കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കക്ക് എതിരായ ഏകദിന പരമ്പര അനിശ്ചിതമായി മാറ്റിവെച്ച പശ്ചാത്തലത്തില്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ടീം നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നു. ഇംഗ്ലീഷ് ആന്‍ഡ് വെയില്‍ ക്രിക്കറ്റ് ബോര്‍ഡ്, വൈറോളജിസ്റ്റുകളുടെ നിര്‍ദ്ദേശ പ്രകാരം ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും. നേരത്തെ ഇംഗ്ലീഷ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ ക്വാറന്‍റൈനില്‍ കഴിഞ്ഞ ഹോട്ടലിലെ രണ്ട് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോയെയാണ് പരമ്പര അനിശ്ചിതമായി മാറ്റിവെച്ചത്.
പരമ്പരയുടെ ഭാഗമായി ഒരു മത്സരം പോലും ഇതേവരെ കളിച്ചിട്ടില്ല. ഏകദിന പരമ്പരയുടെ ഭാഗമായ മത്സരങ്ങള്‍ രണ്ട് തവണയാണ് മാറ്റിവെച്ചത്. ദക്ഷിണാഫ്രിക്കന്‍ താരത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ആദ്യം ഏകദിനം മാറ്റിവെച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ രണ്ട് ഇംഗ്ലീഷ് താരങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതായി സംശയങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. ഇതേ തുടര്‍ന്നാണ് ടീം സ്വദേശത്തേക്ക് മടങ്ങാനുള്ള തീരുമാനം വൈകുന്നത്. നേരത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്‍റെ ഭാഗമായുള്ള ടി20 പരമ്പര 3-0ത്തിന് ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു.