സിഡ്‌നി: അഡ്‌ലെയ്‌ഡിലെ റെക്കോഡ് തോല്‍വിക്ക് ശേഷം ബോക്‌സിങ് ഡേ ടെസ്റ്റിനൊരുങ്ങുകയാണ് ടീം ഇന്ത്യ. പരിക്കേറ്റ മുഹമ്മദ് ഷമിക്കും നാട്ടിലേക്ക് മടങ്ങുന്ന വിരാട് കോലിക്കും പകരം ആര് ടീമിലെത്തുമെന്നാണ് ഇനി അറിയാനുള്ളത്. അഞ്ചോളം മാറ്റങ്ങളുമായാകും ടീം ഇന്ത്യ മെല്‍ബണില്‍ ആതിഥേയരെ നേരിടാന്‍ എത്തുക. അഡ്‌ലെയ്‌ഡില്‍ മോശം ഫോമിലായിരുന്ന പൃഥ്വി ഷായും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ വൃദ്ധിമാന്‍ സാഹയും അന്തിമ ഇലവനില്‍ ഇടം നേടിയേക്കില്ലെന്നാണ് പുറത്ത് വരുന്ന സൂചന.
പകരമുള്ള സാധ്യതകള്‍ പരിശോധിക്കാം
വിരാട് കോലിക്ക് പകരം അജിങ്ക്യ രഹാനെ മെല്‍ബണില്‍ ടീം ഇന്ത്യയെ നയിക്കുമെന്ന് ഏതാണ്ടുറപ്പായി കഴിഞ്ഞു. അഡ്‌ലെയ്‌ഡില്‍ പ്രതീക്ഷക്കൊത്ത് ഉയരാതിരുന്ന പൃഥ്വി ഷായും മായങ്ക് അഗര്‍വാളും അന്തിമ ഇലവനില്‍ ഉണ്ടാകില്ല. ലോകേഷ് രാഹുല്‍, ശുഭ്‌മാന്‍ ഗില്‍ കൂട്ടുകെട്ടിനാകും മെല്‍ബണില്‍ ഓപ്പണിങ് ചുമതല.
വിരാട് കോലിക്ക് പകരം നാലാം സ്ഥാനത്തേക്ക് പരിചയ സമ്പന്നനായ ഹനുമാ വിഹാരിയും അഞ്ചാം സ്ഥാനത്ത് നായകന്‍ അജിങ്ക്യാ രഹാനെയും ഇറങ്ങും. ആറാമനായി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്തിനും അവസരം ലഭിക്കും. പരിക്ക് ഭേദമാവുകയാണെങ്കില്‍ ഏഴാമനായി ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ടീമിലെത്തും.
പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരം ആര് ടീമിലെത്തുമെന്നാണ് ഇനി അറിയാനുള്ളത്. പേസ് ആക്രമണത്തില്‍ ബുമ്രക്കൊപ്പം മുഹമ്മദ് സിറാജ്, നവദീപ് സെയ്‌നി എന്നിവരില്‍ ഒരാള്‍ അന്തിമ ഇലവനില്‍ ഇടം പിടിക്കും.
ടീം ഇന്ത്യയുടെ സാധ്യതാ ഇലവന്‍: ശുഭ്‌മാന്‍ ഗില്‍, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പൂജാര, ഹനുമാ വിഹാരി, അജിങ്ക്യാ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, ജസ്‌പ്രീത് ബുമ്ര, നവദീപ് സെയ്‌നി.