അഹമ്മദാബാദ് : പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് വേണ്ടിയുമാണ് തങ്ങള്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടാന്‍ ആഗ്രഹിക്കുന്നതെന്ന് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ (Rohit Sharma Wants India To Win World Cup For Rahul Dravid). രോഹിത്-ദ്രാവിഡ് സഖ്യത്തിന്‍റെ കീഴില്‍ തോല്‍വി അറിയാതെയാണ് ടീം ഇന്ത്യ ക്രിക്കറ്റ് ലോകകപ്പിന്‍റെ (Cricket World Cup 2023) ഫൈനലിലേക്ക് മാര്‍ച്ച് ചെയ്‌തത്. ഫൈനലില്‍ കരുത്തരായ ഓസ്‌ട്രേലിയന്‍ ടീമിനെ നേരിടാനിറങ്ങുന്നതിന് മുന്‍പാണ് രോഹിത് ശര്‍മയുടെ പ്രതികരണം (India vs Australia Final).
2007ലെ ഏകദിന ലോകകപ്പില്‍ രാഹുല്‍ ദ്രാവിഡിന്‍റെ നേതൃത്വത്തിലായിരുന്നു ഇന്ത്യ കളിക്കാനിറങ്ങിയത്. അന്ന്, അപ്രതീക്ഷിത തോല്‍വികളുമായി ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യ പുറത്തായി. ആ സമയത്ത് ദ്രാവിഡിന് സാധിക്കാതിരുന്ന കാര്യം പരിശീലക വേഷത്തില്‍ മുന്‍ താരത്തിന് നേടാനാകുമെന്ന് പ്രതീക്ഷയിലാണ് ആരാധകരും.
രാഹുല്‍ ദ്രാവിഡ് - രോഹിത് ശര്‍മ സഖ്യത്തിന് കീഴില്‍ ലോകകപ്പിലെ എല്ലാ മത്സരത്തിലും ജയം പിടിക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചു. ഈ വിജയക്കുതിപ്പിന് പിന്നില്‍ ഓരോ താരങ്ങള്‍ക്കും അവരുടെ ജോലിയെ കുറിച്ച് വ്യക്തമായ ധാരണ നല്‍കാന്‍ ദ്രാവിഡിന് സാധിച്ചിട്ടുണ്ടെന്ന് രോഹിത് ശര്‍മ അഭിപ്രായപ്പെട്ടു.
'ഈ ടീം ഇന്ന് ഇത്രയും മികച്ച പ്രകടനം നടത്തുന്നതില്‍ വളരെ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് രാഹുല്‍ ദ്രാവിഡ്. ക്രിക്കറ്റിനായി വിലയേറിയ സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അദ്ദേഹം കളിച്ചിരുന്ന കാലഘട്ടത്തിലെ ക്രിക്കറ്റ് അല്ല ഇപ്പോഴുള്ളത്.
അന്നത്തെയും ഇന്നത്തെയും ക്രിക്കറ്റ് തമ്മില്‍ വലിയ അന്തരമുണ്ട്. ഞങ്ങള്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന ശൈലിയും മത്സരത്തെ നേരിടുന്ന രീതിയേയും അദ്ദേഹവും പിന്തുണയ്‌ക്കുന്നുണ്ട്. പ്രയാസഘട്ടങ്ങളില്‍ പോലും അദ്ദേഹം ടീമിലെ ഓരോ താരങ്ങള്‍ക്കും വേണ്ടിയാണ് നിന്നത്.
കഴിഞ്ഞ ടി20 ലോകകപ്പിന്‍റെ സെമി ഫൈനല്‍ വരെ നമ്മളെത്തി. എന്നാല്‍, സെമി കടന്ന് മുന്നേറാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. ഈ സാഹചര്യത്തിലും താരങ്ങള്‍ക്കൊപ്പം തന്നെയാണ് അദ്ദേഹം നിന്നിരുന്നത്.
വിശിഷ്‌ടമായ നേട്ടങ്ങളുടെ ഭാഗമാകാന്‍ അദ്ദേഹവും അര്‍ഹനാണ്. അദ്ദേഹത്തിന് വേണ്ടിയും ഈ കിരീടം നേടാന്‍ തന്നെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതും'- രോഹിത് ശര്‍മ പറഞ്ഞു.
മൂന്നാം ലോകകിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. അഹമ്മദാബാദില്‍ നിന്നും ആറാം കിരീടം നേടി മടങ്ങാനാണ് ഓസ്‌ട്രേലിയന്‍ ടീമിന്‍റെ വരവ്.