ലാഹോര്‍: ഇഷാന്‍ കിഷനെപ്പോലെ ഡബിള്‍ സെഞ്ച്വറി നേടാന്‍ കഴിവുള്ള മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് സഞ്‌ജു സാംസണെന്ന് പാക് മുന്‍ താരം ഡാനിഷ് കനേരിയ. ഇതിനായി സഞ്‌ജുവിന് മതിയായ അവസരം നല്‍കിയാല്‍ മാത്രം മതിയെന്നും കനേരിയ പറഞ്ഞു. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് കനേരിയയുടെ പ്രതികരണം.
"ഇന്ത്യക്കു വേണ്ടി സ്ഥിരമായി കളിക്കുന്നത് കാണാന്‍ നമ്മളെല്ലാം ആഗ്രഹിക്കുന്ന ഒരു ബാറ്ററാണ് സഞ്‌ജു സാംസണ്‍. അന്താരാഷ്‌ട്ര തലത്തില്‍ ഡബിള്‍ സെഞ്ച്വറി നേടാന്‍ കഴിയുന്ന താരമാണ് അവന്‍. അത്രയും കഴിവുറ്റ ക്രിക്കറ്ററാണ് സഞ്ജു. സഞ്ജുവിനെപ്പോലെയുള്ള താരങ്ങള്‍ക്ക് അവസരം നല്‍കിയെങ്കില്‍ മാത്രമേ അവര്‍ക്ക് റണ്‍സ് നേടാന്‍ സാധിക്കു", കനേരിയ പറഞ്ഞു.
ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിലാണ് ഇഷാന്‍ കിഷന്‍ തകര്‍പ്പന്‍ ഡബിള്‍ സെഞ്ചുറി നേടിയത്. 131 പന്തില്‍ 24 ഫോറും പത്ത് സിക്‌സും അടക്കം 210 റൺസാണ് താരം അടിച്ച് കൂട്ടിയത്. ഇതോടെ ഏകദിനത്തിലെ ഏറ്റവും വേഗതയേറിയ ഇരട്ടസെഞ്ച്വറിയെന്ന നേട്ടവും ഇഷാന്‍ സ്വന്തം പോക്കറ്റിലാക്കി.
ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ താരം കൂടിയാണ് ഇഷാന്‍. സച്ചിൻ ടെണ്ടുല്‍ക്കര്‍ വിരേന്ദർ സെവാഗ്, രോഹിത് ശർമ എന്നിവർ മാത്രമാണ് കിഷന് മുന്നെ ഈ നേട്ടം സ്വന്തമാക്കിയത്. കിഷന്‍റെ ഈ പ്രകടനം അതിശയിപ്പിക്കുന്നതായിരുന്നുവെന്നും കനേരിയ പ്രശംസിച്ചു.
കിഷന്‍റെ കഴിവും ക്ലാസുമെല്ലാം പ്രദര്‍ശിപ്പിച്ച ഗംഭീര ഇന്നിങ്‌സായിരുന്നുവിത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരത്തിനായി കഴിഞ്ഞ മെഗാ ലേലത്തില്‍ വലിയ തുക മുടക്കാനുള്ള കാരണവും ഇതു തന്നെയാണെന്നും കനേരിയ കൂട്ടിച്ചേര്‍ത്തു.