ട്രെന്‍റ് ബ്രിഡ്ജ് : ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ രണ്ടാം മത്സരത്തിൽ ഇന്ന് വെസ്റ്റ് ഇൻഡീസ് പാകിസ്ഥാനെ നേരിടും. ലോകകപ്പിലെ കറുത്ത കുതിരകളാകുമെന്ന് വിലയിരുത്തുന്ന ടീമാണ് വിന്‍ഡീസ്. ലോക ക്രിക്കറ്റിലെ ഏറ്റവും പ്രവചനാതീതമായ ടീമാണ് പാകിസ്ഥാൻ. കരീബിയൻ ബാറ്റിംഗും പാക് ബൗളർമാരും തമ്മിലുള്ള പോരാട്ടം കൂടിയാകും ഇന്നത്തെ മത്സരം.
ശക്തമായ ബാറ്റിംഗ് നിരയാണ് വിൻഡീസിന്‍റെ ശക്തി. ഒരുപിടി വെടിക്കെട്ട് ബാറ്റ്സ്മാൻമാരുമായാണ് കരീബിയൻ ടീമിന്‍റെ ലോകകപ്പിലേക്കുള്ള വരവ്. ലോകത്തിലെ തന്നെ ഏറ്റവും വിനാശകാരികളായ ബാറ്റിംഗ് നിരയും വെസ്റ്റ് ഇൻഡീസിന് അവകാശപ്പെടാനുള്ള കരുത്താണ്. മത്സരത്തിന്‍റെ ഗതി ഒറ്റക്ക് മാറ്റിമറിക്കാന്‍ ശേഷിയുള്ള ഒന്നിലേറെ മികച്ച കളിക്കാരാണ് ബാറ്റിംഗ് നിരയിലുള്ളത്. ഇതിഹാസതാരം ക്രിസ് ഗെയിൽ തുടക്കമിടുന്ന വെടിക്കെട്ടിന് ചുക്കാന്‍ പിടിക്കാൻ ഷായ് ഹോപ്പ്, ഡാരൻ ബ്രാവോ, എവിന്‍ ലൂയിസ്, ആന്ദ്രേ റസല്‍ എന്നിവരെത്തും. സന്നാഹ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ തകർപ്പൻ വിജയം സ്വന്തമാക്കിയതിന്‍റെ ആത്മവിശ്വാസത്തിലാകും ജാസൺ ഹോൾഡറിന്‍റെ കീഴിൽ വിൻഡീസ് ഇറങ്ങുക. ഒന്നിലേറെ ബാറ്റ്സ്മാൻമാർ ക്ലിക്കായാല്‍ വിന്‍ഡീസിനെ പിടിച്ചുകെട്ടുക അസാധ്യമായിരിക്കും. ബൗളിംഗിലും വിൻഡീസ് ശക്തരാണ്. ഹോൾഡർ, ആഷ്ലി നഴ്സ്, ഒഷാനെ തോമസ്, കെമാർ റോച്ച് എന്നിവരെല്ലാം അപകടകാരികളാണ്.
ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിൽ പരമ്പര കളിച്ച പരിചയസമ്പത്തുമായാണ് പാകിസ്ഥാൻ ടൂർണമെന്‍റിനെത്തുന്നത്. എങ്കിലും പാക് പടയുടെ കഴിഞ്ഞകാല ഫോം അവർക്ക് അനുകൂലമല്ല. ഏകദിന റാങ്കിംഗില്‍ ആറാം സ്ഥാനക്കാരാണ് പാകിസ്ഥാൻ. ഈ വര്‍ഷം 14 ഏകദിന മല്‍സരങ്ങള്‍ പാകിസ്ഥാൻ കളിച്ചപ്പോള്‍ ജയിക്കാനായത് വെറും രണ്ടെണ്ണത്തില്‍ മാത്രമാണ്. എങ്കിലും രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏവരെയും ഞെട്ടിച്ചാണ് പാക് പട ജേതാക്കളായത്. അതുപോലൊരു അത്ഭുതമാണ് ലോകകപ്പിലും അവര്‍ സ്വപ്‌നം കാണുന്നത്. ബൗളിംഗ് നിരയുടെ പ്രകടനം നായകൻ സർഫ്രാസ് അഹമ്മദിന് തലവേദന സൃഷ്ടിക്കുന്നുണ്ടെങ്കിലും ബാറ്റിംഗ് നിര മോശമല്ലാത്ത പ്രകടനം ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ കാഴ്ച്ചവച്ചിരുന്നു. ബാറ്റിംഗില്‍ ഇമാം ഉല്‍ ഹഖ്, ഫഖര്‍ സമാന്‍, ബാബര്‍ അസം, ഹാരിസ് സൊഹൈല്‍, ഷൊയിബ് മാലിക് തുടങ്ങിയവരിലാണ് പ്രതീക്ഷ. ട്രെന്‍റ് ബ്രിഡ്ജില്‍ ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണിക്കാണ് മത്സരം.