ബിർമിങ്ഹാം: ലോകകപ്പില്‍ ഇന്ത്യക്കെതിരെ ബാറ്റിങ് ആരംഭിച്ച് ഇംഗ്ലണ്ട്. നിർണായക മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്നത്തെ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി യുവതാരം റിഷഭ് പന്ത് ലോകകപ്പില്‍ അരങ്ങേറി.
ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തില്‍ നിർണായക മാറ്റമാണ് ഇന്ത്യ ടീമില്‍ വരുത്തിയത്. നാലാമനായി ബാറ്റിങ്ങിനിറങ്ങിയിരുന്ന വിജയ് ശങ്കറിന് പകരം യുവതാരം റിഷഭ് പന്തിനെ ടീമില്‍ ഉൾപ്പെടുത്തി. അവസരങ്ങൾ നല്‍കിയിട്ടും വിജയ് ശങ്കർ ഫോമിലേക്ക് ഉയരാത്തതാണ് ടീമിലെ സ്ഥാനം നഷ്ടമാകാൻ കാരണം. ഇംഗ്ലണ്ട് നിരയില്‍ രണ്ട് മാറ്റങ്ങളാണുള്ളത്. മോയിൻ അലിയ്ക്ക് പകരം ലിയാം പ്ലങ്കറ്റും ജെയിംസ് വിൻസിന് പകരം ജേസൺ റോയും ടീമിലിടം നേടി.
ഇന്ത്യയുടെ മദ്ധ്യനിര എത്രത്തോളം ദുർബലമാണെന്ന് കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് എല്ലാം വ്യക്തമായതാണ്. നോക്കൗട്ട് സ്റ്റേജ് അടുത്തതോടെ മദ്ധ്യനിരയെ അലട്ടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് പന്തിനെ ഇന്ത്യൻ ടീമില്‍ ഉൾപ്പെടുത്തിയത്. പന്ത് ടീമിലെത്തുന്നതോടെ ഇന്ത്യൻ മദ്ധ്യനിര ശക്തമാകുമെന്നാണ് കണക്കുക്കൂട്ടല്‍.
ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ജയിക്കാൻ പ്രാർഥിക്കുന്നവരില്‍ പാകിസ്ഥാൻ ഉൾപ്പെടെ മൂന്ന് ഏഷ്യൻ രാജ്യങ്ങളുണ്ട്. പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകൾക്ക് സെമിപ്രതീക്ഷകൾ നിലനിർത്താൻ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തണം. സെമിയില്‍ കടക്കാൻ ഇംഗ്ലണ്ടിന് ഇന്നത്തെ ജയം അനിവാര്യമാണ്. പാകിസ്ഥാൻ ആരാധകർ ഇന്ന് തങ്ങളെ പിന്തുണയ്ക്കുമെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പറഞ്ഞു.