ബര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ടി20 ക്രിക്കറ്റിന്‍റെ ഫൈനലിന് ഇന്ത്യന്‍ വനിതകള്‍ ഇന്നിറങ്ങും. കരുത്തരായ ഓസ്‌ട്രേലിയയാണ് എതിരാളി. എഡ്‌ജ്‌ബാസ്റ്റണില്‍ ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മത്സരം.
സെമി ഫൈനലില്‍ അതിഥേയരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഹര്‍മന്‍പ്രീത് നയിക്കുന്ന ഇന്ത്യ ഫൈനല്‍ ബെര്‍ത്തുറപ്പിച്ചത്. മറുവശത്ത് ന്യൂസിലന്‍ഡിനെ കീഴടക്കിയാണ് ഓസീസിന്‍റെ വരവ്. കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിലെ തിരിച്ചടിക്ക് മറുപടിയാണ് ഇന്ത്യ ലക്ഷ്യം വയ്‌ക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ അത്രയെളുപ്പമാവില്ല. ഗ്രൂപ്പ് ഘട്ടത്തിൽ നേരത്തെ തമ്മില്‍ പോരടിച്ചപ്പോള്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഓസീസിന് കഴിഞ്ഞിരുന്നു.
ഗ്രൂപ്പ് എയുടെ ഭാഗമായി നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ തോല്‍വി. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 155 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ ഒരു ഘട്ടത്തില്‍ അഞ്ചിന് 49 എന്ന നിലയിലേക്ക് വീണിരുന്നു. എന്നാല്‍ പുറത്താവാതെ നിന്ന ആഷ്‌ലി ഗാര്‍ഡ്‌നറാണ് ഓസീസിന് വിജയം സമ്മാനിച്ചത്. ഇന്ത്യയ്‌ക്കായി നാല് ഓവറില്‍ വെറും 16 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ രേണുക സിങ്ങിന്‍റെ പ്രകടനമായിരുന്നു ശ്രദ്ധേയമായത്.
ഗെയിംസില്‍ രണ്ട് തവണ അര്‍ധ സെഞ്ച്വറി നേടിയ സ്‌മൃതി മന്ദാനയുടേയും രണ്ട് തവണ നാല് വിക്കറ്റ് പ്രകടനം നടത്തിയ രേണുക സിങ്ങിന്‍റെയും ഫോം ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടാണ്. ഷഫാലി വര്‍മ, ഹര്‍മന്‍പ്രീത് കൗര്‍, ജെമീമ റോഡ്രിഗസ്, ദീപ്‌തി ശര്‍മ തുടങ്ങിയ താരങ്ങളുടെ പ്രകടനവും ഇന്ത്യയ്‌ക്ക് നിര്‍ണായകമാവും.
എങ്ങനെ കാണാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള കോമൺവെൽത്ത് ഗെയിംസ് ടി20 മത്സരം സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ തത്സമയം സംപ്രേഷണം ചെയ്യും. സോണി ലിവ് അപ്പിലും മത്സരം ലഭ്യമാണ്.