ഹൈദരാബാദ്: കൊവിഡ് വ്യാപനം മൂലമുണ്ടായ ഇടവേളക്ക് ശേഷം ഇന്ത്യയിലെ ഗാലറികളിലേക്കും ക്രിക്കറ്റ് ആരാധകര്‍ തിരിച്ചെത്തുന്നു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഗുജറാത്തിലെ മൊട്ടേര സ്റ്റേഡിയത്തില്‍ ടി20 പോരാട്ടം നടക്കുമ്പോള്‍ ആരാധകര്‍ക്ക് നേരിട്ട് കളി ആസ്വദിക്കാന്‍ അവസരമൊരുക്കാനാണ് ബിസിസിഐ നീക്കം.
മാര്‍ച്ച് 12നാണ് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ഗ്രൗണ്ടെന്ന വിശേഷണം സ്വന്തമാക്കിയ മൊട്ടേരയില്‍ കുട്ടി ക്രിക്കറ്റ് പോരാട്ടം നടക്കുക. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകേണ്ടത് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നാണ്. 50 ശതമാനം കാണികളെ സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിപ്പിക്കാനാണ് നീക്കമെന്ന് ബിസിസിഐ വൃത്തങ്ങള്‍ ഇതിനകം സൂചിപ്പിച്ച് കഴിഞ്ഞു. നിലവിലെ അസാധാരണ സാഹചര്യത്തില്‍ സുരക്ഷക്കാണ് ബിസിസിഐ പ്രാധാന്യം നല്‍കുന്നത്.
നാല് ടെസ്റ്റും അഞ്ച് ടി20യും മൂന്ന് ഏകദിനവുമാണ് ഇംഗ്ലണ്ടിനെതിരെ ടീം ഇന്ത്യ കളിക്കുക. ടെസ്റ്റ് പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക. ആദ്യ രണ്ട് ടെസ്റ്റുകള്‍ ചെന്നൈയില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കും. തുടര്‍ന്നുള്ള രണ്ട് ടെസ്റ്റും മൊട്ടേര സ്റ്റേഡിയത്തിലാണ് അരങ്ങേറുക.
ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തി തിരിച്ചെത്തിയ ടീം ഇന്ത്യ നിറഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗനെയും കൂട്ടരെയും നേരിടാന്‍ എത്തുന്നത്. നായകന്‍ വിരാട് കോലി കൂടി ടീമിന്‍റെ ഭാഗമാകുന്നതോടെ സ്വന്തം നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ആധിപത്യം നിലനിര്‍ത്താനാകുമെന്നാണ് ടീം ഇന്ത്യയുടെ കണക്ക് കൂട്ടല്‍.