ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന് ഇന്ന് 46-ാം പിറന്നാൾ. 1973 ഏപ്രിൽ 24ന് മുംബൈയിലാണ് സച്ചിന്‍റെ ജനനം.15-ാം വയസ്സിൽ ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സച്ചിൻ 24 വർഷക്കാലം ലോക ക്രിക്കറ്റിനെ ആവേശം കൊള്ളിച്ചു. അക്കാലയളവിലൊക്കെയും അഞ്ചടി അഞ്ചിഞ്ച് ഉയരക്കാരൻ ഇന്ത്യൻ ജനതയുടെ കായിക വിനോദ ശീലങ്ങളെ മാറ്റിമറിക്കുക കൂടിയായിരുന്നു.
ആദ്യ ഇന്നിംഗ്സിൽ തന്നെ സെഞ്ച്വറി കുറിച്ച് ഫസ്റ്റ് ക്ലാസ്സ് അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി സച്ചിൻ മാറി. പിന്നീട് 1989-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം. കറാച്ചിയിൽ പാകിസ്ഥാനെതിരെ അരങ്ങേറ്റം നടത്തിയെങ്കിലും കന്നി മത്സരത്തിൽ 15 റൺസെടുക്കാനെ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. അവിടെ തളരാതിരുന്ന കുട്ടി സച്ചിൻ അടുത്ത ടെസ്റ്റിൽ അർധ സെഞ്ച്വറി നേടി. അതിനുശേഷം ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചപ്പോഴും ഒരു റൺസ് പോലും നേടാനാകാതെ അദ്ദേഹം മടങ്ങി. എന്നാൽ 1991-92 ൽ നടന്ന ഓസ്ട്രേലിയൻ പര്യടനത്തോടെ സച്ചിൻ ഒരു ലോകോത്തര ബാറ്റ്സ്മാൻ എന്ന നിലയിലേക്കുയർന്നു. പിന്നീട് ഇതിഹാസത്തിന്‍റെ വളർച്ചയായിരുന്നു.
സച്ചിൻ രണ്ട് തവണ ഇന്ത്യൻ ടീമിന്‍റെ നായകനായെങ്കിലും ശോഭിക്കാനായില്ല. എങ്കിലും ക്രിക്കറ്റ് കരിയറിൽ നേട്ടങ്ങൾ കൊയ്യാൻ സച്ചിൻ മടികാണിച്ചില്ല. അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ച്വറികൾ തികച്ച ആദ്യ താരം, ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതൽ റൺസ് നേടിയ താരം, ഒരു കലണ്ടർ വർഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് (1894). ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ താരം, ടെസ്റ്റ് ക്രിക്കറ്റിൽ 50 സെഞ്ച്വറികൾ പിന്നിട്ട ഒരേ ഒരു കളിക്കാരൻ എന്നിങ്ങനെ നേട്ടങ്ങൾ സ്വന്തമാക്കി സച്ചിൻ ക്രിക്കറ്റ് ദൈവമായി മാറി. ഭാരതരത്നം, അർജുന അവാർഡ്, പത്മശ്രീ, പത്മ വിഭൂഷൻ, രാജീവ് ഗാന്ധി ഖേൽരത്ന എന്നിങ്ങനെ നിരവധി പുരസ്ക്കാരങ്ങളും കായിക ജീവിതത്തിൽ സച്ചിൻ സ്വന്തമാക്കി.
2012 ഡിസംബർ 23- ന് ഏകദിന മത്സരങ്ങളിൽ നിന്ന് വിരമിച്ചതായി സച്ചിൻ പ്രഖ്യാപിച്ചു. പിന്നീട് 2013 നവംബർ 17 ന് വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന തന്‍റെ ഇരുന്നൂറാം ടെസ്റ്റ് പൂർത്തിയാക്കി സച്ചിൻ ടെസ്റ്റിൽ നിന്നും വിരമിച്ചു. ഇന്ത്യൻ ജനതയെ ഏറെ വൈകാരികമായി ബാധിച്ചു സച്ചിന്‍റെ ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ.
സച്ചിൻ രമേശ് ടെണ്ടുൽക്കറെന്ന മറാത്തിക്കാരൻ തന്‍റെ ബാറ്റിൽ കുറിച്ചിട്ടത് ഇന്ത്യൻ ക്രിക്കറ്റിന്‍റെയും ഇന്ത്യയിലെ വ്യവസായ രംഗത്തിന്‍റെയും വിനോദ ശീലങ്ങളുടെയും കൂടി വിധിയായിരുന്നു. ചരിത്രത്തിൽ അടിച്ചമർത്തപ്പെട്ടതും അടിമത്വം അനുഭവിക്കേണ്ടി വന്നിട്ടുള്ളതുമായ ഭൂപ്രദേശങ്ങളിലെ ജനങ്ങൾ ഫുട്ബോൾ അടക്കമുള്ള കായിക വിനോദങ്ങളിലൂടെ ലോകത്തിനുമുന്നിൽ തലയുയർത്തിപിടിച്ചുനിന്നത് പോലെ കൊളോണിയൽ ബാക്കിപത്രമായ ദരിദ്ര ഇന്ത്യയെ ലോകത്തിന് മുന്നിൽ തലയുയർത്തി പിടിച്ച് നിൽക്കാനും ലോക വ്യവയായത്തിന്‍റെ മാറ്റി നിർത്തപ്പെടാനാകാത്ത ഇടമാക്കി പരിവർത്തനപ്പെടുത്തിയതിലും സച്ചിനെന്ന ക്രിക്കറ്റ് ദൈവത്തിന്‍റെ കളിക്കളത്തിലെ ചലനങ്ങൾക്കൂടിയായിരുന്നു. കായിക വിനോദത്തിൽ കരീബിയൻ കരുത്തെന്ന പ്രയോഗം പോലെ ക്ലാസിക് ക്രിക്ക്രറ്റിനെ കൈവിടാത്ത ഒരു സച്ചിൻ ശൈലിയും യുഗവും 1989 ൽ കറാച്ചിയിൽ തുടങ്ങി 2013 നവംബർ 16 ന് വാങ്കഡെയിൽ അവസാനിച്ചു. സച്ചിന്‍റെ വിടവാങ്ങൽ പ്രസംഗം പോലും ലോകത്തിലെ മുഴുവൻ കായിക പ്രേമികളുടെയും കണ്ണ് നിറച്ചിരുന്നു. അന്ന് കമന്‍റേറ്റർ പറഞ്ഞതുപോലെ ക്രിക്കറ്റ് മതമാക്കിയ ഒരു ജനതയുടെ ദൈവം കളി അവസാനിപ്പിക്കുന്നു എന്നാണ്ള്ള. കളിക്കളത്തിനു പുറത്തും ഇന്ത്യൻ ക്രിക്കറ്റിന്‍റെ ആവേശവും വഴികാട്ടിയുമാണ് സച്ചിൻ രമേശ് ടെണ്ടുല്‍ക്കർ.