മാഞ്ചസ്റ്റർ: സ്പിന്നർമാർക്കെതിരെയുള്ള ഇന്ത്യൻ ബാറ്റ്സ്‌മാന്‍മാരുടെ അമിത പ്രതിരോധത്തെ വിമർശിച്ച് ഇന്ത്യൻ മുൻ വെടിക്കെട്ട് ഓപ്പണർ വിരേന്ദർ സേവാഗ്. ട്വിറ്ററിലൂടെയാണ് സേവാഗ് തന്‍റെ അഭിപ്രായം പങ്കുവച്ചത്.
സ്പിന്നർമാർക്ക് എതിരെ എക്കാലവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരാണ് ഇന്ത്യൻ ബാറ്റ്സ്‌മാന്‍മാര്‍. എന്നാല്‍ ഈ ലോകകപ്പില്‍ ഇന്ത്യൻ ബാറ്റ്സ്‌മാന്‍മാര്‍ സ്പിന്നർമാർക്ക് മുമ്പില്‍ പതറുന്ന കാഴ്ചയാണ് കാണുന്നത്. അത് ഏറ്റവും കൂടുതല്‍ വ്യക്തമായത് അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലാണ്. വെസ്റ്റ് ഇൻഡീസിനെതിരെ ഇന്നലെ നടന്ന മത്സരത്തിലും ഇന്ത്യൻ ബാറ്റ്സ്‌മാന്‍മാര്‍ പതറുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.
സ്പിന്നർമാർക്കെതിരെ കാണിക്കുന്ന അമിത പ്രതിരോധം ഇന്ത്യൻ ബാറ്റ്സ്‌മാന്‍മാര്‍ ഒഴിവാക്കണമെന്നാണ് സേവാഗ് പറയുന്നത്. അഫ്ഗാനെതിരായ മത്സരത്തില്‍ റാഷീദ് ഖാന്‍റെ ആദ്യ നാല് ഓവറില്‍ 25 റൺസ് നേടിയ ഇന്ത്യക്ക് ബാക്കിയുള്ള ആറ് ഓവറില്‍ 13 റൺസ് മാത്രമാണ് നേടാനായത്. ഇന്നലെ വിൻഡീസ് സ്പിന്നർ ഫാബിയൻ അല്ലെന്‍റെ ആദ്യ അഞ്ച് ഓവറില്‍ 34 റൺസ് നേടിയ ഇന്ത്യ ബാക്കിയുള്ള അഞ്ച് ഓവറില്‍ 18 റൺസ് മാത്രമാണ് നേടിയത് എന്നും സേവാഗ് വ്യക്തമാക്കി.