ബെംഗളൂരു : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ആദ്യ റൗണ്ടിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ സെഞ്ച്വറി നേടണമെന്ന് മുന്‍ താരം ആകാശ് ചോപ്ര. ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമാണ് രോഹിത് ശര്‍മ. ഈ ലോകകപ്പില്‍ ഒരു സെഞ്ച്വറിയും രേഹിത് അടിച്ചെടുത്തിട്ടുണ്ട്.
പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിന് ടീം ഇന്ത്യ ഇന്നാണ് നെതര്‍ലന്‍ഡ്‌സിനെ നേരിടാന്‍ ഇറങ്ങുന്നത് (India vs Netherlands). ബാറ്റിങ്ങിനെ പിന്തുണയ്‌ക്കുന്ന ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ടിനാണ് മത്സരം ആരംഭിക്കുന്നത്. ഈ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ബാറ്റിങ്ങില്‍ കൂടുതല്‍ ആധിപത്യം സ്ഥാപിക്കാന്‍ സാധിക്കുമെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.
'ബെംഗളൂരുവിലാണ് ഇന്ത്യയും നെതര്‍ലന്‍ഡ്‌സും പോരടിക്കുന്ന മത്സരം നടക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടെ കൂടുതല്‍ റണ്‍സ് പിറക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഒന്നാം വിക്കറ്റില്‍ രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലും ചേര്‍ന്ന് 150-175 വരെ റണ്‍സ് സ്കോര്‍ ചെയ്യുമെന്നാണ് ഞാന്‍ കരുതുന്നത്.
രോഹിത് ഇവിടെ തനിക്ക് നഷ്‌ടമായ സെഞ്ച്വറി അടിച്ചെടുക്കണം. അത് വലിയൊരു ഇന്നിങ്‌സ് കളിച്ച് തന്നെയാകണം. ഫ്ലാറ്റ് ട്രാക്കിലെ സാഹചര്യങ്ങള്‍ ഗില്ലും പരമാവധി പ്രയോജനപ്പെടുത്തും.
പ്ലേയിങ് ഇലവനില്‍ ഇന്ത്യ മാറ്റം നടത്താന്‍ തയാറാകുമെന്ന് ഞാനും കരുതുന്നില്ല. പ്രസിദ് കൃഷ്‌ണയ്‌ക്ക് അവസരം ലഭിക്കുമോ എന്നത് കണ്ട് തന്നെ അറിയേണ്ട കാര്യമാണ്. ഏഴ് ദിവസത്തോളമുള്ള വിശ്രമത്തിന് ശേഷമാണ് താരങ്ങള്‍ ഈ മത്സരത്തിന് ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയ്‌ക്കായി അവസാന മത്സരം കളിച്ച അതേ ടീം തന്നെ കളിക്കുമെന്നും അവര്‍ ജയം തുടരുമെന്നുമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്'- ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.
ഇന്ത്യയ്‌ക്കെതിരായ മത്സരം നെതര്‍ലന്‍ഡ്‌സിന് കനത്ത വെല്ലുവിളിയായിരിക്കുമെന്നും ആകാശ് ചോപ്ര പറഞ്ഞു. പോയിന്‍റ് പട്ടികയിലെ പത്താം സ്ഥാനക്കാരാണ് ഡച്ച് പട. കളിച്ച എട്ട് മത്സരങ്ങളില്‍ നിന്നും ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെയാണ് അവര്‍ക്ക് ജയം നേടാന്‍ സാധിച്ചത്.
'ആരെയും നിസാരക്കാരായി കാണാന്‍ സാധിക്കില്ല എന്നത് വാസ്‌തവമാണ്. എന്നാല്‍, ഇന്ത്യയും നെതര്‍ലന്‍ഡ്‌സും തമ്മില്‍ വളരെ വലിയ അന്തരമാണുള്ളത്. മികച്ച പ്രകടനം തന്നെ നെതര്‍ലന്‍ഡ്‌സ് ഈ ലോകകപ്പില്‍ കാഴ്‌ചവച്ചിട്ടുണ്ട്.
ഇപ്പോള്‍ അവര്‍ക്ക് മുന്നിലുള്ളത് എവറസ്റ്റിനേക്കാള്‍ വലിയൊരു പര്‍വതമാണ്. അതിനെ മറികടക്കുക എന്നത് അവരെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരിക്കും'- ആകാശ് ചോപ്ര പറഞ്ഞു.
Also Read : രോഹിത് ശര്‍മയുടെ 'ചിന്നസ്വാമി'; സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡിനരികില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍