കറാച്ചി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ തോൽവിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിനെതിരെ ചില കോണുകളില്‍ നിന്നും രൂക്ഷമായ വിമർശനങ്ങള്‍ ഉയര്‍ന്നിരുന്നു. മൂന്ന് മത്സര പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ വിജയിച്ചെങ്കിലും തുടര്‍ന്നുള്ള രണ്ട് കളികളിലും തോൽവി വഴങ്ങിയതോടെയാണ് ആതിഥേയരായ ഇന്ത്യയ്‌ക്ക് പരമ്പര കൈമോശം വന്നത്.
ഓസ്‌ട്രേലിയയ്‌ക്ക് എതിരായ തോല്‍വിയോടെ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ദൗർബല്യങ്ങൾ പ്രധാന ചർച്ചയായും മാറി. ഈ വര്‍ഷം അവസാനത്തില്‍ സ്വന്തം മണ്ണില്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യയുടെ ബാറ്റിങ് നിരയ്‌ക്ക് പെരുമയ്‌ക്ക് ഒത്ത് ഉയരാനായില്ലെങ്കില്‍ പ്രതീക്ഷയ്‌ക്ക് വകയില്ലെന്നാണ് വിമര്‍ശകരുടെ പക്ഷം. ഇതിനിടെ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനം വിശകലനം ചെയ്‌ത പാകിസ്ഥാന്‍ മുന്‍ സ്‌പിന്നര്‍ ഡാനിഷ് കനേരിയ ഈ ടീം ഏകദിന ലോകകപ്പിന് തയ്യാറല്ലെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
"വിരാട് കോലി ഫോമിലെത്താൻ വളരെയധികം സമയമെടുത്തു. അതു കോലി ആയതിനാൽ ടീമിൽ ഒരു മാറ്റവും ഉണ്ടായില്ല. സൂര്യകുമാർ യാദവിനെയും സഞ്ജു സാംസണെയും എന്തിനാണ് പാഴാക്കുന്നത്?. ശ്രേയസ് അയ്യരുടെ ഫിറ്റ്‌നസ് ഒരു ആശങ്കയാണ്.
ലോകകപ്പ് കളിക്കുന്നതിനായി അവന് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിയുമോ, ഇല്ലയോ എന്നതാണ് ചോദ്യം. ഇന്ത്യ സ്വന്തം മണ്ണില്‍ തന്നെയാണ് ഏകദിന ലോകകപ്പ് കളിക്കുന്നത്. എന്നാല്‍ ടൂര്‍ണമെന്‍റിനായി ഇന്ത്യ തയ്യാറല്ല. ഓസ്‌ട്രേലിയയ്‌ക്ക് എതിരെ മോശം ക്രിക്കറ്റാണ് ഇന്ത്യ കളിച്ചത്" ഡാനിഷ് കനേരിയ പറഞ്ഞു.
ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ മികച്ച ക്യാപ്റ്റന്‍സിക്ക് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്‌മിത്തിനെ പ്രശംസിച്ച കനേരിയ ശക്തമായ തിരിച്ചുവരവ് നടത്തിയതിന് സന്ദർശകരെ അഭിനന്ദിക്കുകയും ചെയ്തു. "ഒരു മികച്ച ടീമിനെപ്പോലെയാണ് ഓസ്‌ട്രേലിയ കളിച്ചത്. സ്റ്റീവ് സ്‌മിത്ത് അദ്ദേഹത്തിന്‍റെ നേതൃപാടവത്തിന് ഒരുപാട് അംഗീകാരം അർഹിക്കുന്നു.
ക്യാപ്റ്റൻസിക്ക് വേണ്ടിയാണ് അദ്ദേഹത്തെ സൃഷ്ടിച്ചിരിക്കുന്നത്. സ്‌മിത്ത് തിരിച്ചെത്തിയതില്‍ ഓസ്‌ട്രേലിയ സന്തോഷിക്കും. ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര തോറ്റെങ്കിലും അവർ തിരിച്ചടിച്ച രീതി പ്രശംസനീയമാണ്. അവർ ഇന്ത്യയിൽ സമ്പൂർണ ആധിപത്യം പുലർത്തി" കനേരിയ കൂട്ടിച്ചേർത്തു.
ഇന്ത്യയ്‌ക്കെതിരായ വിജയത്തോടെ ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ ഓസ്‌ട്രേലിയയ്‌ക്ക് കഴിഞ്ഞിരുന്നു. അതേസമയം ഓസീസിനെതിരെ കളിച്ച മൂന്ന് മത്സരങ്ങളിലും ഇന്ത്യയുടെ മധ്യനിര താരമായ സൂര്യകുമാര്‍ യാദവിന് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. മൂന്ന് മത്സരങ്ങളിലും ഗോള്‍ഡന്‍ ഡക്കായാണ് 32കാരന്‍ തിരികെ കയറിയത്.
വെടിക്കെട്ട് പ്രകടനങ്ങളുമായി കളം നിറഞ്ഞ് ടി20 റാങ്കിങ്ങില്‍ ഒന്നാം റാങ്കിലേക്ക് ഉയര്‍ന്ന താരത്തിന്‍റെ ഏകദിന റെക്കോഡ് അത്ര മികച്ചതല്ല. 21 ഇന്നിങ്‌സുകള്‍ കളിച്ചപ്പോള്‍ 25ല്‍ താഴെ മാത്രമാണ് സൂര്യയുടെ ശരാശരി. ഇതോടെ ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്ക് മലയാളി താരം സഞ്‌ജു സാംസണെ തിരികെ വിളിക്കണമെന്ന ആവശ്യം ശക്തമാണ്. കളിച്ച 10 ഇന്നിങ്‌സുകളില്‍ 66.0 ആണ് സഞ്‌ജു സാംസണിന്‍റെ ബാറ്റിങ് ശരാശരി.
ALSO READ: 'സൂര്യയേയും സഞ്‌ജുവിനേയും താരതമ്യം ചെയ്യരുത്'; വിമര്‍ശകരോട് കപില്‍ ദേവ്