ആന്‍റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്‌റ്റില്‍ ഇന്ത്യക്ക് 318 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. 419 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന്‍റെ പോരാട്ടം 100 റണ്‍സില്‍ അവസാനിച്ചു. ഏഴ് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ജസ്പ്രീത് ബുംറയുടെ പ്രകടനമാണ് കരീബിയന്‍ പടയുടെ മുന്‍നിരയെ തകര്‍ത്തത്.
ഇഷാന്ത് ശര്‍മ്മ മൂന്നും മുഹമ്മദ് ഷമി രണ്ട് വിക്കറ്റും നേടി വിന്‍ഡീസ് പതനം പൂര്‍ത്തിയാക്കി. രണ്ടാം ഇന്നിങ്സില്‍ 26 ഓവര്‍ മാത്രമാണ് വിന്‍ഡീസ് ബാറ്റ് ചെയ്‌തത്. വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. നേരത്തെ രഹാനെയുടെ സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് 343 റണ്‍സ് നേടി ഇന്നിംങ്സ് അവസാനിപ്പിച്ചിരുന്നു. നാലാം ദിവസമായ ഇന്നലെ ആദ്യ സെഷനില്‍തന്നെ ഇന്ത്യയ്ക്ക് വിരാട് കോലിയെ നഷ്‌ടമായി. പിന്നീട് എത്തിയ ഹനുമ വിഹാരി അര്‍ധസെഞ്ചുറി നേടി രഹാനെയ്ക്ക് ഉറച്ച പിന്തുണ നല്‍കി. സെഞ്ച്വറിക്ക് എഴ് റണ്‍സകലെ വിഹാരി പുറത്തായതോടെ ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. വിന്‍ഡീസിന് വേണ്ടി ചെസ് നാല് വിക്കറ്റ് നേടി.
മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ അജിങ്ക്യ രഹാനെയുടെയും ജഡേജയുടെയും അര്‍ധസെഞ്ച്വറികളുടെ മികവില്‍ ആദ്യ ഇന്നിംങ്സില്‍ 297 റണ്‍സ് നേടിയിരുന്നു. നാല് വിക്കറ്റ് വീഴ്ത്തി കെമാര്‍ റോച്ച് വിന്‍ഡീസ് നിരയില്‍ മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിംങില്‍ ഇന്ത്യയുടെ തകര്‍പ്പന്‍ ബോളിങ്ങിന് മുന്നില്‍ വിന്‍ഡീസ് തകരുകയായിരുന്നു. ഇഷാന്ത് ശര്‍മ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ വിന്‍ഡീസ് നിരയില്‍ എല്ലാവരുടെയും പ്രകടനം ശരാശരിയില്‍ ഒതുങ്ങി. 222 റണ്‍സിന് വെസ്‌റ്റ് ഇന്‍ഡീസിന്‍റെ ആദ്യ ഇന്നിംങ്സ് അവസാനിപ്പിച്ച ഇന്ത്യ. 74 റണ്‍സിന്‍റെ ഒന്നാം ഇന്നിംങ്സ് ലീഡ് നേടിയിരുന്നു. ജയത്തോടെ രണ്ട് ടെസ്‌റ്റ് മല്‍സരങ്ങള്‍ ഉള്ള പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. ഓഗസ്റ്റ് 30നാണ് രണ്ടാം ടെസ്‌റ്റ്.