ഓക്‌ലന്‍ഡ്: ആക്രമിച്ചുള്ള ബാറ്റിങ് ശൈലി തങ്ങള്‍ തുടരുമെന്ന് വെസ്‌റ്റ് ഇന്‍ഡീസ് താരം ആൻഡ്രൂ ഫ്ലെച്ചര്‍. മൂന്ന് ട്വന്‍റി 20 മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയ്‌ക്കായി കരീബിയൻ പട ന്യൂസിലന്‍ഡില്‍ എത്തിയിട്ടുണ്ട്. അവസാനം കളിച്ച ആറ് ട്വന്‍റി 20 പരമ്പരകളും തോറ്റ പൊള്ളാര്‍ഡും സംഘവും ലോക റാങ്കിങ്ങില്‍ ഒമ്പതാമതാണ്. രണ്ട് ട്വന്‍റി 20 ലോക കിരീടങ്ങള്‍ നേടിയ രാജ്യത്തില്‍ നിന്ന് ഇങ്ങനൊരു പ്രകടനമല്ല പ്രതീക്ഷിക്കുന്നത് എന്ന് അറിയാം. ശക്തമായി തിരിച്ചുവരിക തന്നെ ചെയ്യും. മികച്ച റാങ്കിലേക്ക് ഉയരുകയും ചെയ്യും. അതിന് ഇപ്പോഴുള്ള ആക്രമിച്ച് കളിക്കുന്ന ബാറ്റിങ് ശൈലി മാറ്റേണ്ടതുണ്ടെന്ന് തോന്നുന്നില്ലെന്ന് ഫ്ലെച്ചര്‍ പറഞ്ഞു.
"ഇത് ലോകകപ്പിനായുള്ള ഞങ്ങളുടെ തയാറെടുപ്പിന്‍റെ ഭാഗമാണ്. എല്ലാ ടീം അംഗങ്ങളുടെയും മനസില്‍ അതാണുള്ളത്. ഞങ്ങൾ വളരെ കഠിനമായി പരിശീലനം നടത്തിയിട്ടുണ്ട്. മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാൻ സാധിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.” - ഫ്ലെച്ചർ പറഞ്ഞു. 2018ന് ശേഷം ആദ്യമായാണ് ഫ്ലെച്ചര്‍ വെസ്‌റ്റ് ഇന്‍ഡീസ് ദേശീയ ടീമിലെത്തുന്നത്. ഡാരൻ സമി ക്യാപ്‌റ്റനായിരുന്ന 2012, 2016 വര്‍ഷങ്ങളിലാണ് വെസ്‌റ്റ് ഇന്‍ഡിസ് കുട്ടിക്രിക്കറ്റിന്‍റെ ലോക കിരീടം നേടിയത്.
സുനില്‍ നരൈൻ, ക്രിസ് ഗെയ്‌ല്‍, അന്ദ്രേ റസല്‍, ഡ്വെയിൻ ബ്രാവോ എന്നിവരില്ലാതെയാണ് കരിബീയൻ പട ന്യൂസിലന്‍ഡിലെത്തിയിരിക്കുന്നത്. മറുവശത്ത് കെയ്‌ൻ വില്യംസണ്‍, ട്രെന്‍റ് ബോള്‍ട്ട് എന്നിവര്‍ക്ക് ന്യൂസിലന്‍ഡ് വിശ്രമം അനുവദിച്ചിട്ടുണ്ട്. ആദ്യ രണ്ട് മത്സരങ്ങളില്‍ പേസര്‍ ടിം സൗത്തിയായിരിക്കും ടീമിനെ നയിക്കുക. വെള്ളിയാഴ്‌ചയാണ് പരമ്പരയിലെ ആദ്യ മത്സരം.