൽ ഈ രണ്ടുപേരും സൂര്യയുടെ മുന്നിൽ ഒന്നുമല്ല. ഇതിനകം അവരെ മറികടന്ന് ടി20 ക്രിക്കറ്റിനെ സൂര്യകുമാര്‍ ഒരു പുതിയ തലത്തിലേക്ക് ഉയർത്തി", കനേരിയ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
പരിധികളും പരിമിതികളുമില്ലാതെയാണ് സൂര്യ കളിക്കുന്നത്. നെറ്റ്സിലെ കഠിനാധ്വാനം ഗ്രൗണ്ടിലും ആവര്‍ത്തിക്കുകയാണയാള്‍ ചെയ്യുന്നത്. സൂര്യയുടെ കളി കാണാന്‍ അഴകാണെന്നും കനേരിയ കൂട്ടിച്ചേര്‍ത്തു.
സൂര്യയുടെ കരിയറിലെ മൂന്നാം ടി20 സെഞ്ച്വറിയാണ് ശ്രീലങ്കയ്‌ക്ക് എതിരെ പിറന്നത്. അന്താരാഷ്‌ട്ര ടി20യില്‍ ഓപ്പണറല്ലാത്ത ഒരു ബാറ്റര്‍ ഇത്രയും സെഞ്ച്വറികള്‍ നേടുന്നതും റെക്കോഡാണ്. അതേസമയം മത്സരത്തില്‍ ഇന്ത്യ 91 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ആതിഥേയര്‍ ഉയര്‍ത്തിയ 229 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 137 റണ്‍സില്‍ പുറത്താവുകയായിരുന്നു.
ALSO READ: Watch: സൂര്യയുടെ കൈകളില്‍ ചുംബിച്ച് യുസ്‌വേന്ദ്ര ചഹല്‍, വീഡിയോ