കൊല്‍ക്കത്ത : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ഇന്ന് (ഒക്‌ടോബര്‍ 28) നടക്കുന്ന രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശ് നെതര്‍ലന്‍ഡ്‌സിനെ നേരിടും (Bangladesh vs Netherlands). സെമി പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ച ഇരു ടീമും ആശ്വാസ ജയത്തിനായിട്ടാണ് കളത്തിലിറങ്ങുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഉച്ചയ്‌ക്ക് രണ്ടിനാണ് മത്സരം ആരംഭിക്കുന്നത്.
അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരു ജയം മാത്രമാണ് ബംഗ്ലാദേശിനും നെതര്‍ലന്‍ഡ്‌സിനും ലോകകപ്പില്‍ ഇതുവരെ സ്വന്തമാക്കാന്‍ സാധിച്ചത്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് അഫ്‌ഗാനിസ്ഥാനെതിരെ ജയം നേടിയപ്പോള്‍ നിലവില്‍ പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയെ ആയിരുന്നു ഡച്ച് പട തകര്‍ത്തുവിട്ടത്. പോയിന്‍റ് പട്ടികയില്‍ നിലവില്‍ എട്ട്, പത്ത് സ്ഥാനങ്ങളിലാണ് ബംഗ്ലാദേശ് നെതര്‍ലന്‍ഡ്‌സ് ടീമുകള്‍.
ഇന്ത്യയില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ ബംഗ്ലാദേശിന് കുതിപ്പ് നടത്താന്‍ സാധിക്കുമെന്നായിരുന്നു ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തില്‍ പലരും വിലയിരുത്തിയിരുന്നത്. എന്നാല്‍, ആദ്യ കളിയില്‍ അഫ്‌ഗാനിസ്ഥാനെ പരാജയപ്പെടുത്തിയ അവര്‍ക്ക് പിന്നീട് ഒരു മത്സരം പോലും ജയിക്കാനായിരുന്നില്ല. പ്രധാന താരങ്ങളെല്ലാം ഫോം ഔട്ടായതാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്.
നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ഉള്‍പ്പടെയുള്ള താരങ്ങളൊന്നും ഇക്കുറി മികവിലേക്ക് ഉയര്‍ന്നിരുന്നില്ല. തിരിച്ചടികള്‍ക്കിടയിലും വെറ്ററന്‍ ബാറ്റര്‍ മൊഹ്‌മദുള്ളയുടെ ഫോം ടീമിന് അല്‍പം ആശ്വാസമാണ്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ കഴിഞ്ഞ മത്സരത്തില്‍ താരം സെഞ്ച്വറിയടിച്ചിരുന്നു. ബംഗ്ലാദേശിന്‍റെ ബൗളിങ് നിരയ്‌ക്കും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
ലോകകപ്പ് യോഗ്യത റൗണ്ട് മത്സരം കളിച്ചെത്തിയ നെതര്‍ലന്‍ഡ്‌സ് ഇക്കുറി ടൂര്‍ണമെന്‍റില്‍ പല വമ്പന്‍മാരെയും വിറപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം മാറ്റി നിര്‍ത്തിയാല്‍ മറ്റെല്ലാ കളിയിലും ദയനീയമായിരുന്നു അവരുടെ പ്രകടനം. വമ്പന്‍ മത്സരങ്ങള്‍ കളിച്ചുള്ള താരങ്ങളുടെ പരിചയക്കുറവാണ് അവര്‍ക്ക് തിരിച്ചടിയായത്.
ഓള്‍ റൗണ്ടര്‍മാരുടെ പ്രകടനമാണ് നെതര്‍ലന്‍ഡ്‌സ് ടീമിന്‍റെ പ്രധാന പ്രതീക്ഷ. ഈ ലോകകപ്പില്‍ തന്നെ മുന്‍നിര തകര്‍ന്ന പല മത്സരങ്ങളിലും ഓള്‍ റൗണ്ടര്‍മാരടങ്ങിയ മധ്യനിരയാണ് ടീമിനെ രക്ഷപ്പെടുത്തിയിട്ടുള്ളത്. ബാറ്റര്‍മാരുടെ സ്ഥിരതയില്ലായ്‌മയാണ് ടീമിന് പലപ്പേഴും തിരിച്ചടിയായിട്ടുള്ളത്.
ഏകദിന ലോകകപ്പ് 2023 നെതര്‍ലന്‍ഡ്‌സ് സ്‌ക്വാഡ് (Cricket World Cup 2023 Netherlands Squad): വിക്രം സിങ്, മാക്‌സ് ഒഡൗഡ്, ബാസ് ഡി ലീഡ്, തേജ നിദാമനുരു, സ്‌കോട്ട് എഡ്വേർഡ്‌സ് (ക്യാപ്‌റ്റന്‍), കോളിൻ അക്കർമാൻ, പോൾ വാൻ മീകെരെൻ, ലോഗൻ വാൻ ബീക്ക്, ആര്യൻ ദത്ത്, റോലോഫ് വാൻ ഡെർ മെർവെ, സാഖിബ് സുൽഫിഖര്‍, ഷാരിസ് അഹമ്മദ്, റയാൻ ക്ലെയ്‌ൻ, വെസ്‌ലി ബറേസി, സിബ്രാൻഡ് ഏംഗൽബ്രെച്ച്.
ബംഗ്ലാദേശ് ഏകദിന ലോകകപ്പ് 2023 സ്‌ക്വാഡ് (Bangladesh Cricket World Cup 2023 Squad): നജ്‌മുൽ ഹൊസൈൻ ഷാന്‍റോ (വൈസ് ക്യാപ്‌റ്റന്‍), ലിറ്റൺ കുമർ ദാസ്, ഷാക്കിബ് അൽ ഹസൻ (ക്യാപ്‌റ്റന്‍), തൻസീദ് ഹസൻ തമീം, മുഷ്‌ഫിഖുർ റഹീം, തൗഹിദ് ഹൃദോയ്, മെഹിദി ഹസൻ, മഹ്‌മുദുള്ള റിയാദ്, ഷാക് മഹിദി ഹസൻ, തസ്‌കിന്‍ അഹ്‌മദ്, മുസ്‌തഫിസുര്‍ റഹ്‌മാന്‍, നാസും അഹമ്മദ്, ഷോരിഫുല്‍ ഇസ്‌ലാം, തന്‍സിം ഹസന്‍ സാകിബ്, ഹസന്‍ മഹ്‌മൂദ്.