ലണ്ടന്‍: പാകിസ്ഥാന്‍ ഓപ്പണിംഗ് ബാറ്റ്സ്മാൻ ഇമാം ഉള്‍ ഹഖിന് പരിക്ക്. ഇന്നലെ ഇംഗ്ലണ്ടിനെതിരെ നടന്ന നാലാം ഏകദിനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇമാമിന്‍റെ പരിക്ക് പാകിസ്ഥാൻ ക്യാമ്പിൽ ആശങ്കകൾക്കിടയാക്കി.
മത്സരത്തിനിടെ ഇടത് കൈമുട്ടിന് പരിക്കേറ്റ ഇമാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എക്‌സറേ പരിശോധനയില്‍ പരിക്ക് ഗുരുതരമല്ലെന്നാണ് വ്യക്തമായത്. എന്നാല്‍ കയ്യില്‍ നീരുവന്നതായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഇംഗ്ലണ്ട് പേസർ മാര്‍ക്ക് വുഡിന്‍റെ ഷോര്‍ട്ട് ബോള്‍ നേരിടാൻ ശ്രമിക്കവെയായിരുന്നു അപകടം. കഴിഞ്ഞ മത്സരത്തിലടക്കം മികച്ച പ്രകടനം കാഴ്ചവച്ച താരമായിരുന്നു ഇമാം. ലോകകപ്പ് അടുത്ത് നില്‍ക്കെ ഇമാമിന്‍റെ പരിക്ക് പാകിസ്ഥാന് കനത്ത തിരിച്ചടിയായേക്കും.