ഐസിസി ടൂര്‍ണമെന്‍റിന് വേദികള്‍ ഒരുങ്ങുമ്പോഴെല്ലാം ക്രിക്കറ്റ് പണ്ഡിതന്മാര്‍ കിരീട സാധ്യത കല്‍പ്പിക്കുന്ന പ്രധാന ടീമുകളില്‍ ഒന്നാണ് ന്യൂസിലന്‍ഡ് (New Zealand Cricket Team). എന്നാല്‍, പലപ്പോഴും കിരീടത്തിന് തൊട്ടരികില്‍ അവസാനിക്കും അവരുടെ പോരാട്ടം. 2007 മുതല്‍ ഇങ്ങോട്ടുള്ള ചരിത്രം പരിശോധിച്ചാല്‍ ഓരോ ടൂര്‍ണമെന്‍റിലും അവസാന നാലില്‍ തന്നെയാണ് കിവീസിന്‍റെ സ്ഥാനം.
കഴിഞ്ഞ രണ്ട് ഏകദിന ക്രിക്കറ്റ് ലോകകപ്പിലെയും റണ്ണര്‍ അപ്പുകളാണ് അവര്‍. 2015ല്‍ ഓസ്‌ട്രേലിയ, 2019ല്‍ ഇംഗ്ലണ്ട് ലോക ക്രിക്കറ്റിലെ രണ്ട് വമ്പന്‍മാര്‍ക്ക് മുന്നിലായിരുന്നു കഴിഞ്ഞ രണ്ട് പ്രാവശ്യവും കിവീസ് വീണത്. കഴിഞ്ഞ തവണ കിവീസിന് കിരീടം നഷ്‌ടമായ കഥ ഒരു ക്രിക്കറ്റ് ആരാധകനും മറക്കാനിടയില്ല.

ലോര്‍ഡ്‌സിലെ ആ പോരാട്ടത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ രണ്ട് നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ന്യൂസിലന്‍ഡ് സമനില വഴങ്ങി. പിന്നീട് മത്സരത്തില്‍ നേടിയ ബൗണ്ടറികളുടെ എണ്ണം നോക്കി ഫലം നിര്‍ണയിക്കപ്പെട്ടപ്പോള്‍ കിവീസ് രണ്ടാം സ്ഥാനക്കാര്‍...! അതെല്ലാം പഴയ കഥകളാണ്.. ഇക്കുറി പഴയ ചരിത്രങ്ങളെല്ലാം ഇന്ത്യന്‍ മണ്ണില്‍ മാറ്റിയെഴുതാനാകുമെന്ന പ്രതീക്ഷയിലാണ് ലോകകപ്പിലേക്ക് ന്യൂസിലന്‍ഡിന്‍റെ വരവ്.
വമ്പന്‍ താരനിരയൊന്നുമില്ലെങ്കിലും കളിയുടെ ഗതിമാറ്റിയെഴുതാന്‍ പോന്ന ഒരു കൂട്ടം കളിക്കാരുമായിട്ടാണ് ന്യൂസിലന്‍ഡ് ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ ലോകകപ്പിലെ താരമായ നായകന്‍ കെയ്‌ന്‍ വില്യംസണ്‍ തന്നെയാണ് ഇക്കുറിയും അവരുടെ തുറുപ്പുചീട്ട്. കൂടാതെ ട്രെന്‍റ് ബോള്‍ട്ട്, ഡെവോണ്‍ കോണ്‍വെ, ടിം സൗത്തി, ജിമ്മി നീഷം എന്നിവരുടെ പരിചയസമ്പത്തും ചേരുമ്പോള്‍ കിവീസിനെ അത്രപെട്ടന്ന് എഴുതി തള്ളാന്‍ സാധിക്കില്ല. കൂടാതെ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ മികവ് തെളിയിച്ച യുവതാരങ്ങളും ടീമിനെ കരുത്തരാക്കുന്നു.

'മധുരമില്ലാത്ത' കിവീസ് ലോകകപ്പ് 'ചരിത്രം': പ്രഥമ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (1975) സെമി ഫൈനലിസ്റ്റുകളാണ് ന്യൂസിലന്‍ഡ്. ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനക്കാരായി അവസാന നാലില്‍ എത്തിയ ടീം അന്ന് സെമിയില്‍ കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനോട് പരാജയപ്പെട്ടാണ് മടങ്ങിയത്. 1979ലും സെമി ഫൈനല്‍, അവിടെ വീണത് ഇംഗ്ലണ്ടിന് മുന്നില്‍.
ന്യൂസിലന്‍ഡ് ഇല്ലാത്ത ആദ്യ ലോകകപ്പ് സെമിഫൈനല്‍ ആയിരുന്നു 1983ലേത്. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് ജയം നേടി മൂന്നാം സ്ഥാനക്കാരായിട്ടായിരുന്നു അന്ന് കിവീസിന്‍റെ മടക്കം. 1987ല്‍ ടീം വീണ്ടും പിന്നിലേക്ക്. ഗ്രൂപ്പ് ഘട്ടത്തില്‍ ആകെ ജയിച്ചത് രണ്ട് മത്സരങ്ങള്‍ മാത്രം.
ഓസ്‌ട്രേലിയക്കൊപ്പം ന്യൂസിലന്‍ഡും ആതിഥേയത്വം വഹിച്ച ലോകകപ്പ് ആയിരുന്നു 1992ലേത്. അന്ന് സ്വപ്‌ന തുല്യമായ കുതിപ്പ് നടത്തിയ കിവീസ് സംഘം പ്രഥാമിക റൗണ്ടില്‍ തോല്‍വി വഴങ്ങിയത് ഒരു മത്സരത്തില്‍ മാത്രമായിരുന്നു. മാര്‍ട്ടിന്‍ ക്രോയുടെ നേതൃത്വത്തില്‍ ഇറങ്ങിയ സംഘം കിരീടം നേടുമെന്നാണ് എല്ലാവരും കരുതിയത്.

എന്നാല്‍, അവിടെയും ടീമിന് സെമി ഫൈനലില്‍ കാലിടറി. സെമിയില്‍ പാകിസ്ഥാനോട് തോറ്റ് ന്യൂസിലന്‍ഡ് പുറത്തേക്ക്. 1996ല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കിവീസ് പോരാട്ടം അവസാനിച്ചു. 1999ലെ ലോകകപ്പിലും പാകിസ്ഥാനാണ് സെമിയില്‍ ന്യൂസിലന്‍ഡിനെ തടഞ്ഞത്.
2000ല്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയ കിവീസ് 2003ല്‍ നടന്ന ഏകദിന ലോകകപ്പില്‍ സൂപ്പര്‍ സിക്‌സി ല്‍ പുറത്തായി. 2007, 2011 വര്‍ഷങ്ങളില്‍ സെമി ഫൈനലില്‍ ശ്രീലങ്ക കിവീസിന്‍റെ വഴിയടച്ചു. പിന്നീട് നടന്ന രണ്ട് ലോകകപ്പുകളില്‍ ഫൈനലിലെത്തിയ ന്യൂസിലന്‍ഡിന് കാലിടറിയത് ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും മുന്നില്‍.
ന്യൂസിലന്‍ഡ് ഏകദിന ലോകകപ്പ് 2023 സ്ക്വാഡ്: ഡെവോണ്‍ കോണ്‍വെ, മാര്‍ക്ക് ചാപ്‌മാന്‍, കെയ്ൻ വില്യംസൺ (ക്യാപ്‌റ്റന്‍), വില്‍ യങ്, ടോം ലാഥം, ഡാരില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്‍റ്‌നര്‍, ടിം സൗത്തി, ട്രെന്‍റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെൻറി, രചിന്‍ രവീന്ദ്ര, ഇഷ് സോധി.