ദുബായ്: വനിത ടി-20 റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓപ്പണർ ഷഫാലി വർമ്മ ഒന്നാമത്. വനിത ടി-20 ലോകകപ്പില്‍ നാല് മത്സരങ്ങളില്‍ നിന്നായി 161 റണ്‍സെടുത്ത പ്രകടനമാണ് 16 വയസ് മാത്രമുള്ള ഷഫാലിക്ക് തുണയായത്. ശ്രീലങ്കക്ക് എതിരെ 47 റണ്‍സെടുത്തതാണ് താരത്തിന്‍റെ ഏറ്റവും ഉയർന്ന സ്കോർ. റാങ്കിങ്ങില്‍ 19 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഷഫാലി ഒന്നാമതായത്. ഇതിനകം കളിച്ച 18 ടി-20 മത്സരങ്ങളില്‍ നിന്നായി 485 റണ്‍സ് ഷഫാലി സ്വന്തം പേരില്‍ ചേർത്തിട്ടുണ്ട്. 146.96 ആണ് താരത്തിന്‍റെ ബാറ്റിങ് സ്ട്രൈക്ക് റേറ്റ്. 2018 മുതല്‍ പട്ടികയില്‍ ഒന്നാമതുള്ള ന്യൂസിലന്‍ഡ് താരം സൂസി ബേറ്റ്സിനെ മറികടന്ന ഷഫാലിക്ക് 761 പോയിന്‍റാണ് ഉള്ളത്. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള സൂസി ബേറ്റ്സിന് 750 പോയിന്‍റ് മാത്രമാണ് ഉള്ളത്.
ഷഫാലിയെ കൂടാതെ രണ്ട് ഇന്ത്യന്‍ താരങ്ങൾ കൂടെ ആദ്യ പത്തില്‍ ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ താരം ജമീമ റോഡ്രിഗസ് രണ്ട് സ്ഥാനം താഴേക്ക് പോയി ഒമ്പതാമതായി. മറ്റൊരു ഇന്ത്യന്‍ താരം സ്‌മൃതി മന്ദാനയെയും മോശം പ്രകടനം പ്രതികൂലമായി ബാധിച്ചു. മന്ദാന രണ്ട് സ്ഥാനം താഴേക്ക് പോയി ആറാമതായി.
അതേസമയം ബൗളിങ് റാങ്കിങ്ങില്‍ ലോകകപ്പിലെ ഉദ്‌ഘാടന മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് എതിരെ മികച്ച പ്രകടനം നടത്തിയ പൂനം യാദവ് കുതിപ്പ് നടത്തി. റാങ്കിങ്ങില്‍ നാല് സ്ഥാനം മെച്ചപ്പെടുത്തിയ പൂനം ആദ്യ 10-ല്‍ എട്ടാം സ്ഥാനം സ്വന്തമാക്കി. പൂനത്തെ കൂടാതെ രണ്ട് താരങ്ങൾ കൂടി ബൗളർമാർക്കിടയില്‍ ആദ്യ പത്തില്‍ ഉൾപ്പെട്ടു. ദീപ്‌തി ശർമ്മയും രാധ യാദവും യഥാക്രമം അഞ്ചാം സ്ഥാനത്തും ആറാം സ്ഥാനത്തുമാണ്. നിലവില്‍ ഇംഗ്ലീഷ് താരം സോഫി എക്ലസ്റ്റോണാണ് പട്ടികയില്‍ ഒന്നാമത്.
ഓൾ റൗണ്ടർമാർക്കിടയില്‍ ഇന്ത്യന്‍ താരം ദീപ്‌തി ശർമ്മ മാത്രമാണ് ആദ്യ പത്തില്‍ ഉൾപ്പെട്ടിരിക്കുന്നത്. നിലവില്‍ 279 പോയിന്‍റുമായി ഏഴാം സ്ഥാനത്താണ് ദീപ്തി. ന്യൂസിലന്‍ഡ് നായികയും സൂപ്പർ താരവുമായ സോഫി ഡിവൈനാണ് പട്ടികയില്‍ ഒന്നാമത്.
ടീമുകൾക്കിടയില്‍ ഓസ്‌ട്രിലിയയാണ് ഒന്നാമത്. 290 പോയിന്‍റാണ് ഓസിസിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 278 പോയിന്‍റും മൂന്നാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന് 271 പോയിന്‍റുമാണ് ഉള്ളത്. നാലാം സ്ഥാനത്താണ് ടീം ഇന്ത്യ. 266 പോയിന്‍റാണ് ഇന്ത്യക്ക് ഉള്ളത്.