ലഖ്‌നൗ : സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായതോടെ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ അഞ്ച് ബൗളര്‍മാരുമായിട്ടാണ് ടീം ഇന്ത്യ കളിക്കാനിറങ്ങിയത്. പന്തെറിഞ്ഞ അഞ്ച് പേരും ഈ മത്സരത്തില്‍ മികവ് കാട്ടുകയും ടീം ഇന്ത്യ കിവീസിനെതിരെ തകര്‍പ്പന്‍ ജയം നേടുകയും ചെയ്‌തിരുന്നു. ആ മത്സരം കഴിഞ്ഞ് ഒരാഴ്‌ചത്തെ വിശ്രമത്തിന് ശേഷം ലോകകപ്പിലെ അടുത്ത മത്സരത്തില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ നാളെയയാണ് രോഹിത് ശര്‍മയും (Rohit Sharma) സംഘവും ഇറങ്ങുന്നത് (India vs England).
നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ സാധിച്ചാല്‍ ക്രിക്കറ്റ് ലോകകപ്പ് പോയിന്‍റ് പട്ടികയില്‍ (Cricket World Cup 2023) നഷ്‌ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ഇന്ത്യയ്‌ക്ക് സാധിക്കും. ലഖ്‌നൗവിലെ ഏകന സ്പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ടിനാണ് മത്സരം ആരംഭിക്കുന്നത്. ധര്‍മ്മശാലയില്‍ പേസിനെ തുണയ്‌ക്കുന്ന പിച്ചില്‍ ഒരു അധിക പേസറെ ഉള്‍പ്പെടുത്തി അഞ്ച് ബൗളര്‍മാരുമായി ഇറങ്ങിയ ഇന്ത്യയ്‌ക്ക് എന്നാല്‍ ലഖ്‌നൗവില്‍ കാര്യങ്ങള്‍ അനുകൂലമാകണമെന്നില്ല.
കാരണം, സ്‌പിന്നിനെ കൂടുതല്‍ സഹായിക്കുന്ന പിച്ചാണ് ലഖ്‌നൗവിലേത്. ഈ സാഹചര്യത്തില്‍ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരം മാത്രം കളിച്ച രവിചന്ദ്രന്‍ അശ്വിന്‍ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തുമോ എന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്. അതിനിടെ ടീമിലെ ആറാം ബൗളറാകാന്‍ ബാറ്റര്‍മാരും പരിശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ് ദിവസമായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ വ്യത്യസ്‌ത രീതിയില്‍ പരിശീലനം നടത്തിയത്.
വിരാട് കോലി (Virat Kohli), ശുഭ്‌മാന്‍ ഗില്‍ (Shubman Gill), സൂര്യകുമാര്‍ യാദവ് (Suryakumar Yadav) എന്നിവരായിരുന്നു ബൗളിങ്ങിലും ഒരു കൈ നോക്കിയത്. ഇവര്‍ക്കൊപ്പം ഇന്ത്യന്‍ ടീമിലെ പ്രധാന ബൗളര്‍മാരായ ജസ്പ്രീത് ബുംറ (Jasprit Bumrah), കുല്‍ദീപ് യാദവ് (Kuldeep Yadav), രവീന്ദ്ര ജഡേജ (Ravindra Jadeja) എന്നിവര്‍ ബൗളിങ്ങില്‍ വേറിട്ടൊരു പരീക്ഷണത്തിനും മുതിര്‍ന്നിരുന്നു.
വലം കയ്യന്‍ പേസറായ ജസ്പ്രീത് ബുംറ ഇടംകയ്യുപയോഗിച്ച് സ്‌പിന്‍ എറിയാനായിരുന്നു ശ്രമിച്ചത്. കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ വലംകൈ കൊണ്ടാണ് നെറ്റ്‌സില്‍ പന്തെറിഞ്ഞത്. സ്റ്റാര്‍ ബാറ്ററായ വിരാട് കോലി, യുവതാരം ശുഭ്‌മാന്‍ ഗില്ലുമുള്‍പ്പടെ നെറ്റ്‌സില്‍ പന്തെറിയുകയും ചെയ്‌തിരുന്നു (Virat Kohli Bowling In Indian Practice Session).
Also Read : Virat Kohli turns bowler in nets ബാറ്റിങ് ഓകെ, ഇനി ബൗളിങില്‍ ഒരു കൈനോക്കണം...ഇത് ഓൾറൗണ്ടർ വിരാട് കോലി