കേപ്പ് ടൗണ്‍: ഇംഗ്ലീഷ് ഓപ്പണർ റോറി ബേണ്‍സിനും ഓൾറൗണ്ടർ ജോഫ്ര ആർച്ചർക്കും പരിക്ക്. ദക്ഷിണാഫ്രിക്കെതിരെ കേപ്പ് ടൗണില്‍ നടക്കുന്ന രണ്ടാമത്തെ ടെസ്‌റ്റിന് മുന്നോടിയായി നടന്ന പരിശീലന പരിപാടിയില്‍ പരിക്ക് കാരണം ഇരുവരും പങ്കെടുത്തില്ല. ഫാസ്‌റ്റ് ബോളർ ആർച്ചറുടെ വലത് കൈക്കും ഓപ്പണർ ബേണ്‍സിന്‍റെ ഇടത് കാലിനുമാണ് പരിക്ക്. പരിശീലനത്തിന് മുന്നോയിയായി നടന്ന വ്യായാമത്തിനിടെയാണ് ബേണ്‍സിന് പരിക്കേറ്റത്.
സാരമായി പരിക്കേറ്റതിനാല്‍ ആർച്ചർ വെള്ളിയാഴ്ച്ചത്തെ ടെസ്‌റ്റില്‍ കളിക്കുന്ന കാര്യം സംശയമാണെന്ന് ഇംഗ്ലണ്ട് ടീമിന്‍റെ വക്താവ് പറഞ്ഞു. ഇരുവരുടെയും സ്‌കാന്‍ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ആർച്ചർക്ക് പകരം ഓഫ് സ്പിന്നർ ഡോം ബേസിനെ ടീമില്‍ എടുക്കാനാണ് സാധ്യത.
അതേസമയം ആർച്ചറുടെ ഫിറ്റ്നസ് ഉൾപ്പെടെ എല്ലാ സാധ്യതകളും പരിശോധിച്ച ശേഷമാകും ദക്ഷിണാഫ്രിക്കെതിരായ അടുത്ത ടെസ്‌റ്റിനുള്ള ടീമിനെ പ്രഖ്യാപിക്കുകയെന്ന് നായകന്‍ ജോ റൂട്ട് പറഞ്ഞു. മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇംഗ്ലണ്ടിന് പരമ്പരയിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാല് ടെസ്‌റ്റുകളുള്ള പരമ്പരിയില്‍ നേരത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്‌റ്റില്‍ ഇംഗ്ലണ്ടിന് 107 റണ്‍സിന്‍റെ പരാജയം വഴങ്ങേണ്ടി വന്നിരുന്നു.