ഓവല്‍: ക്രിക്കറ്റ് ലോകകപ്പിൽ ഇന്നലെ നടന്ന ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക മത്സരത്തിൽ അപൂർവ്വ റെക്കോർഡിനൊപ്പമെത്തി ഇംഗ്ലീഷ് താരം ബെൻ സ്റ്റോക്സ്. 80 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുകയും രണ്ടോ അതിലധികമോ വിക്കറ്റ് നേടുകയും ചെയ്ത 23 വർഷം പഴക്കമുള്ള ലോകകപ്പ് റെക്കോർഡിന് ഒപ്പമാണ് താരമെത്തിയത്. 1996 ലോകകപ്പില്‍ ശ്രീലങ്കയുടെ അരവിന്ദ ഡിസല്‍വയുടെ നേട്ടത്തിനൊപ്പമാണ് സ്റ്റോക്സും ഇടംപിടിച്ചത്.
ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ 89 റണ്‍സെടുത്ത് ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോററായ സ്റ്റോക്സ് രണ്ട് വിക്കറ്റ് വീഴ്ത്തുകയും തകർപ്പന്‍ ക്യാച്ചെടുത്ത് ക്രിക്കറ്റ് ആരാധകരെ ഞെട്ടിക്കുകയും ചെയ്തിരുന്നു. താരത്തിന്‍റെ കരിയറിലെ തന്നെ മികച്ച മത്സരങ്ങളിലൊന്നായിരുന്നു ഇന്നലെ നടന്നത്. സ്റ്റോക്‌സിന്‍റെ മികവില്‍ ഇംഗ്ലണ്ട് ആദ്യ മത്സരത്തില്‍ 104 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയെ തറപറ്റിച്ചത്. ബൗളിങ്ങില്‍ മികച്ചുനിന്നെങ്കിലും ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നു. 61 പന്ത് ശേഷിക്കെ ദക്ഷിണാഫ്രിക്ക തോല്‍വി വഴങ്ങുകയായിരുന്നു.
1996 ലോകകപ്പില്‍ ശ്രീലങ്കയുടെ അരവിന്ദ ഡിസല്‍വയായിരുന്നു ഒടുവിലായി ഈ നേട്ടത്തിലെത്തിയത്. അന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരെ 107 റണ്‍സെടുക്കുകയും മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു ഡിസല്‍വ. അതിനു മുമ്പ് 1983 ലോകകപ്പില്‍ ഇന്ത്യന്‍ താരം കപിൽ ദേവ് സിംബാബ്‌വെക്കെതിരെ 175 റണ്‍സെടുക്കുകയും ഒരു വിക്കറ്റ് നേടുകയും ചെയ്തിട്ടുണ്ട്.