കറാച്ചി: കരിയറില്‍ മോശം ഫോമിലൂടെയാണ് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം കടന്നുപോകുന്നത്. അടുത്തിടെ സമാപിച്ച എഷ്യ കപ്പില്‍ ആറ് മത്സരങ്ങളില്‍ വെറും 68 റൺസ് മാത്രമാണ് ബാബര്‍ നേടിയത്. ഫൈനലിൽ ശ്രീലങ്കയോട് പരാജയപ്പെട്ടതോടെ പാകിസ്ഥാന്‍റെ കിരീട മോഹങ്ങളും പൊലിഞ്ഞു.
ഇപ്പോഴിതാ ടി20 ലോകകപ്പിൽ പാക് ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബാബർ അസമിന് ക്യാപ്‌റ്റൻ സ്ഥാനം നഷ്‌ടമാകുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ സ്‌പിന്നർ ഡാനിഷ് കനേരിയ. നായകസ്ഥാനം നിലനിർത്താൻ പാകിസ്ഥാൻ ടി20 ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് അസം ഉറപ്പാക്കണമെന്നും കനേരിയ തന്‍റെ യൂട്യൂബ് ചാനലില്‍ നിർദേശിച്ചു.
"ബാബർ അസം ഫോമിലല്ല. അദ്ദേഹത്തിന്‍റെ ക്യാപ്‌റ്റൻസിയെ കുറിച്ചും നിരവധി ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. ക്യാപ്‌റ്റനെന്ന നിലയിൽ ഇത് അദ്ദേഹത്തിന്‍റെ അവസാന അവസരമായിരിക്കുമെന്ന് ഞാൻ കരുതുന്നു. ബാബര്‍ കടുത്ത സമ്മർദത്തിലായിരിക്കും, കാരണം ഈ ടീമിന് മികച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്നാല്‍ അദ്ദേഹത്തിന്‍റെ ക്യാപ്‌റ്റന്‍സി അവസാനിപ്പിക്കും", കനേരിയ പറഞ്ഞു.
ടീം സെലക്ഷന്‍ ശരിയല്ല: ടി20 ലോകകപ്പിനുള്ള ടീം സെലക്ഷനിൽ അസമിന് വലിയ പങ്കുണ്ട്. തന്‍റെ സെലക്ഷൻ ശരിയാണെന്ന് അസം കാണിക്കേണ്ടതുണ്ട്. അസം ഒരു മികച്ച കളിക്കാരനാണെന്നതില്‍ സംശയമില്ല. എന്നാല്‍ ടി20 ലോകകപ്പിനായി ശരിയായ ടീമിനെയാണ് ബാബര്‍ പിന്തുണച്ചതെന്ന് തനിക്ക് തോന്നുന്നില്ലെന്നും കനേരിയ കൂട്ടിച്ചേർത്തു.
ടോപ് ഓര്‍ഡറില്‍ ആശങ്ക: പാകിസ്ഥാന്‍റെ ടോപ് ഓര്‍ഡര്‍ ബാറ്റിങ് ആശങ്കയാണെന്നും കനേരിയ അഭിപ്രായപ്പെട്ടു. "മുഹമ്മദ് റിസ്‌വാന്‍റേയും ബാബർ അസമിന്‍റെയും സ്‌ട്രൈക്ക് റേറ്റുകൾ ആശങ്കാജനകമാണ്. തുടക്കത്തിലെ ഫീൽഡ് നിയന്ത്രണങ്ങൾ പ്രയോജനപ്പെടുത്താന്‍ അവര്‍ക്ക് കഴിയുന്നില്ല.
മറ്റ് ബാറ്റര്‍മാര്‍ക്ക് അടിത്തറയൊരുക്കുന്നതില്‍ അവര്‍ പരാജയപ്പെടുകയാണ്. ബാറ്റിങ്ങില്‍ ബാബറിന് സ്വന്തം കാര്യം മാത്രം ചിന്തിക്കാൻ കഴിയില്ല. ടീമിനെ മുന്നില്‍ നിന്നും നയിക്കേണ്ടത് അവരാണ്", കനേരിയ പറഞ്ഞു.
ബാബര്‍ മൂന്നാം നമ്പറിലേക്ക് മാറണം: റണ്‍സ് നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ ഓപ്പണര്‍ സ്ഥാനത്ത് നിന്നും ബാബര്‍ മാറി നില്‍ക്കണമെന്നും കനേരിയ ആവശ്യപ്പെട്ടു. "ഓപ്പണർ എന്ന നിലയിൽ സ്‌കോർ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, പകരം മറ്റേതെങ്കിലും കളിക്കാരൻ ആ സ്ഥാനത്ത് എത്തണമെന്ന് ബാബര്‍ മനസിലാക്കണം.
അയാൾക്ക് സ്വയം മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങാം. ഇംഗ്ലണ്ടിനെതിരെ റിസ്‌വാന് വിശ്രമം അനുവദിച്ച പോലെ ഇക്കാര്യവും പരീക്ഷിക്കാം", കനേരിയ കൂട്ടിച്ചേർത്തു.
ഓസ്‌ട്രേലിയയില്‍ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇതിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ ഏഴ് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് പാകിസ്ഥാന്‍ കളിക്കുന്നത്. ലോകകപ്പ് ടീം സെലക്ഷനെതിരെ മുന്‍ താരം മുഹമ്മദ് ആമിറും രംഗത്തെത്തിയിരുന്നു. 'ചീഫ് സെലക്‌ടറുടെ ചീപ്പ് സെലക്ഷന്‍' എന്നാണ് താരം ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
പാകിസ്ഥാന്‍ ടീം : ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ഇഫ്‌തിഖര്‍ അഹമ്മദ്, ഖുഷ്‌ദില്‍ ഷാ, ഹൈദര്‍ അലി, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് വസിം, മുഹമ്മദ് ഹസ്‌നൈന്‍, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി, ആസിഫ് അലി, ഷാന്‍ മസൂദ്, ഉസ്‌മാന്‍ ഖാദിര്‍.
സ്റ്റാന്‍ഡ് ബൈ : ഫഖര്‍ സമാന്‍, മുഹമ്മദ് ഹാരിസ്, ഷാനവാസ് ദഹാനി.
also read: 'ചില്ലിക്കാശ് നല്‍കിയില്ല'; പാക് ക്രിക്കറ്റ് ബോര്‍ഡിനെതിരെ ഷാഹിദ് അഫ്രീദി