ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ തകർത്ത് ന്യൂസിലന്‍ഡ്. ആദ്യം കളി അവസാനിപ്പിക്കുമ്പോൾ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ടീം ഇന്ത്യ 263 റണ്‍സെടുത്ത് കൂടാരം കയറി. 101 റണ്‍സോടെ സെഞ്ച്വറി സ്വന്തമാക്കിയ ഹനുമ വിഹാരിയുടെയും 92 റണ്‍സോടെ അർദ്ധ സെഞ്ച്വറി സ്വന്തമാക്കിയ ചേതേശ്വർ പൂജാരയുടെയും പ്രകടനമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ നേടിക്കൊടുത്തത്. ഇരുവരും ചേർന്ന് 179 റണ്‍സിന്‍റെ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ഇരുവരെയും കൂടാതെ 18 റണ്‍സെടുത്ത അജങ്ക്യ രഹാന മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റൊരു താരം. ഓപ്പണർ പ്രിഥ്വീ ഷാ ഉൾപ്പെടെ മൂന്ന് ഇന്ത്യന്‍ താരങ്ങൾ റണ്ണൊന്നും എടുക്കാതെ പുറത്തായി.
കിവീസിന് വേണ്ടി സ്കോട്ട് കുജ്ജെലെയ്‌നും ഇഷ് സോധിയും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. ശുഭ്മാന്‍ ഗില്ലിനെയും ഓപ്പണർമാരായ പൃഥ്വി ഷായെയും മായങ്ക് അഗർവാളിനെയും കുജ്ജെലെയ്ൻ 3.2 ഓവറില്‍ കൂടാരം കയറ്റി. ഏഴാം ഓവറില്‍ ടീം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ അഞ്ച് റണ്‍സെന്ന നിലയിലായിരുന്നു. കിവീസിന് വേണ്ടി ജെയിംസ് നിസാം രണ്ട് വിക്കറ്റും ജാക്ക് ഗിബ്‌സണ്‍ ഒരു വിക്കറ്റും സ്വന്തമാക്കി. ന്യൂസിലന്‍ഡിന് എതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി 21ന് വില്ലിങ്ടണില്‍ ആരംഭിക്കും. നേരത്തെ ഏകദിന പരമ്പര ന്യൂസിലന്‍ഡ് 3-0ത്തിന് സ്വന്തമാക്കിയിരുന്നു.