ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ട രവിചന്ദ്രൻ അശ്വിന്‍റെ സേവനം ഉപയോഗിച്ച് അഫ്‌ഗാനിസ്ഥാന്‍ മാന്ത്രിക സ്‌പിന്നര്‍ മുജീബ് റഹ്‌മാൻ. ഇന്ത്യയുടെ ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സ്‌പിന്നര്‍ അശ്വിന്‍ സ്ഥാനം പിടിച്ചിരുന്നില്ല. കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും രവീന്ദ്ര ജഡേജയുമാണ് ടീമില്‍ ഇടംപിടിച്ച സ്‌പിന്നര്‍മാര്‍. എന്നാൽ അശ്വിന്‍റെ പരിചയ സമ്പത്തിൽ നിന്നും പുതിയ കാര്യങ്ങൾ പഠിച്ചെടുക്കുകയാണ് മുജീബ് റഹ്‌മാൻ.
അശ്വിന്‍ ലോകോത്തര താരമാണ്. അദേഹത്തിന്‍റെ "കാരം ബോള്‍" വിസ്‌മയവും വേരിയേഷനുകളും ശ്രദ്ധേയമാണ്. അശ്വിനുമായി ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അതെല്ലാം ലോകകപ്പില്‍ പ്രയോജനപ്പെടുത്തുമെന്നും ഇംഗ്ലണ്ടില്‍ നേരത്തെ കളിച്ചിട്ടുള്ളതിനാല്‍ അവിടുത്തെ സാഹചര്യങ്ങള്‍ അറിയാമെന്നും മുജീബ് പറഞ്ഞു. ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബില്‍ സഹതാരമായ അശ്വിനെ തന്‍റെ ഉപദേശകനായാണ് മുജീബ് കാണുന്നത്. പരിക്ക് വലച്ച സീസണില്‍ അത്ര മികച്ചതായിരുന്നില്ല മുജീബിന്‍റെ പ്രകടനം. അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിക്കറ്റ് മാത്രമാണ് നേടാനായത്.