മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ഒരൊറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ടീം ഇന്ത്യ സെമി ഫൈനലിന് യോഗ്യത ഉറപ്പാക്കിയത്. ലോകകപ്പില്‍ തങ്ങള്‍ക്കെതിരെ കളിക്കാനിറങ്ങിയ 9 എതിരാളികളെയും തകര്‍ത്തെറിയാന്‍ രോഹിത് ശര്‍മയ്‌ക്കും (Rohit Sharma) സംഘത്തിനും സാധിച്ചിരുന്നു. ടേബിള്‍ ടോപ്പേര്‍ഴ്‌സായി ലോകകപ്പ് സെമിയില്‍ കടന്ന ടീം ഇന്ത്യ ഇതുവരെയുള്ള പ്രകടനം ഇനിയും തുടര്‍ന്ന് ലോക ക്രിക്കറ്റിന്‍റെ രാജാക്കന്മാരാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
വാനോളം, പ്രതീക്ഷകളുണ്ടെങ്കിലും കഴിഞ്ഞ കാലത്തേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ അത്ര നല്ല കഥയായിരിക്കില്ല ഇന്ത്യന്‍ ക്രിക്കറ്റിന് പറയാനുണ്ടാകുന്നത്. 48 വര്‍ഷത്തെ ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തില്‍ തങ്ങളുടെ എട്ടാമത്തെ സെമി ഫൈനല്‍ മത്സരം കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. മുന്‍പ് ഏഴ് പ്രാവശ്യം സെമിയില്‍ പോരടിച്ചിട്ടുണ്ടെങ്കിലും മൂന്ന് തവണ മാത്രമാണ് ഇന്ത്യന്‍ ടീമിന് സെമി ഫൈനല്‍ കടമ്പ കടന്ന് മുന്നേറാന്‍ സാധിച്ചിട്ടുള്ളത് (Team India Performance In Cricket World Cup Knock Out Matches).
ഏഴ് സെമി, മൂന്ന് ഫൈനല്‍, രണ്ട് കിരീടം: 2011ലായിരുന്നു ഇന്ത്യ അവസാനമായി സെമി ഫൈനല്‍ കടമ്പ കടന്ന് ലോകകപ്പിന്‍റെ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്‌തത്. അന്ന് ചിരവൈരികളായ പാകിസ്ഥാനായിരുന്നു ഇന്ത്യന്‍ തേരോട്ടത്തിന് മുന്നില്‍ വീണത്. ആ ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്ത് ലോക കിരീടവും നേടിയാണ് ഇന്ത്യ കളിയവസാനിപ്പിച്ചത്.
അതിന് മുന്‍പ് 2003, 1983 എന്നീ വര്‍ഷങ്ങളിലായിരുന്നു ലോകകപ്പിന്‍റെ സെമി ഫൈനലില്‍ ഇന്ത്യ ജയം നേടിയത്. ഇതില്‍ 1983ല്‍ കപിലിന്‍റെ ചെകുത്താന്മാര്‍ കരുത്തരായ വിന്‍ഡീസിനെ തകര്‍ത്ത് കിരീടവുമായിട്ടാണ് നാട്ടിലേക്ക് മടങ്ങിയത്. എന്നാല്‍, 2003ല്‍ ഇന്ത്യന്‍ ടീമിന് ലോകകപ്പ് ഫൈനലില്‍ നിന്നും കണ്ണീരോടെ മടങ്ങേണ്ടി വന്നു. അന്ന്, ഓസ്‌ട്രേലിയന്‍ ടീമാണ് ഇന്ത്യയെ പരാജയപ്പെടുത്തി ലോക കിരീടത്തില്‍ മുത്തമിട്ടത്.
വാങ്കഡെ മുതല്‍ മാഞ്ചസ്റ്റര്‍ വരെ: 1983ല്‍ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയതിന് പിന്നാലെ ടീം ഇന്ത്യ കിരീടം നിലനിര്‍ത്താനെത്തിയ 1987-ലും അവസാന നാലിലേക്ക് എത്താന്‍ ടീമിന് സാധിച്ചിരുന്നു. എന്നാല്‍, ചാമ്പ്യന്മാരുടെ പ്രതാപവുമായെത്തിയ ഇന്ത്യ സെമിയില്‍ ഇംഗ്ലണ്ടിനോടാണ് അന്ന് പരാജയപ്പെട്ടത്.
1992ലെ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് മടങ്ങിയ ഇന്ത്യ പിന്നീട് ലോകകപ്പിന്‍റെ സെമിയില്‍ കടക്കുന്നത് 1996ലാണ്. അന്ന് ചാമ്പ്യന്മാരായ ശ്രീലങ്കയാണ് ഇന്ത്യന്‍ കുതിപ്പിന് ഫുള്‍ സ്റ്റോപ് ഇട്ടത്. 1999ലെ ലോകകപ്പില്‍ ഇന്ത്യ സൂപ്പര്‍ സിക്‌സ് സ്റ്റേജില്‍ പുറത്തായി.
2003ലെ ഫൈനലിസ്റ്റുകളായ ഇന്ത്യ 2007ല്‍ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി. നിലവിലെ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ ക്യാപ്‌റ്റന്‍സിയിലായിരുന്നു ഇന്ത്യ അന്ന് ലോകകപ്പ് കളിക്കാനെത്തിയത്. 2011ല്‍ ഇന്ത്യയ്‌ക്ക് രണ്ടാം ലോക കിരീടം നേടിക്കൊടുത്ത നായകന്‍ എംഎസ് ധോണിക്ക് 2015ലെ ലോകകപ്പില്‍ ടീമിനായി ഈ നേട്ടം ആവര്‍ത്തിക്കാന്‍ സാധിച്ചില്ല.
സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ ആതിഥേയാരായ ഓസ്‌ട്രേലിയ ആയിരുന്നു അന്ന് ഇന്ത്യയെ തകര്‍ത്തെറിഞ്ഞത്. വിരാട് കോലിക്ക് കീഴിലാണ് 2019ല്‍ ഇന്ത്യ അവസാന ലോകകപ്പ് കളിച്ചത്. അന്ന് മാഞ്ചസ്റ്ററില്‍ നടന്ന സെമി ഫൈനലില്‍, ഇപ്പോഴത്തെ എതിരാളികള്‍ കൂടിയായ ന്യൂസിലന്‍ഡായിരുന്നു ഇന്ത്യയുടെ വഴിമുടക്കിയത്.
Also Read : ഇന്ത്യയെ ഭയപ്പെടുത്തുന്ന ഒരു ടീമുണ്ടെങ്കിൽ അത് ന്യൂസിലൻഡ് തന്നെ : മുന്‍ താരം റോസ് ടെയ്‌ലര്‍