ബെംഗളൂരു: ഏകദിന ക്രിക്കറ്റ് ലോകകപ്പ് (Cricket World Cup 2023) സെമി ഫൈനലില്‍ എതിരാളികളായി വരണമെന്ന് ഇന്ത്യ ആഗ്രഹിക്കാത്ത ടീമാണ് ന്യൂസിലന്‍ഡ് എന്ന് മുന്‍ ഇംഗ്ലീഷ് താരം സ്റ്റീവ് ഹാര്‍മിസണ്‍ (Steve Harmison). ഏകദിന ലോകകപ്പ് പോയിന്‍റ് പട്ടികയില്‍ (Cricket World Cup 2023 Points Table) നിലവില്‍ നാലാം സ്ഥാനക്കാരായ ന്യൂസിലന്‍ഡ് ഏകദേശം സെമി ബെര്‍ത്ത് ഉറപ്പിച്ച മട്ടാണ്. അവസാന മത്സരങ്ങളില്‍ പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനും മഹാത്ഭുതങ്ങള്‍ കാട്ടി ജയം പിടിച്ചാല്‍ മാത്രമെ കിവീസിന് ലോകകപ്പില്‍ നിന്നും പുറത്തേക്കുള്ള വാതില്‍ തുറക്കുകയുള്ളൂ.
2019ലെ ഏകദിന ലോകകപ്പിലും പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായി സെമി ഫൈനലില്‍ എത്തിയ ടീമാണ് ഇന്ത്യ. അന്ന് പോയിന്‍റ് പട്ടികയിലെ നാലാം സ്ഥാനക്കാരായിട്ട് ന്യൂസിലന്‍ഡായിരുന്നു യോഗ്യത നേടിയത്. ലോകകപ്പ് പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരും ഏറ്റുമുട്ടിയ ആദ്യ സെമിയില്‍ ഇന്ത്യയെ തോല്‍പ്പിച്ച് അന്ന് ഫൈനലിലേക്ക് കുതിച്ചത് ന്യൂസിലന്‍ഡാണ്. ഇക്കാര്യങ്ങളെല്ലം പരാമര്‍ശിച്ചുകൊണ്ടായിരുന്നു സ്റ്റീവ് ഹാര്‍മിസണിന്‍റെ പ്രതികരണം.
'വളരെ മികച്ച ടീമാണ് ന്യൂസിലന്‍ഡിന്‍റേത്. അവരെ ഒരിക്കലും എതിരാളികള്‍ക്ക് എഴുതി തള്ളാന്‍ സാധിക്കില്ല. ഇന്ത്യയ്‌ക്കൊപ്പം മൂന്ന് ടീമുകളാണ് ലോകകപ്പ് സെമിയില്‍ ഇടം പിടിക്കുന്നത്. ആ ടീമുകളില്‍ ഇന്ത്യ കളിക്കാന്‍ ആഗ്രഹിക്കാത്തത് ന്യൂസിലന്‍ഡിനോട് ആയിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.
ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം തകര്‍പ്പന്‍ ഫോമിലാണെന്ന് ഞാന്‍ പറയില്ല. ഇതിന് മുന്‍പും ഇന്ത്യയും ന്യൂസിലന്‍ഡും ലോകകപ്പ് പോലുള്ള വലിയ മത്സരങ്ങളില്‍ പോരടിച്ചിട്ടുണ്ട്. ഇപ്പോള്‍ സമ്മര്‍ദം മുഴുവനും ഇന്ത്യയുടെ മേലാണ്.
സമ്മര്‍ദത്തിന് കീഴില്‍ ഇന്ത്യന്‍ താരങ്ങള്‍ കളിക്കുന്നത് പതിവ് കാഴ്‌ചയാണ്. എന്നാല്‍, ഇവിടെ അവര്‍ക്കത് ദോഷം ചെയ്യുമെന്നും ഞാന്‍ കരുതുന്നില്ല. സെമി ഫൈനലില്‍ ആരെയെങ്കിലും നേരിടരുത് എന്ന് ഇന്ത്യ ചിന്തിക്കുന്നുണ്ടെങ്കില്‍ അത് ന്യൂസിലന്‍ഡിനെ മാത്രം ആയിരിക്കും'- ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയോട് സ്റ്റീവ് ഹാര്‍മിസണ്‍ പറഞ്ഞു.
ലോകകപ്പില്‍ ഇതുവരെ കളിച്ച എട്ട് മത്സരവും ജയിച്ച് പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായിട്ടാണ് ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടിയത്. നിലവില്‍ പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ കുഞ്ഞന്മാരായ നെതര്‍ലന്‍ഡ്‌സിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. നവംബര്‍ 12ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഈ മത്സരം.
Also Read : 'മുഹമ്മദ് ഷമിയുടെ വിക്കറ്റ് വേട്ടയ്‌ക്ക് പിന്നിലെ കാരണം ഇതാണ്…' ഗൗതം ഗംഭീറിന്‍റെ പ്രതികരണം ഇങ്ങനെ