മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സുരക്ഷ മഹാരാഷ്‌ട്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഭാരത രത്ന അവാർഡ് ജേതവായ സച്ചിന് അനുവദിച്ച എക്‌സ് കാറ്റഗറി സുരക്ഷയാണ് മഹാരാഷ്‌ട്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. പ്രമുഖരുടെ സുരക്ഷ ഭീഷണിയെക്കുറിച്ച് വിലയിരുത്താന്‍ ചേര്‍ന്ന സമിതിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. എക്‌സ് കാറ്റഗറി സുരക്ഷപ്രകാരം സച്ചിന് മുഴുവന്‍ സമയവും ഒരു പൊലിസുകാരന്‍റെ സേവനം ലഭ്യമായിരുന്നു. എന്നാല്‍ ഇനി മുതല്‍ വീട്ടില്‍ നിന്ന് പുറത്തു പോകുമ്പോള്‍ മാത്രമെ മുന്‍ രാജ്യസഭാംഗം കൂടിയായ സച്ചിന് പൊലീസ് സുരക്ഷ ലഭ്യമാകൂ.
സച്ചിന്‍റെ സുരക്ഷ കുറച്ചപ്പോള്‍ ശിവസേന നേതാവും എംഎല്‍എയുമായ ആദിത്യ താക്കറെയുടെ സുരക്ഷ ഇസഡ് കാറ്റഗറി ആയി ഉയര്‍ത്തിയിട്ടുണ്ട്. 90 പ്രമുഖരുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സമിതി ചർച്ചചെയതത്. ബിജെപി മന്ത്രിസഭയിലുണ്ടായിരുന്ന നിരവധി പ്രമുഖരുടെയും സുരക്ഷ വെട്ടിക്കുറച്ചിട്ടുണ്ട്. അതേസമയം എന്‍സിപി നേതാവ് ശരദ് പവാറിന് തുടർന്നും സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ലഭ്യമാക്കും. പൊതുപ്രവർത്തകന്‍ അണ്ണാഹസാരയുടെ സുരക്ഷ വൈ പ്ലസില്‍ നിന്നും സെഡ് കാറ്റഗറിയായി ഉയർത്തി.