ലോക കപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കുന്നതില്‍ ഇന്ത്യൻ പ്രീമിയർ ലീഗിന് നിർണായക പങ്കാണുള്ളത്. ഐപിഎല്‍ അവസാനിച്ച് ആഴ്ചകൾക്കുള്ളില്‍ ലോക കപ്പ് ആരംഭിക്കുന്നതിനാല്‍ പ്രീമിയർ ലീഗിലെമികച്ച പ്രകടനം ലോക കപ്പ് ടിക്കറ്റായി മാറുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ താരങ്ങൾ.
ലോക കപ്പിനുള്ള ടീമിനെ ഏകദേശം ഉറപ്പിച്ചതായി മുഖ്യ സെലക്ടറായ എം.എസ്.കെ പ്രസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഐപിഎല്ലിലെ പ്രകടനത്തിന് ലോക കപ്പ് ടീം തെരഞ്ഞെടുപ്പില്‍ യാതൊരു സ്വാധീനവുമുണ്ടാകില്ലെന്ന് നായകൻ വിരാട് കോഹ്ലി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ടീമിലെ നിർണായക സ്ഥാനമായ നാലാം സ്ഥാനത്തേക്ക് വിശ്വസ്തനായ ഒരു താരത്തെ കണ്ടെത്താൻ ഇന്ത്യക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. പല താരങ്ങളെയും പരീക്ഷിച്ചെങ്കിലും സ്ഥിരതയുള്ള പ്രകടനം കാഴ്ചവയ്ക്കാൻ ആർക്കും കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ലോകകപ്പ് ടീം തെരഞ്ഞെടുപ്പില്‍ ഐപിഎല്ലിലെ ഇന്ത്യൻ താരങ്ങളുടെ പ്രകടനം നിർണായകമാകുന്നത്. നാലാം സ്ഥാനംകൂടാതെ മറ്റ് ചില സ്ഥാനത്തേക്കും താരങ്ങളെ പരിഗണിച്ചേക്കുമെന്ന് ഒരു മുതിർന്ന ബിസിസിഐ അംഗം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഓസ്ട്രേലിയക്കെതിരെ സ്വന്തം നാട്ടില്‍ ഏകദിന പരമ്പര നഷ്ടപ്പെട്ടത് ഇന്ത്യയുടെ ആത്മവിശ്വാസം കുറച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. മധ്യനിരയിലെ നാലാമന്‍റെ കാര്യത്തില്‍ മാത്രമല്ല, സ്പിൻ വിഭാഗത്തിലും, ഓൾറൗണ്ടറുടെ കാര്യത്തിലുമെല്ലാം ഉയർന്നുവരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ഐപിഎല്ലില്‍ നിന്ന് ലഭിക്കുമെന്നാണ് ഇന്ത്യൻ ടീമിന്‍റെ പ്രതീക്ഷ.
ലോക കപ്പിന് വേണ്ടിയുള്ള 15 അംഗ ടീമിനെ കണ്ടെത്തുന്നതിനായി ഐപിഎല്ലിലെ കടുപ്പമേറിയ പോരാട്ടങ്ങൾ വിശദമായി വിശകലനം ചെയ്യേണ്ടി വരും. നിലവിലുള്ള അംഗങ്ങളെ മാറ്റിനിർത്തി ലോകകപ്പ് ടീമിലെ ശേഷിക്കുന്ന സ്ഥാനങ്ങളിലേക്ക് ഇടം നേടാൻ സാധ്യതയുള്ള താരങ്ങൾ ഇവരാണ്.
1. അജിങ്ക്യ രഹാനെ
നാലാമനായി ഇന്ത്യ നിരവധി അവസരങ്ങൾ നല്‍കിയ താരമാണ് രഹാനെ. റൺസ് സ്കോർ ചെയ്യുന്നതിലെ വേഗതക്കുറവും ഫോമിലെ സ്ഥിരതയില്ലായ്മയും രഹാനെക്ക് തിരിച്ചടിയായി. രാജസ്ഥാൻ റോയല്‍സിന്‍റെ നായകനായ രഹാനെക്ക് മികച്ച പ്രകടനം കാഴ്ചവക്കാനായാല്‍ ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ സ്ഥാനം ഉറപ്പാണ്.
2. അമ്പാട്ടി റായുഡു
രഹാനെയുടെ അഭാവത്തില്‍ ഏകദിനത്തില്‍ നാലാമനായി സ്ഥാനക്കയറ്റം ലഭിച്ച താരമാണ് റായുഡു. എന്നാല്‍ മികച്ച ഇന്നിംഗ്സുകൾ പുറത്തെടുക്കാൻ പരാജയപ്പെട്ടതാണ് റായുഡുവിന് തിരിച്ചടിയായത്. ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി മികച്ച രീതിയില്‍ ബാറ്റ് വീശിയാല്‍ ലോകകപ്പ് ടീമില്‍ ഇടംനേടാം.
3. കെ.എല്‍.രാഹുല്‍
ഓപ്പണറായും നാലാമനായും തിളങ്ങിയിരുന്ന രാഹുലിന്‍റെ സ്ഥിരതയില്ലായ്മയാണ് അദ്ദേഹത്തിന്‍റെ പോരായ്മ. കിംഗ്സ് ഇലവൻ പഞ്ചാബിന് വേണ്ടി തിളങ്ങിയാല്‍ ടീമില്‍ ഇടം നേടാൻ സാധ്യതയുള്ള താരമാണ് രാഹുല്‍.
4. റിഷഭ് പന്ത്
ടെസ്റ്റ് ടീമില്‍ സ്ഥിരമായെങ്കിലും ഏകദിനത്തിലെ മോശം പ്രകടനം റിഷഭ് പന്തിന് തിരിച്ചടിയാണ്. ഐപിഎല്ലില്‍ തകർപ്പൻ ഫോം തുടർന്നാല്‍ ടീമിലെ രണ്ടാം വിക്കറ്റ് കീപ്പർ സ്ഥാനം പന്തിന് അവകാശപ്പെട്ടതാണ്.
5. ദിനേഷ് കാർത്തിക്
റിഷഭ് പന്തിന്‍റെ വരവോടെ ടീമില്‍ സ്ഥാനം നഷ്ടപ്പെട്ട താരമാണ് ദിനേഷ് കാർത്തിക്. ബാക്കപ്പ് വിക്കറ്റ് കീപ്പറായും ഫിനിഷറായും പേരുകേട്ട കാർത്തിക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ കൂടിയാണ്. ഐപിഎല്ലില്‍ സ്ഥിരതയോടെ കളിച്ചാല്‍ പന്തിനെ മറികടന്ന് ടീമില്‍ ഇടംനേടാൻ സാധ്യതയുള്ള താരമാണ് കാർത്തിക്.
6. ശ്രേയസ് അയ്യർ
ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ നായകനായ ശ്രേയസ് അയ്യർ ഇന്ത്യൻ ടീമില്‍ ലഭിച്ച അവസരങ്ങൾ മികച്ച രീതിയില്‍ ഉപയോഗിച്ചിട്ടും ടീമില്‍ നിന്ന് പുറത്തായ താരമാണ്. ശ്രേയസ് ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവച്ചാല്‍ മധ്യനിരയില്‍ ഇന്ത്യക്ക് മികച്ച ഒരു താരത്തെയാകും ലഭിക്കുക.
7. ശുഭ്മാൻ ഗില്‍
ഓപ്പണറായും മധ്യനിര താരമായും തിളങ്ങാൻ കഴിവുള്ള യുവതാരമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ശുഭ്മാൻ ഗില്‍. ഈ സീസണില്‍ തകർപ്പൻ പ്രകടനങ്ങൾ പുറത്തെടുത്താല്‍ ഇന്ത്യൻ ടീമില്‍ ഏത് സ്ഥാനത്തും പ്രയോഗിക്കാവുന്ന ഒരു മികച്ച താരം ടീമിന് മുതല്‍ക്കൂട്ടാകും.
ബാറ്റ്സ്മാൻമാർക്ക് പുറമേ ഓൾറൗണ്ടർ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ മുൻ പന്തിയിലുള്ള രണ്ട് താരങ്ങൾ ഇവരാണ്.
1. രവീന്ദ്ര ജഡേജ
ഓൾറൗണ്ടറായി ഇന്ത്യൻ ടീമില്‍ വിലസിയിരുന്ന താരമാണ് ജഡേജ. റൺസ് വിട്ടുകൊടുക്കുന്നതിലെ പിശുക്കും നിർണായക വിക്കറ്റുകൾ വീഴ്ത്തുന്നതിലെ മിടുക്കും ജഡേജയെ ഇന്ത്യൻ ടീമിന്‍റെ പ്രിയതാരമാക്കി. എന്നാല്‍ ബാറ്റിംഗില്‍ തിളങ്ങാൻ കഴിയാത്തതാണ് താരത്തിന്‍റെ പ്രധാന വെല്ലുവിളി. ധോണിയുടെ പ്രിയ താരമായ ജഡേജ ഐപിഎല്ലില്‍ നിർണായക താരമായാല്‍ ലോകകപ്പിലേക്കുള്ള ടിക്കറ്റ് അനായാസം ലഭിക്കും.
2. വിജയ് ശങ്കർ
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലൂടെ അരങ്ങേറിയ യുവതാരമാണ് വിജയ് ശങ്കർ. ബാറ്റിംഗ് ഓൾറൗണ്ടറായി ടീമിലേക്ക് ചേക്കേറിയ വിജയ് ശങ്കറിനെ മധ്യനിരയില്‍ ഏത് സ്ഥാനത്തും പരീക്ഷിക്കാവുന്നതാണ്. അതുകൊണ്ട് ജഡേജയുടെ ഏറ്റവും വലിയ എതിരാളി വിജയ് ശങ്കറാണെന്ന് നിസംശയം പറയാം. സൺറൈസേഴ്സിന് വേണ്ടി ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയാല്‍ വിജയ് ശങ്കര്‍ഓൾറൗണ്ടറായി ടീമിലെത്താൻ സാധ്യതയുണ്ട്.