ഗുവാഹത്തി: ശ്രീലങ്കക്കെതിരായ ആദ്യ ട്വന്‍റി-20 മത്സരത്തിനായി ഇന്ത്യന്‍ ടീം ഇന്ന് ഗുവാഹത്തിയില്‍ എത്തും. ഞായറാഴ്ച്ച വൈകീട്ട് ഏഴ് മണിക്കാണ് മത്സരം. ശ്രീലങ്കന്‍ ടീം വ്യാഴാഴ്ച്ച തന്നെ ഗുവാഹത്തിയില്‍ എത്തിയിരുന്നു.
മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. പൗരത്വ പ്രക്ഷോഭത്തെ തുടർന്ന് കനത്ത സുരക്ഷയാണ് ടീം അംഗങ്ങൾ താമസിക്കുന്ന ഹോട്ടലില്‍ ഒരുക്കിയിരിക്കുന്നത്. നേരത്തെ അണ്ടർ-19, രഞ്ജി ട്രോഫി മത്സരങ്ങളെ പ്രതിഷേധ പരിപാടികൾ ബാധിച്ചിരുന്നു. അതേസമയം സംസ്ഥാനത്തെ സാഹചര്യങ്ങൾ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതായി അസം ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹി പറഞ്ഞു. 7,000-ത്തോളം കായിക താരങ്ങൾ പങ്കെടുക്കുന്ന ഖേലോ ഇന്ത്യ ഗെയിംസന് ജനുവരി 10-ന് സംസ്ഥാനം ആതിഥേയത്വം വഹിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ട്വന്‍റി-20 മത്സരത്തിന് മുന്നോടിയായി ഇരു ടീമുകൾക്കും പരിശീലന പരിപാടികൾ ഉണ്ടാകുമെന്ന് അസം ക്രിക്കറ്റ് അസോസിയേഷന്‍ ഉദ്ദ്യോഗസ്ഥരും പറഞ്ഞു. 35,950 പേരെ ഉൾക്കൊള്ളുന്ന ഗുവാഹത്തി സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച്ചത്തെ മത്സരത്തിനായി 27,000 ടിക്കറ്റുകൾ വിറ്റുപോയി. വരും ദിവസങ്ങളില്‍ ബാക്കിയുള്ള ടിക്കറ്റുകളും വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ഓസ്‌ട്രേലിയയില്‍ ഈ വർഷം നടക്കാനിരിക്കുന്ന ട്വന്‍റി-20 ലോകകപ്പിന് മുന്നോടിയായുള്ള മത്സരം എന്ന നിലക്ക് ഇരു ടീമുകളും പരമ്പരയെ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. മുന്‍ നായകന്‍ എയിഞ്ചലോ മാത്യൂസിനെയും ധനഞ്ജയ ദിസില്‍വയെയും 16 അംഗ ശ്രീലങ്കന്‍ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. 2018 ഓഗസ്‌റ്റില്‍ ദക്ഷിണാഫ്രിക്കെതിരെയാണ് മാത്യൂസ് അവസാനമായി ട്വന്‍റി-20 മത്സരം കളിച്ചത്. അതേസമയം ഇന്ത്യന്‍ പേസ് ബോളർ ജസ്‌പ്രീത് ബൂമ്രയും ഓപ്പണർ ശിഖർ ധവാനും ടീമില്‍ തിരിച്ചെത്തുമോ എന്നതാണ് ഇന്ത്യന്‍ ആരാധകർ ഉറ്റുനോക്കുന്നത്. ഇരുവരെയും ശ്രീലങ്കക്കെതിരായ പരമ്പരക്കുള്ള സംഘത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഓപ്പണർ രോഹിത് ശർമ്മക്കും പേസ് ബോളർ മുഹമ്മദ് ഷമിക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. ട്വന്‍റി-20 പരമ്പരയിലെ അടുത്ത മത്സരം ജനുവരി ഏഴിന് ഇന്‍ഡോറിലും അവസാനത്തെ മത്സരം ജനുവരി പത്തിന് പൂനെയിലും നടക്കും.