ആന്‍റിഗ്വ: വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്‍റെ സഹപരിശീലകനായി ട്രെവര്‍ പെന്നിയെ നിയമിച്ചു. ഏകദിന ട്വന്‍റി-20 മത്സരങ്ങൾക്കുള്ള പരിശീലകനായാണ് നിയമനം. രണ്ട് വർഷത്തെ കരാറാണ് അദ്ദേഹവുമായി വിന്‍ഡീസ് ക്രിക്കറ്റ് ബോർഡ് ഉണ്ടാക്കിയിരിക്കുന്നത്. ഫീല്‍ഡിങ്ങിലാണ് പെന്നി വൈദഗ്ധ്യം തെളിയിച്ചിരിക്കുന്നത്.
വ്യാഴാഴ്ച്ച അദ്ദേഹം ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അയര്‍ലന്‍ഡിനെതിരെ നടക്കാനിരിക്കുന്ന ഏകദിന ട്വന്‍റി-20 പരമ്പരകളാകും 51-കാരനായ പെന്നിയുടെ ആദ്യ പരീക്ഷണം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ ഫീല്‍ഡിംഗ് പരിശീലകനായിരുന്നു പെന്നി. ഇന്ത്യയെ കൂടാതെ ശ്രീലങ്ക, നെതർലാന്‍റ്, യുഎസ്എ എന്നീ ടീമുകളുടെ പരിശീലകനായും സേവനം അനുഷ്‌ടിച്ചിട്ടുണ്ട്. ഐപിഎല്‍ ടീമുകളായ കിങ്സ് ഇലവന്‍ പഞ്ചാബ്, ഡെക്കാന്‍ ചാര്‍ജേഴ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവരുടെ പരിശീലക സംഘത്തിലുമുണ്ടായിരുന്നു. പെന്നിക്ക് കീഴില്‍ പരിശീലനം നേടാന്‍ സാധിക്കുന്നതില്‍ ആഹ്ളാദമുണ്ടെന്ന് വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാർഡ് വ്യക്തമാക്കി.