ബെംഗളൂരു : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) സെമി ഫൈനല്‍ സാധ്യതകള്‍ സജീവമാക്കാന്‍ ന്യൂസിലന്‍ഡ് ഇന്ന് (നവംബര്‍ 4) ഇറങ്ങും. പോയിന്‍റ് പട്ടികയിലെ ആറാം സ്ഥാനക്കാരായ പാകിസ്ഥാനാണ് മത്സരത്തില്‍ കിവീസിന്‍റെ എതിരാളികള്‍. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാവിലെ പത്തരയ്‌ക്കാണ് മത്സരം (New Zealand vs Pakistan).
തുടര്‍ തോല്‍വികളില്‍ വലയുന്ന ന്യൂസിലന്‍ഡിന് ലോകകപ്പ് സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്ന് ജയം അനിവാര്യമാണ്. നിലവില്‍ പോയിന്‍റ് പട്ടികയിലെ നാലാം സ്ഥാനക്കാരാണ് അവര്‍. ടൂര്‍ണമെന്‍റിലെ ആദ്യ നാല് മത്സരങ്ങള്‍ ജയിച്ചെങ്കിലും അവസനം കളിച്ച മൂന്ന് മത്സരങ്ങളിലും തോറ്റതോടെയാണ് ടീം പോയിന്‍റ് പട്ടികയില്‍ താഴേക്ക് പിന്തള്ളപ്പെട്ടത്.
- " class="align-text-top noRightClick twitterSection" data="">
പ്രധാന താരങ്ങളുടെയെല്ലാം പരിക്കാണ് ലോകകപ്പ് അവസാന ഘട്ടത്തില്‍ കിവീസിന് ആശങ്ക. കെയ്‌ന്‍ വില്യംസണ്‍, ജിമ്മി നീഷാം, മാര്‍ക്ക് ചാപ്‌മാന്‍, വെറ്ററന്‍ പേസര്‍ ടിം സൗത്തി എന്നിവരെല്ലാം ഇന്നും പുറത്തിരിക്കാനാണ് സാധ്യത. പേസര്‍ മാറ്റ് ഹെൻറിക്ക് പകരമെത്തിയ കൈല്‍ ജാമിസണ്‍ ഇന്ന് പ്ലേയിങ് ഇലവനിലേക്ക് എത്തുമോ എന്നും കണ്ടറിയണം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന മത്സരത്തില്‍ നിറം മങ്ങിയ ബാറ്റര്‍മാര്‍ വീണ്ടും മികവിലേക്ക് ഉയരുമെന്നാണ് ടീമിന്‍റെ പ്രതീക്ഷ. ഡെവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍ എന്നിവര്‍ മികവ് പുലര്‍ത്തിയാല്‍ കിവീസിന് ചിന്നസ്വാമിയിലെ ബാറ്റിങ് പിച്ചില്‍ വമ്പന്‍ സ്കോര്‍ തന്നെ സ്വപ്‌നം കാണാം. ബൗളിങ്ങില്‍ ട്രെന്‍റ് ബോള്‍ട്ട്, മിച്ചല്‍ സാന്‍റ്‌നര്‍ എന്നിവരുടെ പ്രകടനങ്ങളായിരിക്കും ഇന്ന് നിര്‍ണായകമാകുന്നത്.
Also Read : സ്റ്റാര്‍ പേസര്‍ പുറത്ത്, തുടര്‍തോല്‍വികള്‍ക്കിടെ കിവീസിന് വീണ്ടും തിരിച്ചടി, കൈല്‍ ജാമിസൺ പകരക്കാരൻ
മറുവശത്ത് സെമി ഫൈനല്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍റെയും വരവ്. തുടര്‍ തോല്‍വികള്‍ക്കൊടുവില്‍ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ വീഴ്‌ത്താനായതിന്‍റെ ആത്മവിശ്വാസത്തിലാകും പാക് പടയിറങ്ങുന്നത്. ചിന്നസ്വാമിയില്‍ കിവീസിനെതിരെ വലിയ മാര്‍ജിനില്‍ ജയിക്കാനായാല്‍ ബാബര്‍ അസമിനും സംഘത്തിനും പോയിന്‍റ് പട്ടികയില്‍ ആദ്യ നാലിലേക്ക് എത്താം.
സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദി ഫോമിലായത് നിലവില്‍ പാകിസ്ഥാന് ആശ്വാസമാണ്. അവസാന മത്സരത്തില്‍ ന്യൂബോളിലും ഡെത്ത് ഓവറിലും അഫ്രീദിക്ക് വിക്കറ്റ് നേടാനായെന്നത് പാകിസ്ഥാന് പ്രതീക്ഷകള്‍ സമ്മാനിക്കുന്നു. മുഹമ്മദ് വസീമും മികച്ച രീതിയില്‍ തന്നെ പന്തെറിയുന്നുണ്ട്.
ആദ്യ മത്സരങ്ങളിലെ മോശം പ്രകടനങ്ങള്‍ക്ക് ശേഷം പാക് നിരയിലേക്കുള്ള തിരിച്ചുവരവ് അര്‍ധസെഞ്ച്വറി നേടി ആഘോഷമാക്കാന്‍ ഫഖര്‍ സമാന് സാധിച്ചിരുന്നു. ഇന്നും ഫഖര്‍ ഇതേ പ്രകടനം ആവര്‍ത്തിക്കുമെന്നാണ് പാക് ആരാധകരുടെ പ്രതീക്ഷ. നായകന്‍ ബാബര്‍ അസം, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍, അബ്‌ദുള്ള ഷെഫീഖ് എന്നിവരും മികവിലേക്ക് ഉയര്‍ന്നാല്‍ പാകിസ്ഥാന് കിവീസ് ബൗളിങ് നിരയെ ആശങ്കകളൊന്നുമില്ലാതെ തന്നെ നേരിടാം.
ഏകദിന ലോകകപ്പ് 2023 ന്യൂസിലന്‍ഡ് സ്‌ക്വാഡ് (Cricket World Cup 2023 New Zealand Squad): കെയ്‌ന്‍ വില്യംസണ്‍ (ക്യാപ്‌റ്റന്‍), വില്‍ യങ്, ഡെവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, ജിമ്മി നീഷാം, മാര്‍ക്ക് ചാപ്‌മാന്‍, മിച്ചല്‍ സാന്‍റ്‌നര്‍, ട്രെന്‍റ് ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍, ഇഷ് സോധി, കൈല്‍ ജാമിസണ്‍.
പാകിസ്ഥാന്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 സ്ക്വാഡ് (Cricket World Cup 2023 Pakistan Squad): ഫഖർ സമാൻ, അബ്‌ദുല്ല ഷഫീഖ്, ഇമാം ഉല്‍ ഹഖ്, ബാബർ അസം (ക്യാപ്‌റ്റന്‍), മുഹമ്മദ് റിസ്‌വാൻ (വിക്കറ്റ് കീപ്പര്‍), ഇഫ്‌തിഖർ അഹമ്മദ്, ഷദാബ് ഖാൻ, സൗദ് ഷക്കീൽ, മുഹമ്മദ് നവാസ്, സൽമാൻ അലി ആഘ, ഷഹീൻ അഫ്രീദി, ഹസൻ അലി, ഹാരിസ് റൗഫ്, മുഹമ്മദ് വസീം, ഉസാമ മിർ.